UPDATES

വിദേശം

ഉത്തരകൊറിയയുടെ ആണവനിരായുധീകരണം: ട്രംപിന്റെ നിലപാടിനോട് വിയോജിച്ച് ഇന്റലിജൻസ് തലവൻ

ഉത്തര കൊറിയ ആണവനിരായുധീകരണത്തിന് തയ്യാറാകാൻ സാധ്യതയില്ലെന്ന് യുഎസ് ഇന്റലിജന്‍സ് മേധാവി ഡാനിയൽ കോട്ട്സ്. ചൊവ്വാഴ്ച സെനറ്റിന് എഴുതിത്തയ്യാറാക്കി നൽകിയ ‘ആഗോളഭീഷണികൾ’ എന്ന പ്രസ്താവനയിലാണ് പ്രസിഡണ്ടിന്റെ നിലപാടിന് വിരുദ്ധമായ നിലപാടുകൾ കോട്ട്സ് വിശദീകരിച്ചത്.

മേഖലയിലെ തങ്ങളുടെ അതിജീവനത്തിന് ആണവായുധങ്ങൾ നിർണായകമാണെന്ന് ഉത്തര കൊറിയ കരുതുന്നുണ്ട് എന്നതാണ് കോട്ട്സ് കാരണമായി പറയുന്നത്. ഇന്റലിജൻസ് മേധാവിയുടെ ഈ നിലപാട് പുറത്തുവന്നതോടെ വൈറ്റ് ഹൗസുമായി രാജ്യത്തെ ഇന്റലിജന്‍സ് സംവിധാനങ്ങൾക്കുള്ള കടുത്ത അഭിപ്രായ വ്യത്യാസങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. സെനറ്റിലെ ഇന്റലിജൻസ് കമ്മറ്റിയുടെ മുമ്പാകെ നാഷണൽ ഇന്റലിജന്‍സ് തലവനെക്കൂടാതെ സിഐഎ, ഡിഐഎ, എൻഎസ്എ എന്നീ സ്ഥാപനങ്ങളുടെ മേധാവികളും ഹാജരായി റിപ്പോര്‍ട്ട് നൽകിയിട്ടുണ്ട്.

ഫെബ്രുവരി അവസാനത്തിൽ ട്രംപും കിം ജോങ് ഉന്നും തമ്മിൽ ഒരു ഉച്ചകോടി നടക്കുന്നുണ്ട്. സിംഗപ്പൂരിൽ താനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ കിം ജോങ് ഉൻ തന്റെ രാജ്യത്തെ ആണവവികസന പരിപാടികൾ നിർത്തി വെച്ചിരിക്കുകയാണെന്നാണ് ട്രംപിന്റെ വിശ്വാസം. എന്നാൽ റിപ്പോർട്ടുകൾ പറയുന്നതു പ്രകാരം കിം ജോങ് ഉൻ ഈ കാലയളവിൽ ആണവായുധ നിർമാണം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ചെയ്തത്. ഈ റിപ്പോര്‍ട്ടുകൾ പക്ഷെ, ട്രംപ് വിശ്വസിക്കുന്നില്ല.

ഉത്തരകൊറിയയുമായി താൻ നടത്തിയ സംഭാഷണങ്ങൾ നിർണായക പുരോഗതി കണ്ടിട്ടുണ്ടെന്ന് ട്രംപ് പറയുന്നു. എന്നാൽ ഈ പുരോഗതിയെ ശരിയായി കാണിക്കാൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍