UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്തോനീഷ്യയിൽ ക്രിസ്ത്യൻ പള്ളികളിൽ ബോംബാക്രമണം; ഐസിസ് എന്ന് സംശയം; മരണസംഖ്യ 11 ആയി

പടിഞ്ഞാറൻ ജാവയിലെ ഒരു ജയിലിൽ നടന്ന വൻ കലാപത്തിനു ശേഷമാണ് പള്ളികളിൽ ആക്രമണം നടന്നതെന്നതും ശ്രദ്ധേയമാണ്.

ഇന്തോനീഷ്യയിലെ സുരബായയില്‍ മൂന്ന് ക്രിസ്ത്യൻ പള്ളികൾക്കു നേരെയുണ്ടായ ബോംബാക്രമണത്തിൽ പതിനൊന്നോളം പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്തോനീഷ്യയിലെ രണ്ടാമത്തെ വലിയ നഗരമാണ് സുരബായ. കഴിഞ്ഞ ഒരു ഒന്നര ദശകത്തിനിടെ ഇത്രയും വലിയ ആക്രമണത്തിന് നഗരം സാക്ഷിയായിട്ടില്ല.

സാന്റ മരിയ കാത്തലിക്ക് ചർച്ചലാണ് ആദ്യ ആക്രമണം നടന്നത്. ഇതിൽ നാലുപേർ കൊല്ലപ്പെട്ടു. പിന്നീട് സെന്റർ പെന്തകോസ്തൽ ചർച്ചിലും ജികെഐ ഡിപോൺഗോരോ ചർച്ചിലും ആക്രമണം നടന്നു. മിനിറ്റുകളുടെ ഇടവേളയിലാണ് ഈ ആക്രമണങ്ങളെല്ലാം നടന്നത്.

ഒരു കുടുംബത്തിലെ ഏഴ് അംഗങ്ങള്‍ ചാവേറുകളായാണ് ആക്രമണം നടത്തിതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഒരു പള്ളിയിൽ അമ്മയും രണ്ട് കുട്ടികളും ചാവേറായി പൊട്ടിത്തെറിച്ചു. മറ്റ് രണ്ടു പള്ളികളിൽ അച്ഛനും മൂന്ന് ആൺകുട്ടികളും ചാവേറുകളായി.

ഇസ്ലാമിക് സ്റ്റേറ്റ് ആണ് ആക്രമണത്തിനു പിന്നിലെന്ന് റിപ്പോർട്ടുകളുണ്ട്. ഐഎസ് ബന്ധമുള്ള ജമാ അൻസാറുത് ദൗല എന്ന സംഘടനയാണ് ആക്രമണങ്ങൾക്കു പിന്നിലെന്ന് സംശയിക്കുന്നു. ഇന്തോനീഷ്യയിലെ ഐസിസ് പ്രചാരകനായ അമൻ അബ്ദുർറഹ്മാനാണ് ഈ സംഘടനയുടെ തലവൻ. 2016ല്‍ ജക്കാർത്തയിൽ നടന്ന സരിനാ ആക്രമണം ഇയാൾ സംഘടിപ്പിച്ചതാണെന്ന് കരുതപ്പെടുന്നു. എട്ടുപേരാണ് അന്ന് കൊല്ലപ്പെട്ടത്.

പടിഞ്ഞാറൻ ജാവയിലെ ഒരു ജയിലിൽ നടന്ന വൻ കലാപത്തിനു ശേഷമാണ് പള്ളികളിൽ ആക്രമണം നടന്നതെന്നതും ശ്രദ്ധേയമാണ്. ജയിലിലെ ഇസ്ലാമിക തീവ്രവാദികൾ അഞ്ച് ഓഫീസർമാരെ കൊലപ്പെടുത്തുകയുണ്ടായി. ഇരു സംഭവങ്ങൾക്കും തമ്മിൽ ബന്ധമുണ്ടാകാം എന്നാണ് ഇന്റലിജൻസ് വിഭാഗം കരുതുന്നത്.

ആക്രമണം നടന്ന സ്ഥലങ്ങൾ ഇന്തോനീഷ്യൻ പ്രസിഡണ്ട് ജോകോ വിഡോഡോ സന്ദർശിച്ചു. ആക്രമണങ്ങളെ അപരിഷ്കൃതമെന്ന് പ്രസിഡണ്ട് വിശേഷിപ്പിച്ചു.

ആദ്യത്തെ ആക്രമണം രാവിലെ 7.30നാണ് നടന്നത്. റമദാൻ മാസം ആരംഭിക്കാനിരിക്കെയാണ് മുസ്ലിം രാജ്യമായ ഇന്തോനീഷ്യയിൽ ആക്രമണം നടത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍