UPDATES

വിദേശം

ഇറാനെ ആക്രമിക്കുന്നതിൽ നിന്നും ട്രംപ് പിന്മാറിയതെന്തുകൊണ്ട്?

ഇറാൻ ഒരു വർഷം മുമ്പുള്ളതിനേക്കാൾ സാമ്പത്തികമായി ദുർബലമാണെങ്കിലും, കഴിഞ്ഞ പ്രതിസന്ധി കാലഘട്ടങ്ങളിൽ ഇല്ലാതിരുന്ന സാങ്കേതിക വളർച്ച അവർ കൈലവരിച്ചിട്ടുണ്ട്.

ഇറാനെതിരായ പ്രതികാര നടപടികളില്‍ നിന്നും ട്രംപ് പിന്മാറിയത് മറ്റൊരു മാർഗ്ഗവുമില്ലാത്തതിനാലാണെന്ന് റിപ്പോർട്ട്. ഇറാന്‍ തങ്ങളുടെ ആണവ ഇന്ധനത്തിന്റെ ശേഖരം കെട്ടിപ്പടുക്കുകയും കൂടുതൽ സമ്പുഷ്ടമാക്കുകയും ചെയ്യുകയാണെന്നതാണ് അമേരിക്കയെ ഏറ്റവുംകൂടുതല്‍ പ്രകോപിപ്പിക്കുന്നത്. ഒരാഴ്ച്ചക്കിടെ ഒമാന്‍ കടലിടുക്കില്‍ രണ്ട് ഓയിൽ ടാങ്കറുകൾ ആക്രമിക്കപ്പെട്ടതും, അമേരിക്കന്‍ ഡ്രോൺ വെടിവെച്ചിട്ടതും മേഖലയിലെ സംഘർഷാവസ്ഥ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയെന്ന് അഡ്മിനിസ്ട്രേഷൻ അധികൃതർതന്നെ പറയുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഇറാന്റെ ആണവായുധ നിർമ്മാണമാണ് ഏറ്റവും പ്രാഥമികമായ പ്രശനമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ വൈറ്റ് ഹൌസില്‍ നടന്ന യോഗങ്ങളില്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആവർത്തിച്ച് വാദിക്കുന്നുണ്ട്. എന്നാല്‍ അത് 2015-ലെ അന്താരാഷ്ട്ര കരാറിൽ നിന്ന് പിന്മാറാനുള്ള ട്രംപിന്റെ‍ തീരുമാനത്തെ തുടർന്ന് സംഭവിച്ചതാണെന്ന് സമ്മതിക്കുന്നുമില്ല. കരാറിലെ കർശനമായ ഉപാധികള്‍ ടെഹ്‌റാൻ പാലിക്കണമെന്ന നിർബന്ധമാണ് അമേരിക്കക്കുള്ളത്.

ഡ്രോൺ വെടിവച്ചിട്ടതുമായി ബന്ധപ്പെട്ട് അസ്വാരസ്യങ്ങള്‍ പുകയുന്നതിനിടെ ആണവ പ്രശ്‌നത്തെ നേരിടാനും ട്രംപ് നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ പിഴുതെറിയാൻ അമേരിക്ക ഉപയോഗിച്ച ഉപരോധം കൂടുതല്‍ ശക്തമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അദ്ദേഹം മിഡിൽ ഈസ്റ്റിലേക്ക് ദൂതന്മാരെ അയച്ചിട്ടുണ്ട്. ഇറാന്റെു എണ്ണവിൽപന പൂര്‍ണമായും തടയുകയെന്നതാണ് ലക്ഷ്യം. ഉപരോധങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും ആലോചിക്കുന്നുണ്ട്.

അതേസമയം, ഇറാനെതിരെ സൈബർ ആക്രമണങ്ങൾ ഉൾപ്പെടെ ശക്തമാക്കാനും നീക്കം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായെന്നോണം ഇറാനിയൻ രഹസ്യാന്വേഷണ വിഭാഗത്തിനെതിരെ വ്യാഴാഴ്ച യുണൈറ്റഡ് സൈബർ കമാൻഡ് അത്തരമൊരു പ്രവർത്തനം നടത്തിരുന്നതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഓയിൽ ടാങ്കറുകൾക്കെതിരായ സമീപകാല ആക്രമണങ്ങൾ ആസൂത്രണം ചെയ്യാൻ സഹായിച്ചതായി കരുതപ്പെടുന്ന ഇന്റലിജൻസ് ഗ്രൂപ്പിനെതിരെയായിരുന്നു സൈബർ നീക്കം. 2018-ലെ ഇടക്കാല തിരഞ്ഞെടുപ്പിന്റെ് സമയത്ത് റഷ്യയുടെ ഇന്റർനെറ്റ് റിസർച്ച് ഏജൻസിക്കും സൈനിക രഹസ്യാന്വേഷണ വിഭാഗത്തിനും എതിരെ അമേരിക്ക സ്വീകരിച്ച നടപടികൾക്ക് സമാനമായ നടപടിയായിരുന്നു അത്. യാഹൂ ന്യൂസാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.

എന്നാല്‍ സാമ്പത്തിക ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ ഇറാന് കഴിയില്ലെന്നും, അതൊരു പക്ഷേ ഒബാമയുമായി ഉണ്ടാക്കിയതിനേക്കാള്‍ കർശനമായ ഒരു പുതിയ ആണവ കരാർ അംഗീകരിക്കാൻ അവരെ നിർബന്ധിതരാക്കും എന്നാണ് ട്രംപും കൂട്ടരും കരുതുന്നത്. അത് വെറുമൊരു സ്വപ്നം മാത്രമായിരിക്കും എന്നു കരുതുന്നവരും ഉണ്ട്. ഇറാനിലെ പരമോന്നത നേതാവ് അയത്തുള്ള അലി ഖുമേനി രണ്ടാഴ്ച മുമ്പ് യുഎസുമായുള്ള ചർച്ചകൾ നിരസിച്ചു രംഗത്തുവന്നതിനെ ഇതിന്റെ സൂചനയായാണ് വിലയിരുത്തുന്നത്.

ആണവകരാറില്‍ പറഞ്ഞിട്ടുള്ളതിൽ നിന്നും വ്യത്യസ്തമായി സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ സംഭരണം എത്രത്തോളം ആവാമെന്നാണ് തങ്ങള്‍ പരിശോധിക്കുകയാണെന്നാണ് ഇറാന്‍ പറയുന്നത്. കരാറിൽ നിന്ന് അമേരിക്ക പിന്‍വാങ്ങിയതിനാൽ യുറേനിയം സമ്പുഷ്ടീകരണം നാലുമടങ്ങ്‌ വർദ്ധിപ്പിച്ചതായി അവര്‍ അവകാശപ്പെട്ടു. എന്നാൽ ഇതിനെ ‘ന്യൂക്ലിയര്‍ ബ്ലാക്മെയില്‍’ എന്നാണ്‌ വൈറ്റ് ഹൌസ് വിശേഷിപ്പിച്ചത്‌.

വാസ്തവത്തിൽ, ഇറാൻ ഒരു വർഷം മുമ്പുള്ളതിനേക്കാൾ സാമ്പത്തികമായി ദുർബലമാണെങ്കിലും, കഴിഞ്ഞ പ്രതിസന്ധി കാലഘട്ടങ്ങളിൽ ഇല്ലാതിരുന്ന കഴിവുകൾ ഇന്നവര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കൂടുതൽ കൃത്യതയോടെ കപ്പലുകളെ ആക്രമിക്കാനും വിമാനങ്ങളെ വായുവിൽ നിന്ന് വെടിവച്ചിടാനും കഴിയുന്നു. ഇതിന് പുറമെ ശക്തമായ സൈബര്‍ സേനയും നിലവിലുണ്ട്. കഴിഞ്ഞ ഏഴു വർഷമായി അമേരിക്കൻ ബാങ്കുകളെ തളർത്തുന്ന, ന്യൂയോർക്ക് നഗരപ്രാന്തത്തിലെ ഡാമിലേക്ക് നുഴഞ്ഞുകയറുന്ന, ലാസ് വെഗാസ് കാസിനോ ആക്രമിക്കുന്ന വലിയ ശക്തിയായി അവര്‍ മാറിയിരിക്കുന്നു. സ്വയാർജ്ജിതമായ ഈ കഴിവുകളാണ് അമേരിക്കയുടെ എല്ലാ കണക്കുകൂട്ടലുകളും പ്രതിസന്ധിയിലാക്കുന്നത്. ജോർജ്ജ് ബുഷോ ഒബാമയോ നേരിട്ടതിനേക്കാള്‍ വലിയ പ്രശ്നമാണ് ട്രംപ് നേരിടുന്നതെന്ന് ചുരുക്കം.

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍