UPDATES

വിദേശം

ചരിത്രനേട്ടം: വിദ്വേഷ പ്രസംഗം നടത്തുന്നവരുടെ വിവരങ്ങള്‍ ഫ്രഞ്ച് കോടതികള്‍ക്ക് നല്‍കാമെന്ന് ഫേസ്ബുക്ക് സമ്മതിച്ചു

വിദ്വേഷപ്രസംഗത്തെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഗണത്തില്‍ പെടുത്താനാകില്ലെന്ന നിലപാടാണ് ഫ്രഞ്ച് സര്‍ക്കാരിന്റേത്.

ചരിത്രത്തിലാദ്യമായി തങ്ങളുടെ പ്ലാറ്റ്ഫോമില്‍ വിദ്വേഷ പ്രസംഗം നടത്തി പ്രചരിപ്പിച്ചവരെക്കുറിച്ചുള്ള ഡാറ്റ കൈമാറാന്‍ ഫേസ്ബുക്ക് തയ്യാറാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഫേസ്ബുക്ക് രൂപം കൊണ്ടിട്ടിന്നുവരെ ഇത്തരമൊരു സഹകരണത്തിന് കമ്പനി തയ്യാറായിരുന്നില്ല. റോയിട്ടേഴ്സാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫ്രഞ്ച് നീതിന്യായ സംവിധാനത്തിനാണ് ആവശ്യപ്പെടുന്ന വിവരങ്ങള്‍ കൈമാറുക. ഇക്കാര്യം ഫ്രാന്‍സിന്റെ ഡിജിറ്റല്‍ കാര്യമന്ത്രി സെദ്രിക് ഓ സ്ഥിരീകരിച്ചു.

ആമസോണ്‍, ഫേസ്ബുക്ക് തുടങ്ങിയ അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വന്‍ കമ്പനികള്‍ക്കു മേല്‍ നിയന്ത്രണം സ്ഥാപിക്കേണ്ടുന്ന വിഷയത്തില്‍ പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണിന് ഉപദേശങ്ങള്‍ നല്‍കുന്നത് സെദ്രിക് ആണ്. 36കാരനായ ഇദ്ദേഹം മാക്രോണിന്റെ ആദ്യ രണ്ടുവര്‍ഷത്തെ പ്രസിഡണ്ട് കാലാവധിയില്‍ ഉപദേശകനായിരിക്കുകയും ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നയപരമായ നീക്കങ്ങളുടെ വിജയമായിക്കൂടി ഫേസ്ബുക്കിന്റെ ഈ നീക്കത്തെ കാണാവുന്നതാണ്.

വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കാന്‍ തീരുമാനമെടുത്തിട്ടുള്ളയാളാണ് മാക്രോണ്‍. ഇദ്ദേഹം ഫേസ്ബുക്കുമായി നടത്തിയ തുടര്‍ച്ചയായ യോഗങ്ങള്‍ക്കു ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കമ്പനി എത്തിയത്. വിദ്വേഷപ്രസംഗങ്ങളുടെ പ്രചാരണം സോഷ്യല്‍‌ മീഡിയയിലൂടെ നടക്കുന്നത് അവസാനിപ്പിക്കുന്ന കാര്യത്തില്‌ നേതൃത്വപരമായ പങ്ക് വഹിക്കണമെന്ന് കരുതുന്നയാളാണ് മാക്രോണ്‍. രാജ്യം അടുത്തകാലത്തായി നേരിടേണ്ടിവന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഫേസ്ബുക്കിന്റെ ഈ തീരുമാനമെന്നതും ശ്രദ്ധേയമാണ്.

ഇതുവരെ ഭീകരാക്രമണങ്ങള്‍ സംന്ധിച്ചും മറ്റ് ആക്രമണങ്ങള്‍ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ മാത്രമാണ് ഫേസ്ബുക്ക് കൈമാറിയിരുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കമ്പ്യൂട്ടറുകളുടെ ഐപി വിലാസവും ലഭ്യമായ മറ്റു വിവരങ്ങളും ഫേസ്ബുക്ക് കൈമാറുകയാണ് ചെയ്തു വന്നിരുന്നത്. ഇനിമുതല്‍ വിദ്വേഷ പ്രസംഗം നടത്തുന്നവരുടെ വിവരങ്ങളും ഫ്രഞ്ച് സര്‍ക്കാരിന് ഫേസ്ബുക്കില്‍ നിന്നും ലഭിക്കും.

‘വലിയ വാര്‍ത്ത’ എന്നാണ് ഫേസ്ബുക്കിന്റെ തീരുമാനത്തെ സെദ്രിക് ഓ വിശേഷിപ്പിച്ചത്. രാജ്യത്തെ നീതിന്യായ സംവിധാനത്തിന് ശരിയായി പ്രവര്‍ത്തിക്കാന്‍ ഇതുവഴി സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫ്രാന്‍സില്‍ മാത്രമാണ് ഫേസ്ബുക്ക് ഇത്തരമൊരു കാര്യം ചെയ്യുന്നതെന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് സെദ്രിക് ഓ ഡിജിറ്റല്‍ കാര്യമന്ത്രിയായി ചുമതലയേറ്റെടുത്തത്. അന്നുമുതല്‍ ഫേസ്ബുക്കിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായും മാര്‍ക്ക് സുക്കര്‍ബര്‍ഗുമായും നിരന്തരമായ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു അദ്ദേഹം.

വിദ്വേഷപ്രസംഗത്തെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഗണത്തില്‍ പെടുത്താനാകില്ലെന്ന നിലപാടാണ് ഫ്രഞ്ച് സര്‍ക്കാരിന്റേത്. അവയെ ഭീകരവാദ പ്രവര്‍ത്തനമായിത്തന്നെ കാണണമെന്ന് ഫ്രാന്‍സ് കരുതുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍