UPDATES

വിദേശം

കാലാവസ്ഥാ മാറ്റം കാരണം മുങ്ങുന്ന ജക്കാർത്തയ്ക്ക് പകരം ഇന്തോനീഷ്യ കണ്ടെത്തിയ തലസ്ഥാനം മറ്റൊരു ‘ആമസോൺ’

മോശം നഗരാസൂത്രണവും, നിയന്ത്രണാതീതമായ ജലസംഭരണികളും, സമുദ്രജലം കയറുന്നതും നഗരത്തിന്റെ 40 ശതമാനവും വെള്ളത്തിനടിയിലാക്കി.

കാലാവസ്ഥാ ഭീഷണിമൂലം ജക്കാർത്തയിലെ മെഗലോപോളിസിൽ നിന്ന് ബോർണിയോ ദ്വീപിലേക്ക് തലസ്ഥാനം മാറ്റാനുള്ള ആലോചനയിലാണ് ഇന്തോനേഷ്യ. അങ്ങിനെ സംഭവിച്ചാല്‍ ആമാസോണിനു പിറകെ ഭൂമിയിലെ മറ്റൊരു ശ്വാസകോശം കൂടെയാണ് ഇല്ലാതാകുമെന്ന ആശങ്കയിലാണ് ലോകം. ജനസംഖ്യ തീരെ കുറഞ്ഞ ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണമേഖലാ മഴക്കാടുകളിലോന്നാണ് ബോർണിയോ.

താങ്ങാവുന്നതിലും അധികം പാരിസ്ഥിതിക സമ്മര്‍ദം ഇപ്പോള്‍ ജക്കാര്‍ത്ത നേരിടുന്നുണ്ടെന്നും അതിനാല്‍ മാറ്റം അനിവാര്യമാണെന്നുമാണ് പ്രസിഡന്റ് ജോക്കോ വിഡോഡോ പറയുന്നത്. എന്നാല്‍ 33 ബില്യൺ ഡോളർ ചിലവഴിച്ചുകൊണ്ടുള്ള ഈ സ്ഥലംമാറ്റം ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്തില്ലെങ്കില്‍ അത് മറ്റൊരു പാരിസ്ഥിതിക ദുരന്തത്തിൽ കലാശിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നല്‍കുന്നു. മലിനീകരണത്തിന്റെയും ഗതാഗതക്കുരുക്കിന്റെയും ഗുരുതരമായ പ്രശ്‌നങ്ങൾക്കൊപ്പം സമുദ്ര ജലനിരപ്പുയരുന്നതുമാണ് ജക്കാര്‍ത്തയെ അപകടത്തിലാക്കുന്നത്.

യഥാർത്ഥത്തിൽ ചതുപ്പുനിലമായിരുന്ന ഭൂമിയിലെ മോശം നഗരാസൂത്രണവും നിയന്ത്രണാതീതമായ ജലസംഭരണികളും നഗരത്തിന്റെ 40 ശതമാനവും വെള്ളത്തിനടിയിലാക്കി. ജക്കാര്‍ത്തയില്‍ പ്രതിവർഷം 10-20 സെന്റിമീറ്റർ‌ ജലനിരപ്പുയരുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. ലോകത്തില്‍ ഏറ്റവും വലിയ നിരക്കാണിത്. പ്രതിരോധം തീര്‍ക്കാനുള്ള സര്‍ക്കാര്‍തല നടപടികള്‍ കൈകൊണ്ടിട്ടുണ്ടെങ്കിലും അതും വേണ്ട വേഗതയില്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതില്‍ വിഡോഡോതന്നെ നിരാശ പ്രകടിപ്പിക്കുന്നു. ‘ജക്കാര്‍ത്ത മുങ്ങിത്താഴുന്നത് തടയാന്‍ ഈ വലിയ പദ്ധതി വേഗത്തിൽ നടപ്പാക്കണമെന്ന്’ അദ്ദേഹം കഴിഞ്ഞ മാസവും പറഞ്ഞിരുന്നു.

അതുകൊണ്ട്, 1,000 കിലോമീറ്റർ അകലെയുള്ള ബൊർനിയോ ദ്വീപിന്റെ ഇന്തോനേഷ്യൻ ഭാഗമായ കലിമന്തനിലേക്ക് ഭരണപരമായ പ്രവർത്തനങ്ങൾ മാറ്റാനാണ് ഇന്തോനേഷ്യ തീരുമാനിച്ചിരിക്കുന്നത്. മലേഷ്യ, ബ്രൂണൈ തുടങ്ങിയ രാജ്യങ്ങളുമായും അതിര്‍ത്തി പങ്കിടുന്ന ഭൂപ്രദേശമാണിത്. എന്നാല്‍ ജക്കാർത്ത വാണിജ്യ, സാമ്പത്തിക കേന്ദ്രമായി തുടരും. കൂടാതെ ഏകദേശം 10 ദശലക്ഷം പ്രദേശവാസികളും അവിടെത്തന്നെ താമസിക്കും.

പാർലമെന്‍റിന്‍റെ അനുമതികൂടെ ലഭിച്ചാല്‍ 40,000 ഹെക്ടർ സ്ഥലത്ത് പുതിയ തലസ്ഥാനത്തിന്റെ നിർമ്മാണം അടുത്ത വർഷംതന്നെ ആരംഭിക്കും. 2024 ഓടെ ഏകദേശം 1.5 ദശലക്ഷം ഉദ്യോഗസ്ഥരെ പുതിയ ബ്യൂറോക്രാറ്റിക് സെന്ററിലേക്ക് മാറ്റാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ‘നിലവിലുള്ള സംരക്ഷിത വനങ്ങളൊന്നും ഞങ്ങൾ നശിപിക്കില്ലെന്നും, പകരം ആളുകളെ പുനരധിവസിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും’ ആസൂത്രണ മന്ത്രി ബാംബാംഗ് ബ്രോഡ്ജൊനെഗോറോ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍