UPDATES

വിദേശം

ട്രംപ് ഇംപീച്മെന്റ് ഭീഷണിയുടെ നിഴലില്‍

മുന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക്കിള്‍ ഫ്‌ളിന്നിനെതിരായ അന്വേഷണം അവസാനിപ്പിക്കാന്‍ കോമിയോട് ട്രംപ് ആവശ്യപ്പെട്ടെന്ന് മാധ്യമ റിപ്പോര്‍ട്ട്

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിയമപാലനത്തിന് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു എന്ന ആരോപണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്ത് വരികയും, അദ്ദേഹത്തെ ഇംപീച്ച് ചെയ്യാനുള്ള സാധ്യതകളെ കുറിച്ച് അദ്ദേഹത്തിന്റെ സ്വന്തം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നുള്‍പ്പെടെയുള്ള നിരവധി രാഷ്ട്രീയ നേതാക്കള്‍ ആരായുകയും ചെയ്തതോടെ ട്രംപിന്റെ പ്രസിഡന്റ് സ്ഥാനം കൂടുതല്‍ കുരുക്കുകളിലേക്ക് നീങ്ങുകയാണ്.

എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമിയെ ട്രംപ് സ്ഥാനത്ത് നിന്നും നീക്കി കൃത്യം ഒരാഴ്ച പിന്നിടുമ്പോഴേക്കും, മുന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക്കിള്‍ ഫ്‌ളിന്നിനെതിരായ അന്വേഷണം അവസാനിപ്പിക്കാന്‍ കോമിയോട് പ്രസിഡന്റ് ആവശ്യപ്പെട്ടതായി ആരോപിക്കുന്ന റിപ്പോര്‍ട്ടുകളോട് പോരാടേണ്ട അവസ്ഥയാണ് വൈറ്റ് ഹൗസിന് സംജാതമായിരിക്കുന്നത്.

ഓവല്‍ ഓഫീസില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ഒരു യോഗത്തില്‍ വച്ചാണ് കോമിയോട് ട്രംപ് ഈ അഭ്യര്‍ത്ഥന നടത്തിയതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച സ്‌ഫോടനാത്മകമായ റിപ്പോര്‍ട്ട് പറയുന്നത്. യോഗത്തില്‍ കോമിക്ക് ഒരു മെമ്മോയിലൂടെ വിശദീകരണം നല്‍കുകയും ഇത് അദ്ദേഹത്തിന്റെ ഒരു സഹായി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുകയുമായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ജോലിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട ഫ്‌ളിന്‍, റഷ്യയുമായുള്ള രാഷ്ട്രീയ ബന്ധത്തെ കുറിച്ചുള്ള എഫ്ബിഐയുടെ അന്വേഷണം നേരിടുന്ന ട്രംപിന്റെ നിരവധി അനുയായികളില്‍ ഒരാളാണ്. ‘ഈ കേസ് ഒഴിവാക്കുന്നതിനും ഫ്‌ളിന്നിനെ ഒഴിവാക്കുന്നതിനുള്ള മാര്‍ഗ്ഗം നിങ്ങള്‍ക്ക് വ്യക്തമാണ് എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,‘ എന്ന് കോമിയോട് ട്രംപ് പറഞ്ഞതായി മെമ്മോയെ ഉദ്ധരിച്ചുകൊണ്ട് ടൈംസും എന്‍ബിസിയും റിപ്പോര്‍ട്ട് ചെയ്തു. ‘അയാള്‍ ഒരു നല്ല മനുഷ്യനാണ്, ഇത് ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.’

റഷ്യന്‍ ബന്ധത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ നിന്നും രക്ഷപ്പെട്ട ജഫ് സെഷന്‍സിന്റെ, അറ്റോര്‍ണി ജനറലായുള്ള നിയമനത്തിന് സെനറ്റ് അംഗീകാരം നല്‍കിയ ശേഷം ഫെബ്രുവരി 14നാണ് ഈ യോഗം നടന്നത്.

എന്നാല്‍, ‘ജനറല്‍ ഫ്‌ളിന്‍ മാന്യനായ ഒരു വ്യക്തിയാണെന്നും നമ്മുടെ രാജ്യത്തെ സേവിക്കുകയും സംരക്ഷിക്കുകയും ചെയ്തിട്ടുണ്ടെന്നുമുള്ള തന്റെ കാഴ്ചപ്പാട് ആവര്‍ത്തിച്ച് പ്രകടിപ്പിച്ചതല്ലാതെ, ജനറല്‍ ഫ്‌ളിന്‍ ഉള്‍പ്പെടുന്ന ഒരന്വേഷണവും നിറുത്തിവെക്കണമെന്ന് കോമിയോടുള്‍പ്പെടെ ഒരു വ്യക്തിയോടും പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടില്ല. നമ്മുടെ നിയമപരിപാലന ഏജന്‍സികളോടും എല്ലാ അന്വേഷണങ്ങളോടും അങ്ങേയറ്റത്തെ ബഹുമാനമുള്ളയാണ് പ്രസിഡന്റ്. പ്രസിഡന്റും കോമിയും തമ്മില്‍ നടന്ന സംഭാഷണത്തിന്റെ സത്യസന്ധമോ കൃത്യമോ ആ വിവരങ്ങളല്ല പുറത്തുവന്നിരിക്കുന്നത്,‘ എന്ന് വൈറ്റ് ഹൗസ് പുറപ്പെടുവിച്ച ഒരു പ്രസ്താവനയില്‍ പറഞ്ഞു.

‘ഈ ദിവസം വരെ നമ്മുടെ അന്വേഷണത്തെ തടസപ്പെടുത്തുന്നതിനുള്ള ഒരു ശ്രമവും നടന്നിട്ടില്ല,’ എന്ന് എഫ്ബിഐ ഡയറക്ടറുടെ താല്‍ക്കാലിക ചുമതല വഹിക്കുന്ന ആന്‍ഡ്ര്യൂ മക്കാബെ സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയിട്ടുണ്ട്.

‘ഈ അന്വേഷണം ഊര്‍ജ്ജസ്വലമായും പൂര്‍ണമായും എഫ്ബിഐ മുന്നോട്ട് കൊണ്ടുപോകുമെന്നാണ് എന്റെ അഭിപ്രായവും വിശ്വാസവും,’ എന്നും മക്കാബെ കൂട്ടിച്ചേര്‍ത്തു.

റഷ്യന്‍ ബന്ധത്തെ കുറിച്ചുള്ള അന്വേഷണം അവസാനിപ്പിക്കാന്‍ കോമിയോട് ആവശ്യപ്പെട്ടു എന്ന വാര്‍ത്ത ട്രംപ് നേരിട്ട് നിഷേധിച്ചിട്ടുമുണ്ട്.

വൈറ്റ് ഹൗസിനെ താഴ്ത്തിക്കെട്ടുന്ന തരത്തില്‍ ഹാനികരമായ വാര്‍ത്താ പരമ്പരയില്‍ ഏറ്റവും ഒടുവിലത്തേതാണ് ചൊവ്വാഴ്ചത്തെ വെളിപ്പെടുത്തലുകള്‍.

ഇസ്ലാമിക് സ്റ്റേറ്റ് നടത്താന്‍ തയ്യാറെടുക്കുന്ന പുതിയ ആക്രമണത്തെ കുറിച്ചുള്ള ‘അതീവ രഹസ്യവിവരങ്ങള്‍’ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്രോയോടും യുഎസിലെ റഷ്യന്‍ സ്ഥാനപതി സെര്‍ജി കിഷ്‌ല്യാക്കിനോടും ട്രംപ് വെളിപ്പെടുത്തിയെന്ന് തിങ്കളാഴ്ച വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു യുഎസ് സഖ്യരാജ്യത്തില്‍ നിന്നാണ് ഭരണകൂടത്തിന് രഹസ്യവിവരം ലഭിച്ചത്. ഇസ്രായേലാണ് ഈ രാജ്യം എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇത് ഇരുവിഭാഗങ്ങളിലുമുള്ള നിയമനിര്‍മ്മാതാക്കളില്‍ ആശയക്കുഴപ്പവും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ട്. സുപ്രധാനമായ രഹസ്യവിവരങ്ങള്‍ കൈമാറാനുള്ള പ്രസിഡന്റിന്റെ ശേഷിയെ ഇരുഭാഗങ്ങളിലും ഉള്ളവര്‍ ചോദ്യം ചെയ്യുന്നു.

ക്ലാസിഫൈഡോ അല്ലാത്തതോ ആയ, തനിക്ക് താത്പര്യമുള്ള ഏത് വിവരങ്ങളും വെളിപ്പെടുത്താനുള്ള ‘ആത്യന്തിക അധികാരം’ തനിക്കുണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഈ റിപ്പോര്‍ട്ടുകളെ ട്വിറ്ററിലൂടെ ട്രംപ് ശരിവെച്ചു.

ഫ്‌ളിന്‍ ‘ഒത്തുതീര്‍പ്പുകള്‍ നടത്തിയതായും’ റഷ്യക്കാരുടെ ‘ഭീഷണിക്ക് വഴങ്ങാന്‍ സാധ്യതയുണ്ടെന്നും,’ ഒരു മുതിര്‍ന്ന ട്രംപ് സഹായിക്ക് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി മുന്‍ താല്‍ക്കാലിക അറ്റോര്‍ണി ജനറല്‍ സാലി യേറ്റ്‌സ് ഒരു സെനറ്റ് പാനലിനോട് പറഞ്ഞതിന്റെ തൊട്ടടുത്ത ദിവസം എഫ്ബിഐ തലവന്‍ കോമിയെ പുറത്താക്കാന്‍ ട്രംപ് കൈക്കൊണ്ട ധൃതിപിടിച്ച തീരുമാനം കഴിഞ്ഞ ആഴ്ച വൈറ്റ് ഹൗസിനെ കുഴപ്പത്തിലാക്കിയിരുന്നു.

സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന സമയത്ത് ഹിലരി ക്ലിന്റണ്‍ സ്വകാര്യ ഇ-മെയില്‍ സര്‍വര്‍ ഉപയോഗിച്ചതിനെ കുറിച്ചുള്ള അന്വേഷണം കോമി കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിക്കുന്ന ഡപ്യൂട്ടി അറ്റോര്‍ണി ജനറല്‍ റോഡ് റോസെന്‍സ്‌റ്റൈന്റെ ഒരു കത്താണ് പിരിച്ചുവിടലിനെ ന്യായീകരിച്ചുകൊണ്ട് ഭരണകൂടം ആദ്യം ചൂണ്ടിക്കാണിച്ചത്.

പിന്നീട് ട്രംപിന്റെ മുതിര്‍ന്ന ഉപദേശകരില്‍ ഒരാളായ കെല്ലിയാന കോണ്‍വേ ചൂണ്ടിക്കാണിച്ചത് പോലെ, കോമിയുടെ ‘പ്രകടനത്തില്‍’ പ്രസിഡന്റ് സംതൃപ്തനല്ല എന്ന വാദം പിന്നീട് വൈറ്റ് ഹൗസ് മുന്നോട്ട് വച്ചു. എഫ്ബിഐ ഡയറക്ടര്‍ ‘തൃപ്തികരമായ രീതിയിലല്ല പ്രവര്‍ത്തിക്കുന്നത്’ എന്ന് ട്രംപ് തന്നെ പറഞ്ഞു.

കോമിയെ പിരിച്ചുവിടുന്നതിന് മുമ്പ് ‘റഷ്യന്‍ പ്രശ്‌നം’ പരിഗണിച്ചിരുന്നതായി എന്‍ബിസിയുടെ ലെസ്റ്റര്‍ ഹോള്‍ട്ടിന് നല്‍കിയ അഭിമുഖത്തില്‍ പിറ്റെ ദിവസം ട്രംപ് വെളിപ്പെടുത്തി.

‘അത് ചെയ്യുന്നതിന് നല്ലൊരു സമയം ഇല്ല എന്ന് തിരിച്ചറിഞ്ഞുകൊണ്ടു തന്നെയാണ് കോമിയെ ഞാന്‍ പിരിച്ചുവിടാന്‍ പോയത്,’ എന്ന് ട്രംപ് പറഞ്ഞു. ‘മാത്രമല്ല അങ്ങനെ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍, ‘ഈ റഷ്യയും ട്രംപും തമ്മിലുള്ള റഷ്യന്‍ പ്രശ്‌നം കെട്ടിച്ചമച്ച ഒരു കഥയാണ്, തിരഞ്ഞെടുപ്പില്‍ തോറ്റതിന് ഡെമോക്രാറ്റുകള്‍ കണ്ടെത്തിയ ഒരു ന്യായം മാത്രമാണത്’ എന്ന് ഞാന്‍ എന്നോട് തന്നെ പറഞ്ഞു.’ ട്രംപ് കൂട്ടിച്ചേര്‍ത്തു.

ജനുവരി 27ന് നടന്ന ഒരു സ്വകാര്യ അത്താഴവിരുന്നില്‍ വച്ച് തന്റെ ‘കൂറ്’ പ്രതിജ്ഞ ചെയ്യാന്‍ ട്രംപ് കോമിയോട് ആവശ്യപ്പെട്ടതായി അന്ന് തന്നെ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തനിക്ക് ‘സത്യസന്ധത’ മാത്രമേ വാഗ്ദാനം ചെയ്യാന്‍ സാധിക്കൂവെന്ന് കോമി ഇതിന് മറുപടി നല്‍കിയതായി ആ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗൂഢാലോചന നടന്നിട്ടുള്ളതായി സൂചനകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഒരു പ്രത്യേക പ്രോസിക്യൂട്ടര്‍ അന്വേഷണം നടത്തണമെന്ന് നിയമനിര്‍മ്മാതാക്കളുടെ ആവശ്യം ഉള്‍പ്പെടെയുള്ളവ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്, മുന്‍ എഫ്ബിഐ ഡയക്ടറുമായുള്ള സംഭാഷണം താന്‍ റെക്കോഡ് ചെയ്തതായി സൂചന നല്‍കുന്ന ട്രംപിന്റെ ട്വീറ്റ് പുറത്തുവരികയും ചെയ്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍