UPDATES

ട്രെന്‍ഡിങ്ങ്

ചൈനയിൽ നൂറുകണക്കിന് കമ്മ്യൂണിസ്റ്റ് പാർട്ടി ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്യുന്നു

ഇവരിൽ വലിയൊരു വിഭാഗമാളുകൾ വലിയ കെട്ടിടങ്ങൾക്കു മുകളിൽ നിന്ന് ചാടുകയായിരുന്നു. ഭൂരിപക്ഷം പേരും ഓഫീസിലാണ് ആത്മഹത്യ ചെയ്തതെന്ന പ്രത്യേകതയുമുണ്ട്.

ചൈനയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഉദ്യോഗസ്ഥരുടെയും സർ‌ക്കാര്‍ ഉദ്യോഗസ്ഥരുടെയും ആത്മഹത്യ പെരുകുന്നതായി റിപ്പോർട്ട്. പകർച്ചവ്യാധി പോലെ പടരുന്ന ഈ ആത്മഹത്യാ പ്രവണതയുടെ കാരണം ഇപ്പോഴും വ്യക്തമല്ല. ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇക്കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം ആത്മഹത്യ ചെയ്ത പാർട്ടി-സർക്കാർ ഉദ്യോഗസ്ഥരുടെ എണ്ണം അഞ്ച് ആണ്. 2009നും 2017നും ഇടയിൽ 283 പാർട്ടി-സർക്കാർ ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്തു.

യഥാർത്ഥ കണക്കുകള്‍ ഇതിലും കൂടുതലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. പുറത്തു വിട്ടിട്ടില്ലാത്ത ആത്മഹത്യാ വിവരങ്ങളും ഉണ്ടാകാമെന്നതാണ് കാരണമെന്ന് ഈ വിഷയത്തിൽ ഗവേഷണം നടത്തിയ ചൈനീസ് അക്കാദമി ഓഫ് സയൻസസ് പറയുന്നു.

2017ൽ മാത്രം 40 ഉദ്യോഗസ്ഥരാണ് ആത്മഹത്യ ചെയ്തത്. ഇവരിൽ വലിയൊരു വിഭാഗമാളുകൾ വലിയ കെട്ടിടങ്ങൾക്കു മുകളിൽ നിന്ന് ചാടുകയായിരുന്നു. ഭൂരിപക്ഷം പേരും ഓഫീസിലാണ് ആത്മഹത്യ ചെയ്തതെന്ന പ്രത്യേകതയുമുണ്ട്.

ഇതിന്റെ കാരണമായി ചൈനീസ് അക്കാദമി ഓഫ് സയൻസസ് പറയുന്നത് തൊഴിൽ സമ്മർദ്ദമാണ്. വളരെ കുറഞ്ഞ സമയം നൽകി ജോലി തീർക്കാനാവശ്യപ്പെടുന്നത് ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കുന്നു. വിവാഹജീവിതത്തിനും കുടുംബജീവിതത്തിനും സമയം കിട്ടാതെ വരുന്ന അവസ്ഥ പോലുമുണ്ട്.

നിലവിൽ കൂടുതൽ സജീവമായിട്ടുള്ള സർക്കാരിന്റെ അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾ ആത്മഹത്യക്ക് കാരണമല്ലെന്നും ഗവേഷകസ്ഥാപനം ചൂണ്ടിക്കാട്ടുന്നു. പ്രസിഡണ്ട് സി ജിങ് പിങ് നടത്തുന്ന അഴിമതിവിരുദ്ധയുദ്ധം ഉദ്യോഗസ്ഥരിൽ ആത്മഹത്യയോളം പോന്ന സമ്മർദ്ദമൊന്നും ചെലുത്തുന്നില്ലെന്നാണ് വിലയിരുത്തൽ.

എന്നാൽ, ഈ സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ചിലർ പറയുന്നത്. അഴിമതി ചെയ്യുന്ന ഉദ്യോഗസ്ഥർ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും സർക്കാരിൽ നിന്നും കടുത്ത സമ്മർദ്ദം നേരിടുന്നുണ്ടാകാം. ഇത് ആത്മഹത്യക്ക് കാരണമാകുന്നുണ്ടാകാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍