UPDATES

വിദേശം

മലയാളി യുവാവിന്റെ മരണത്തിൽ പ്രതി കുറ്റക്കാരനെന്ന് കോടതി; ‘ഇനി പ്രവീണിന് ശാന്തമായുറങ്ങാ’മെന്ന് അമ്മ

രാഷ്ട്രീയക്കാരുടെയും സോഷ്യൽ മീഡിയയുടെയുമെല്ലാം പിന്തുണ നേടി വലിയൊരു പ്രക്ഷോഭമാക്കി തന്റെ സമരത്തെ മാറ്റിയെടുക്കാൻ ലവ്‍ലിക്കായി.

ലവ്‌ലി വർഗീസ് കഴിഞ്ഞ നാലു വർ‌ഷമായി നടത്തി വന്ന പോരാട്ടങ്ങൾക്കൊടുവിൽ മകന്റെ ഘാതകനെ കോടതി ശിക്ഷിച്ചു. പ്രവീൺ വർഗീസ് എന്ന കൗമാരക്കാരന്റെ മരണത്തിനുത്തരവാദി ഗേജ് ബീതൂൻ എന്നയാളാണെന്ന് കാർ‌ബോൺഡേലിലെ ഒരു കോടതി കണ്ടെത്തി.

‘ഇനി പ്രവീണിന് ശാന്തമായി ഉറങ്ങാ’മെന്ന് അമ്മ ലവ്‌ലി വർഗീസ് പ്രതികരിച്ചു.

2014ലാണ് പ്രവീൺ വർഗീസ് എന്ന കൗമാരക്കാരന്റെ മരണം സംഭവിച്ചത്. സതേൺ ഇല്ലിനോയിസ് സർവ്വകലാശാലയിൽ വിദ്യാർത്ഥിയായിരുന്ന പ്രവീണിനെ 2014 ഫെബ്രുവരി മാസത്തിൽ കാണാതാകുകയായിരുന്നു. നാലു ദിവസത്തിനു ശേഷം പ്രവീണിന്റെ മൃതദേഹം മഞ്ഞിൽ മരവിച്ചു കിടക്കുന്ന നിലയിൽ കാട്ടിൽ നിന്നും കണ്ടെത്തി.

ആദ്യത്തെ അന്വേഷകർ ഈ മരണത്തെ അപകടമരണമായി എഴുതിത്തള്ളി. കടുത്ത തണുപ്പിൽ വെറുങ്ങലിച്ച് മരിച്ചതാണെന്നായിരുന്നു അവരുടെ വിലയിരുത്തൽ. എന്നാൽ ഇത് അംഗീകരിക്കാൻ അമ്മ ലവ്‌ലി വർഗീസ് കൂട്ടാക്കിയില്ല. അന്നു മുതൽ ലവ്‌ലി പോരാട്ടത്തിലായിരുന്നു.

രാഷ്ട്രീയക്കാരുടെയും സോഷ്യൽ മീഡിയയുടെയുമെല്ലാം പിന്തുണ നേടി വലിയൊരു പ്രക്ഷോഭമാക്കി തന്റെ സമരത്തെ മാറ്റിയെടുക്കാൻ ലവ്‍ലിക്കായി. പലതവണ വാർത്താ സമ്മേളനങ്ങൾ വിളിച്ചു.

പ്രവീണിന്റെ കുടുംബം ഒരു പോസ്റ്റുമോർട്ടം സ്വന്തം ചെലവിൽ നടത്തിച്ചു. ഈ പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രവീണിന്റെ മരണം കൊലപാതകമാണെന്ന് വ്യക്തമാക്കി. തലയ്ക്ക് അടിയേറ്റാണ് മരണമെന്ന് പോസ്റ്റുമോർ‌ട്ടം റിപ്പോർട്ട് പറഞ്ഞു.

ആർച്ച്ഏൻജെൽസ് ഓഫ് ജസ്റ്റിസ് എന്ന സംഘടന ഈ കേസിൽ ഒരു അന്വേഷണം നടത്തി. റിട്ടയർ ചെയ്ത നിയമപാലകരാണ് ഈ സംഘടനയിലുള്ളത്. ഇവർ സംഭവം കൊലപാതകമാണെന്ന് വിധിയെഴുതി. ബെതൂൺ ആണ് പ്രതിയെന്നും ഇവർ ചൂണ്ടിക്കാട്ടി.

ഇതോടെ വലിയ തോതിലുള്ള പ്രതിഷേധം ഉയർന്നു വരികയും പുനരന്വേഷണത്തിന് സർക്കാർ ഉത്തരവിടുകയും ചെയ്തു.

പ്രവീണും ബേതൂനും തമ്മിൽ പണം സംബന്ധിച്ച തർക്കമുണ്ടായെന്നും ഇതിനൊടുവിൽ പ്രവീണിനെ ബേതൂൻ അടിച്ചു അവശനാക്കുകയായിരുന്നെന്നും പ്രൊസിക്യൂഷന് തെളിയിക്കാനായി. അവശനായ പ്രവീണിന്റെ ശരീരതാപനില കുറയുകയും മരണം സംഭവിക്കുകയുമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍