ഇന്ത്യ പാകിസ്താനെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ മാധ്യമങ്ങൾ തന്നെ നിരാശപ്പെടുത്തിയെന്ന് പാകിസ്താൻ തെഹ്‌രീക് ഇ ഇൻസാഫ് തലവൻ ഇമ്രാൻ ഖാൻ. തന്നെ ഒരു ബോളിവുഡ് വില്ലനെപ്പോലെയാണ് ഇന്ത്യയിലെ മാധ്യമങ്ങൾ ചിത്രീകരിച്ചതെന്ന് അദ്ദേഹം പരാതിപ്പെട്ടു. തന്റെ സർക്കാർ വിദേശബന്ധങ്ങളിൽ പ്രത്യേകം ശ്രദ്ധ വെക്കുമെന്നും ഇന്ത്യയുമായുള്ള ബന്ധം നന്നാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താനിലെ 49 ശതമാനത്തോളം പോളിങ് സ്റ്റേഷനുകളിലെ വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ നൂറ്റിയിരുപതോളം സീറ്റുകളിൽ ഇമ്രാൻ ഖാന്റെ പാർട്ടി മുന്നിട്ടു നിൽക്കുന്നുണ്ട്.
ഒരു ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഇമ്രാൻ ഖാൻ ഇക്കാര്യം പറഞ്ഞത്. ഇന്ത്യയുമായി നല്ല ബന്ധം വേണമെന്നാഗ്രഹിക്കുന്ന പാകിസ്താൻകാരിലൊരാളാണ് താനെന്ന് അദ്ദേഹം അവകാശപ്പെട്ടു. ദാരിദ്ര്യരഹിതമായ ഒരു ഉപഭൂഖണ്ഡമാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഇരുരാജ്യങ്ങളും നല്ല ബന്ധം തുടരണമെന്നും വ്യാപാരബന്ധങ്ങൾ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധങ്ങളിൽ ഏറ്റവും വലിയ വിയോജിപ്പായി കശ്മീർ തന്നെയാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മുപ്പതു വർഷത്തോളമായി അവിടെ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നു. കശ്മീരിലെ ജനത ആവശ്യത്തിലധികം സഹിച്ചു കഴിഞ്ഞു. പരസ്പരം പഴിചാരുന്നതവസാനിപ്പിച്ച് ഇരുരാജ്യങ്ങളിലെയും നേതാക്കൾ ഒരു മേശക്കിരുപുറവും ഇരുന്ന് പരിഹാരം തേടണമെന്നും ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടു.
ഇന്ത്യ പാകിസ്താനു നേരെ ഒരു പടി മുമ്പോട്ടു വന്നാൽ തങ്ങൾ രണ്ടു പടി മുമ്പോട്ടുവരുമെന്നും നിലവിൽ ഇത് ഒരു ഭാഗത്തു നിന്നു മാത്രമേ സംഭവിക്കുന്നുള്ളൂവെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ഇന്ത്യ പാകിസ്താനെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.