UPDATES

വിദേശം

ഇന്തോനീഷ്യയിലെ സുനാമി: മരണസംഖ്യ 168 ആയി

745 പേരാണ് പരിക്കേറ്റ് ആശുപത്രികളിൽ കഴിയുന്നത്. 30 പേരെ കാണാനില്ലെന്നും സർക്കാർ അറിയിച്ചു.

ഇന്തോനീഷ്യയില്‍ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിന് പിന്നാലെ കടലിലുണ്ടായ മാറ്റങ്ങളെത്തുടർന്ന് സുന്ദ സ്ട്രൈറ്റിലുണ്ടായ സുനാമിയിൽ മരണമടഞ്ഞവരുടെ എണ്ണം 168 ആയി. പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്ര കൂടിയാണ് സുന്ദ സ്ട്രൈറ്റ്. ജാവയ്ക്കും സുമാത്രയ്ക്കും ഇടയിലാണ് ഈ തീരം സ്ഥിതി ചെയ്യുന്നത്.

സുനാമിയിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികളർപ്പിച്ചും സംഭവത്തിൽ ഞെട്ടൽ അറിയിച്ചും ഇന്തോനീഷ്യൻ പ്രസിഡണ്ട് ജോകോ വിദോദോ ട്വീറ്റ് ചെയ്തു. അടിയന്തിരമായ ഇടപെടലിന് മെഡിക്കൽ ടീമിനെ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

745 പേരാണ് പരിക്കേറ്റ് ആശുപത്രികളിൽ കഴിയുന്നത്. 30 പേരെ കാണാനില്ലെന്നും സർക്കാർ അറിയിച്ചു. സുനാമിത്തിരകൾ ആഞ്ഞടിച്ച എല്ലാ പ്രദേശങ്ങളിലേക്ക് രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല. ഇക്കാരണത്താൽ തന്നെ മരണമടഞ്ഞവരുടെ എണ്ണം ഇനിയും കൂടാനിടയുണ്ട്.

ക്രകതാവു അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചപ്പോൾ ഉണ്ടായ അനക് ക്രകതാവു അഗ്നിപർവ്വതമാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണമെന്നാണ് ശാസ്ത്രജ്ഞർ അനുമാനിക്കുന്നത്. ഈ അഗ്നിപർവ്വതം ഇപ്പോൾ സജീവമാണ്. ഇതിൽ നിന്നുള്ള ദ്രാവകാംശങ്ങൾ ഭൂമിക്കടിയിൽ പാറകൾക്കിടയിലൂടെ നീങ്ങുകയും ഇത് കടലില്‍ വലിയതോതിലുള്ള മണ്ണിടിച്ചിലുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. പൂർണചന്ദ്രനുദിക്കുന്ന ദിവസമായതു കൊണ്ടുണ്ടായ ഉയർന്ന വേലിയേറ്റവും തിരകളുടെ തീവ്രത വർധിപ്പിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍