UPDATES

വിദേശം

‘എപ്പോള്‍ വേണമെങ്കിലും ഞാന്‍ കൊല്ലപ്പെട്ടേക്കാം’: ചരിത്രത്തിലാദ്യമായി അമേരിക്കന്‍ കോണ്‍ഗ്രസിലെത്തിയ മുസ്ലിം വനിത ഇല്‍ഹാന്‍ ഒമര്‍

ഇസ്രായേലിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളുടെ പേരില്‍ ഇല്‍ഹാനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കാനുള്ള പ്രമേയം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് അലബാമയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി.

‘എപ്പോള്‍ വേണമെങ്കിലും ഞാന്‍ കൊല്ലപ്പെട്ടേക്കാം’ എന്ന് ചരിത്രത്തിലാദ്യമായി അമേരിക്കന്‍ കോണ്‍ഗ്രസിലെത്തിയ മുസ്ലിം വനിതയായ ഇല്‍ഹാന്‍ ഒമര്‍. നിരന്തരം അജ്ഞാത വധഭീഷണികള്‍ വരുന്നതുകൊണ്ടാണ് ഇപ്പോള്‍ സുരക്ഷാ ഗാര്‍ഡുകളുമായി നടക്കേണ്ടി വരുന്നതെന്ന് അവര്‍ പറയുന്നു. ‘പ്രസിഡന്റ് ട്രംപ് പറഞ്ഞത് ശരിയാണ്, സൊമാലിയയിലേക്ക് മടങ്ങണം’ എന്ന് റോയ് മൂര്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഇല്‍ഹാന്‍ ഒമറിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കണമെന്ന് അലബാമയില്‍നിന്നുള്ള റിപ്പബ്ലിക്കന്‍മാര്‍ ആവശ്യപ്പെടുകയും ചെയ്തു. അതിനോട് പ്രതികരിക്കുകയായിരുന്നു ഇല്‍ഹാന്‍.

‘സഹമനുഷ്യരില്‍ നിന്നും സംരക്ഷിക്കപ്പെടേണ്ട ഒരു ലോകത്ത് ജീവിക്കേണ്ടി വരുന്നതില്‍ വെറുപ്പ് തോന്നുന്നു.’ എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍, ‘ഇതുപോലുള്ള അസ്വസ്ഥരായ ആളുകള്‍, എന്റെയും മറ്റുള്ളവരുടേയും ജീവിതത്തിന് ഭീഷണിയായി ഉയരുന്ന കാലത്തോളം, സുരക്ഷ ഉണ്ടായിരിക്കുകയെന്ന യാഥാര്‍ത്ഥ്യം ഞാന്‍ അംഗീകരിക്കുകയും ചെയ്യുന്നു’ എന്ന് ഒമര്‍ കൂട്ടിച്ചേര്‍ത്തു. 12 വയസ്സുള്ളപ്പോഴാണ് സോമാലിയയില്‍നിന്നും അഭയാര്‍ത്ഥിയായി ഒമറിന്റെ കുടുംബം അമേരിക്കയില്‍ എത്തുന്നത്.

ഇസ്രായേലിനോടുള്ള അവരുടെ നിലപാടുകള്‍ യാഥാസ്ഥിതിക വിഭാഗത്തെ പലതവണ ചൊടിപ്പിച്ചിട്ടുണ്ട്. ഇല്‍ഹാന്‍ ഒരു യഹൂദവിരുദ്ധയാണെന്ന ആരോപണം അവര്‍ ശക്തമായി ഉന്നയിക്കുന്നുമുണ്ട്. യുഎസ്-ഇസ്രായേല്‍ ബന്ധത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നുപോലും ഇല്‍ഹാന് എതിര്‍പ്പ് നേരിടേണ്ടി വന്നിട്ടുണ്ട്. ഇസ്രായേലിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളുടെ പേരില്‍ ഇല്‍ഹാനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കാനുള്ള പ്രമേയം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് അലബാമയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി.

‘മിനസോട്ടയിലെ അഞ്ചാമത്തെ ജില്ലയിലുള്ള ജനങ്ങള്‍ 78% വോട്ട് നല്‍കിയാണ് എന്നെ തിരഞ്ഞെടുത്തത്. അല്ലാതെ അലബാമയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയല്ല’ എന്നാണ് ഇല്‍ഹാന്‍ അതിനെ തിരിച്ചടിച്ചത്. കൂടാതെ ലൈംഗീകാരോപണം നേരിടുന്ന റോയ് മൂറിനെതിരെയും അവര്‍ സംസാരിച്ചിരുന്നു. തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും നിഷേധിച്ച 71-കാരനായ മൂര്‍ പരാതി ഉന്നയിച്ച മൂന്നു സ്ത്രീകള്‍ക്കെതിരെ കഴിഞ്ഞമാസം മാനനഷ്ടക്കേസ് നല്‍കിയിരുന്നു. ട്രംപിന്റെ വാക്കുകള്‍ അതേപടി ആവര്‍ത്തിക്കുന്ന മൂര്‍, ഇല്‍ഹാന്‍ ഇസ്രായേലിന്റെ ശത്രുവാണെന്നാണെന്നായിരുന്നു കഴിഞ്ഞ ദിവസം പറഞ്ഞത്.

Read: പാകിസ്താനില്‍ സിഖ് യുവതിയെ തട്ടികൊണ്ടുപോയി ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്തി; ഇംമ്രാന്റ സഹായം തേടി കുടുംബങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍