UPDATES

വിദേശം

റഷ്യൻ മിലിറ്ററി ഇന്റലിജൻസ് തലവന്റെ മരണം സംശയങ്ങളുയർത്തുമ്പോൾ

കോറൊബോവിന്റെ മരണത്തിൽ സംശയിക്കത്തക്കതായി ചിലതുണ്ടെന്ന് പലരും കരുതുന്നതിനു കാരണം ഇതൊക്കെയാണ്.

ഇക്കഴിഞ്ഞ ദിവസമാണ് റഷ്യൻ മിലിറ്ററി ഇന്റലിജൻസ് തലവനായ ജനറൽ ഇഗോർ കോറൊബോവിന്റെ മരണം അന്തർദ്ദേശീയ മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 62 വയസ്സുള്ള കോറൊബോവിന്റെ മരണം കാൻസർ ബാധയെത്തുടർന്നാണ് എന്നാണ് റഷ്യൻ മിലിട്ടറി പുറത്തിറക്കിയ വാർത്താക്കുറിപ്പ് സൂചിപ്പിച്ചിരുന്നത്. ദീർഘകാലമായി ഗുരുതരമായ രോഗബാധയിലായിരുന്നു കോറൊബോവ് എന്നാണ് വാർത്താക്കുറിപ്പിലെ വാക്കുകൾ.

അന്തർദ്ദേശീയ തലത്തിൽ, പ്രത്യേകിച്ചും പടിഞ്ഞാറൻ നാടുകളിൽ റഷ്യയുടെ മിലിറ്ററി ഇന്റലിജൻസായ GRU ഒരു പ്രദാന ചർച്ചാ വിഷയമാണ് കുറച്ചു കാലമായി. അമേരിക്കൻ തെരഞ്ഞെടുപ്പിൽ ആരോപിക്കപ്പെടുന്ന റഷ്യൻ ഇടപെടലിന് നേതൃത്വം നൽകിയത് ജിആർയു ആണെന്നതാണ് കാരണങ്ങളിലൊന്ന്.

മറ്റൊന്ന് യുകെയുടെ ചാരനായി പ്രവർത്തിച്ചിരുന്ന സെർജീ സ്ക്രിപാലിനെയും അദ്ദേഹത്തിന്റെ മകളായ യൂലിയ സ്ക്രിപാലിനെയും കൊല്ലാൻ നടന്ന ശ്രമം സംബന്ധിച്ചുണ്ടായ വിവാദങ്ങളാണ്. നേരത്തെ റഷ്യയുടെ മിലിട്ടറി ഓഫീസറായി പ്രവർത്തിച്ചിരുന്ന സെർജി പിന്നീട് യുകെയുടെ ചാരനായി മാറുകയായിരുന്നു. ഇദ്ദേഹത്തെയും മകളെയും കൊല ചെയ്യാൻ രണ്ടുപേർ നിയോഗിക്കപ്പെടുകയുണ്ടായി. ഇവരുടെ ശ്രമം പക്ഷെ പരാജയപ്പെട്ടു. സെർജീയും മകളും ആഴ്ചകളോളം ആശുപത്രിയിൽ കഴിഞ്ഞെങ്കിലും രക്ഷപ്പെട്ടു. യുഎസ്എസ്ആറിന്റെ കാലത്ത് സൃഷ്ടിച്ചെടുത്ത ‘നോവിചോക് നെർവ് ഏജന്റ്’ ഉപയോഗിച്ചായിരുന്നു കൊലപാതകശ്രമം.

ഈ ശ്രമം നടന്നത് കൊറൊബോവ് മിലിറ്ററി ഇന്റലിജൻസ് തലവനായിരുന്ന കാലത്താണ്. 2018 മാർച്ച് മാസത്തിൽ. യുകെയുമായുള്ള നയതന്ത്ര ബന്ധത്തിൽ വലിയ പ്രശ്നങ്ങളുണ്ടാക്കി ഈ സംഭവം. ഇത്തരത്തിൽ നിരവധി പാളിച്ചകൾ റഷ്യൻ മിലിറ്ററി ഏജൻസിയിൽ നിന്നുമുണ്ടായതിനെ തുടർന്ന് പ്രസിഡണ്ട് വ്ലാദ്മിർ പുടിന്റെ അതൃപ്തിയും കോറൊബോവ് സമ്പാദിക്കുകയുണ്ടായി.

കോറൊബോവിന്റെ മരണത്തിൽ സംശയിക്കത്തക്കതായി ചിലതുണ്ടെന്ന് പലരും കരുതുന്നതിനു കാരണം ഇതൊക്കെയാണ്.

എന്നാൽ, ഇങ്ങനെ സംശയിക്കാൻ മാത്രം യാതൊന്നുമില്ലെന്നാണ് റഷ്യ പറയുന്നത്. കുറച്ചുകാലമായി അദ്ദേഹം രോഗബാധിതനായിരുന്നു. അടുത്താകലത്തെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ തന്നെ ഇതിനു തെളിവാണെന്നും റഷ്യ ചൂണ്ടിക്കാട്ടി. വളരെ ക്ഷീണിതനായിരുന്നു കോറൊബോവ് എന്നതിന് പ്രസ്തുത ചിത്രങ്ങൾ തന്നെ തെളിവാണെന്ന് റഷ്യൻ അധികാരികൾ പറയുന്നു.

എന്നാൽ GRU ഓപ്പറേഷനുകളെപ്പറ്റി പഠനങ്ങൾ നടത്തിയിട്ടുള്ള മാധ്യമപ്രവർത്തകൻ ഇക്കാര്യത്തിൽ സംശയാലുവാണ്. അദ്ദേഹം പറയുന്നതു പ്രകാരം ‘കൃത്യ സമയത്ത് എത്തിച്ചേർന്ന കാൻസർ’ ആണ് കോറൊബോവിന്റേത്!

റഷ്യയുടെ ഏറ്റവും രഹസ്യാത്മകത പുലർത്തുന്ന ഇന്റലിജന്‍സ് ഏജൻസിയാണ് GRU. ഇതിന്റെ തലവന്മാർ പൊതുസമൂഹത്തോടോ മാധ്യമങ്ങളോടോ ബന്ധം സൂക്ഷിക്കുക പതിവില്ല. കോറൊബോവും അങ്ങനെത്തന്നെയാണ് കഴിഞ്ഞിരുന്നത്. വളരെ അപൂർവ്വമായി മാത്രം സംസാരിച്ചു. മാധ്യമങ്ങളിലും അപൂർവ്വമായി പ്രത്യക്ഷപ്പെട്ടു. GRUവിന്റെ ഓപ്പറേഷനുകളെപ്പറ്റി ധാരാളം വിവരങ്ങൾ കൈവശമുള്ളയാളാണ് കോറൊബോവ്. സ്ക്രിപാലിനെ കൊല്ലാൻ നടത്തിയ ശ്രമങ്ങളെക്കുറിച്ചും വ്യക്തമായ അറിവ് ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇതെല്ലാം കോറൊബോവിന്റെ മരണത്തെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന കാര്യങ്ങളാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍