UPDATES

വിദേശം

യുഎസ് ഉപരോധം തുടങ്ങുന്നത് നവംബർ നാലിന്; എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യ പിന്മാറില്ലെന്ന് ഇറാൻ

നടപ്പ് സാമ്പത്തിക വർഷത്തിൽ ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി കൂട്ടാൻ ഇന്ത്യ തീരുമാനിച്ചിരുന്നു.

ഇറാന്റെ എണ്ണ കയറ്റുമതിയെ ലക്ഷ്യം വെച്ചുള്ള യുഎസ് ഉപരോധഭീഷണി നിലനിൽക്കെ ഇന്ത്യ രാജ്യത്തു നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇറാനിയൻ വിദേശകാര്യമന്ത്രി മൊഹമ്മദ് ജാവേദ് സരീഫ് പറഞ്ഞു. ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷ്‌മ സ്വരാജുമായി നടത്തിയ സംഭാഷണത്തിനു ശേഷമാണ് സരീഫ് ഈ പ്രസ്താവന നടത്തിയത്. ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയിൽ പങ്കെടുക്കാൻ ന്യൂയോർക്കിൽ എത്തിയതാണ് ഇരുവരും.

ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം തുടരുമെന്ന് മൊഹമ്മദ് ജാവേജ് സരീഫ് പറഞ്ഞു. നവംബർ നാലിനാണ് യുഎസ്സിന്റെ ഉപരോധം തുടങ്ങുക. യുഎസ്സും ഇറാനും തമ്മിലുള്ള ബന്ധം മാസങ്ങൾക്കു മുമ്പു തന്നെ വഷളായിത്തുടങ്ങിയിരുന്നു. മെയ് മാസത്തിൽ ഇറാനുമായുള്ള ആണവ ഉടമ്പടിയിൽ നിന്ന് യുഎസ് പിന്മാറിയിരുന്നു. പെട്രോളിയം ഉൽപാദന രാജ്യങ്ങളിൽ (Organization of the Petroleum Exporting Countries) മൂന്നാമത്തെ വലിയ എണ്ണ ഉൽപാദകരാണ് ഇറാൻ.

തങ്ങളുമായി സഖ്യമുള്ള രാജ്യങ്ങളെ ഇറാനുമായുള്ള ബന്ധത്തിൽ നിന്നും പിന്തിരിപ്പിക്കാന്‍ അമേരിക്ക ശ്രമിച്ചു വരികയാണ്. ചൈന കഴിഞ്ഞാൽ ഇറാന്റെ ഏറ്റവും വലിയ എണ്ണ ഉപഭോക്താവാണ് ഇന്ത്യ. ഇറാനിൽ നിന്നുള്ള എണ്ണ വാങ്ങൽ ഇന്ത്യ കുറച്ചു കൊണ്ടു വന്നിരുന്നു. യുഎസ് ഉപരോധത്തിൽ പങ്കുചേരേണ്ടതുണ്ടോ എന്ന കാര്യത്തിൽ നയപരമായ തീരുമാനം ഡൽഹി എടുത്തിട്ടില്ലെന്ന് റോയിട്ടേഴ്സ് റിപ്പോർട്ടിനെ ഉദ്ധരിച്ച് എൻഡിടിവി പറയുന്നു.

തങ്ങളുടെ സുഹൃത്തായ ഇന്ത്യ എല്ലാക്കാലത്തും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിന്റെയും എണ്ണ ഇറക്കുമതിയുടെയും കാര്യത്തിൽ അസന്ദിഗ്ദ്ധത പുലർത്തിയിരുന്നതായി ഇറാനിയൻ വിദേശകാര്യമന്ത്രി പറഞ്ഞു. സമഗ്രമായ സാമ്പത്തിക സഹകരണമാണ് ഇന്ത്യയുമായി ഇറാനുള്ളത്. ഈ സമഗ്രതയിൽ ഊർജ്ജപരമായ സഹകരണവും ഉൾപ്പെടുന്നു. ഇന്ത്യയുടെ വിശ്വസ്തതയുള്ള ഊർജ ഉറവിടമാണ് ഇറാനെന്നും സരീഫ് പറഞ്ഞു.

നടപ്പ് സാമ്പത്തിക വർഷത്തിൽ ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി കൂട്ടാൻ ഇന്ത്യ തീരുമാനിച്ചിരുന്നു. എണ്ണ ഇന്ത്യയിലെത്തിക്കുന്നതിന്റെ ചെലവുകളും ഇറാൻ ഏറ്റെടുത്തതാണ് ഇതിന്റെ പ്രധാന കാരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍