UPDATES

വിദേശം

ഡോറിയന്‍ വിതച്ചത് കനത്ത നാശനഷ്ടം; വെള്ളപ്പൊക്കത്തില്‍ കുടുങ്ങിവര്‍ ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയ അവശ്യ വസ്തുക്കളുടെ അഭാവംമൂലം കഷ്ടപ്പെടുന്നു

‘ഞങ്ങള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തെയാണ് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്’ എന്ന് ബഹാമിയന്‍ പ്രധാനമന്ത്രി

ഡോറിയന്‍ ചുഴലിക്കാറ്റിന്റെ ഭീതിയിലാണ് അമേരിക്കന്‍ ഐക്യനാടുകള്‍. ഇതിനകംതന്നെ ബഹാമസ് ദ്വീപുകളില്‍ കനത്ത നാശനഷ്ടമുണ്ടാക്കി നീങ്ങുന്ന കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും അപകടസാധ്യത ഒഴിഞ്ഞിട്ടില്ല. എല്ലാവരും ബഹമാസിനായി അടിയന്തിര സഹായം എത്തിക്കണമെന്ന് അമേരിക്ക ആഹ്വാനം ചെയ്തു. ഗ്രാന്‍ഡ് ബഹാമ, അബാക്കോ ദ്വീപുകളിലെ ആയിരക്കണക്കിന് ആളുകള്‍ക്കാണ് വീടുകള്‍ നഷ്ടപ്പെട്ടത്. വെള്ളപ്പൊക്കത്തില്‍ കുടുങ്ങിപ്പോയവര്‍ ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയ അവശ്യ വസ്തുക്കളുടെ അഭാവംമൂലം കഷ്ടപ്പെടുകയാണ്. അന്താരാഷ്ട്ര സമൂഹത്തിന്റെ ഭാഗത്തുനിന്നും അടിയന്തിര ശ്രദ്ധ ഉണ്ടായില്ലെങ്കില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുമെന്ന് ഐക്യരാഷ്ട്രസഭ, യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്, നസ്സാവുവിലെ യുഎസ് എംബസി എന്നിവര്‍ സംയുക്തമായി പറയുന്നു.

‘ഞങ്ങള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തെയാണ് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്’ എന്ന് ബഹാമിയന്‍ പ്രധാനമന്ത്രി ഹുബര്‍ട്ട് മിന്നിസ് പറഞ്ഞു. അത്രയ്ക്ക് അഭൂതപൂര്‍വവും വിപുലവുമായ നാശനഷ്ടങ്ങളാണ് അവിടെ ഉണ്ടായിരിക്കുന്നത്. വെറും അഞ്ച് മൈല്‍ വീതിയുള്ള ഗ്രാന്‍ഡ് ബഹാമ കടന്നുപോകാന്‍ 36 മണിക്കൂറോളമാണ് ഡോറിയന്‍ എടുത്തത്. മരണസംഖ്യ ഏഴായി ഉയര്‍ന്നു. കൂടുതല്‍ പേര്‍ മരിച്ചിരിക്കാമെന്നാണ് അനുമാനിക്കുന്നത്. അതിവിപുലവും ഏകോപിതവുമായ ശ്രമങ്ങള്‍ ഉണ്ടായാല്‍ മാത്രമേ ഈ ദ്വീപുകള്‍ ഇനി പുനര്‍നിര്‍മ്മിക്കാന്‍ കഴിയൂ.

കാറ്റഗറി 5 കൊടുങ്കാറ്റായി വളര്‍ന്ന് മണിക്കൂറില്‍ 335 കിലോമീറ്റര്‍ വേഗതയിലാണ് അബാക്കോയിലേക്ക് ഡോറിയന്‍ പ്രവേശിച്ചത്. 18 അടിയിലേറെ ഉയര്‍ന്ന തിരമാലകള്‍ ദുരന്തത്തിന്റെ ആക്കം കൂട്ടി. വീടുകളുടെ മേല്‍ക്കൂരകള്‍ തകരുകയും വാഹനങ്ങളടക്കം പാറിപ്പോവുകയും ചെയ്തു. എന്നാല്‍ പ്യൂര്‍ട്ടോറിക്കോയില്‍ കാര്യമായ നാശനഷ്ടം ഉണ്ടാക്കിയിട്ടില്ല. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ഭീകരമായ കൊടുങ്കാറ്റുകള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ സമീപ കാലത്തായി ആഞ്ഞടിക്കുന്ന ഏറ്റവും ശക്തിയേറിയ രണ്ടാമത്തെ ചുഴലിക്കാറ്റാണ് ഡോറിയന്‍. ഇതിന് മുമ്പ് 1935-ലുണ്ടായ ലൈബര്‍ ഡേ ചുഴലിക്കാറ്റാണ് ഇതിനുമുന്‍പുണ്ടായ ഏറ്റവും ശക്തവും വിനാശകാരിയുമായ ചുഴലിക്കാറ്റ്.

Read: പാകിസ്താന്‍ ലോകത്തെ ഏറ്റവും ‘അപകടകാരി’യായ രാജ്യമെന്ന് യുഎസ് മുന്‍ വിദേശകാര്യ സെക്രട്ടറി

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍