UPDATES

വിദേശം

ട്രംപിനെ ആരെങ്കിലും കൊലപ്പെടുത്തിയിരുന്നെങ്കില്‍: അമേരിക്കന്‍ സെനറ്ററുടെ പോസ്റ്റ് വിവാദത്തില്‍

പോസ്റ്റ് വിവാദമായതോടെ എഫ്ബിഐ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ആരെങ്കിലും വധിച്ചിരുന്നെങ്കിലെന്ന സെനറ്റര്‍ മരിയ ഷാപ്പെല്ലെ നദാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍. ഡെമോക്രാറ്റിക് അംഗവും മിസൗറിയില്‍ നിന്നുള്ള സെനറ്ററുമായ മരിയയുടെ രാജി ആവശ്യപ്പെട്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്. എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും രാജിവയ്ക്കില്ലെന്നുമാണ് മരിയയുടെ നിലപാട്.

ഷര്‍ലോട്‌സ്‌വിലെയില്‍ വെളുത്തവര്‍ഗ്ഗക്കാരുടെ ആധിപത്യം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ റാലിയ്ക്കിടെ അക്രമമുണ്ടായിരുന്നു. അക്രമത്തിനെതിരെ ട്രംപ് നടത്തിയ പ്രതികരണത്തില്‍ പ്രതിഷേധിച്ച് മരിയ ഇട്ട ഫേസ്ബുക്ക് പോസ്‌റ്റോടെയാണ് പുതിയ വിവാദം ആരംഭിച്ചത്. അക്രമത്തില്‍ രണ്ട് കൂട്ടരും കുറ്റക്കാരാണെന്ന ട്രംപിന്റെ പരാമര്‍ശമാണ് മരിയയെ പ്രകോപിതയാക്കിയത്. താന്‍ ട്രംപിനെ വെറുക്കുന്നുവെന്നും അയാള്‍ തനിക്ക് തുടര്‍ച്ചയായി മാനസിക ആഘാതവും തലവേദനയും സൃഷ്ടിക്കുന്നുവെന്നുമാണ് മരിയ ഫേസ്ബുക്കില്‍ കുറിച്ചത്.

എന്നാല്‍ ഇതിന് മറുപടിയായി ഒരാള്‍ ‘ട്രംപിന്റെ രഹസ്യ സര്‍വീസിലാണ് എന്റെ ബന്ധു ജോലി ചെയ്യുന്നത്. ആറ് വര്‍ഷത്തേക്കാണ് കരാര്‍. നാല് വര്‍ഷം ഒബാമയ്‌ക്കൊപ്പം ജോലി ചെയ്തു. ഇനി രണ്ട് വര്‍ഷം ഈ വിഡ്ഢിക്കൊപ്പം ജോലി ചെയ്യണമെന്ന്’ കമന്റിട്ടു. ഇതിന് മറുപടിയായാണ് മരിയ വിവാദ കമന്റിട്ടത്. ‘ട്രംപിനെ ആരെങ്കിലും കൊലപ്പെടുത്തുമെന്ന് താന്‍ പ്രതീക്ഷിക്കുന്നു’ എന്നാണ് മരിയ പിന്നീട് പോസ്റ്റിട്ടത്.

ട്രംപിനെ വേദനിപ്പിക്കാന്‍ താന്‍ ആഗ്രഹിച്ചില്ലെന്നും എന്നാല്‍ അദ്ദേഹത്തിന്റെ ഭരണത്തിലുള്ള നിരാശയില്‍ നിന്നാണ് അങ്ങനെ പറഞ്ഞതെന്നും പിന്നീട് മരിയ വിശദീകരിച്ചു. പോസ്റ്റ് വിവാദമായതോടെ എഫ്ബിഐ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍