UPDATES

വിദേശം

സിറിയയിൽ ഐസിസ് ചാവേറാക്രമണം: നാല് അമേരിക്കൻ സൈനികരടക്കം 19 പേർ കൊല്ലപ്പെട്ടു

സിറിയയിൽ കഴിഞ്ഞദിവസമുണ്ടായ ഐസിസ് ചാവേറാക്രമണത്തിൽ നാല് അമേരിക്കൻ സൈനികരടക്കം 19 പേർ കൊല്ലപ്പെട്ടു. സിറിയയിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിക്കുകയാണെന്ന പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം വന്ന് ദിവസങ്ങൾക്കകമാണ് ഈ സംഭവമെന്നത് ശ്രദ്ധേയമാണ്. സിറിയയിൽ നിലവിൽ ഐസിസ് പരാജയപ്പെട്ടു കഴിഞ്ഞിട്ടുണ്ടെന്നും അമേരിക്കൻ സൈന്യത്തെ ഒരു മസത്തിനകം തിരിച്ചു കൊണ്ടുവരുമെന്നുമായിരുന്നു ട്രംപിന്റെ പ്രസ്താവന.

മാൻബിജി നഗരത്തിലൂടെ പോകുകയായിരുന്ന ഒരു അമേരിക്കൻ സൈനികവ്യൂഹത്തെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. പാലസ് ഓഫ് പ്രിൻസസ് എന്ന ഒരു റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാൻ കയറിയ സന്ദർഭത്തിലാണ് ആക്രമണം നടന്നത്. ചാവേര്‍ ഇവർക്കരികിലേക്ക് വന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.

ട്രംപിന്റെ അപ്രതീക്ഷിതമായ പ്രഖ്യാപനം സഖ്യകക്ഷി രാഷ്ട്രങ്ങളെ ഞെട്ടിച്ചിരുന്നു. വിമർശനങ്ങൾ ഉയർന്നതോടെ ഈ നീക്കത്തിൽ നിന്നും വൈറ്റ് ഹൗസ് പിന്നാക്കം പോയിട്ടുണ്ട്. സഖ്യകക്ഷികളെ യുഎസ് പ്രതിനിധികൾ നേരിട്ടും അല്ലാതെയും കാര്യങ്ങൾ ബോധിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു.

ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും ട്രംപിന്റെ തീരുമാനത്തിനെതിരെ രംഗത്തുണ്ടായിരുന്നു. ആരോടും ആലോചിക്കാതെ തീരുമാനങ്ങളെടുക്കുന്ന ട്രംപിന്റെ ശൈലി കൂടുതൽ വിമർശനങ്ങൾക്ക് വിധേയമാകാൻ ഈ സംഭവം കാരണമായി. ട്രംപിന്റെ പ്രസ്താവനഐസിസിനെ കൂടുതൽ ഉത്സാഹത്തിലാക്കാൻ സഹായിച്ചുവെന്ന് സെനറ്ററായ ലിൻഡ്സി ഗ്രഹാം ആരോപിച്ചിരുന്നു. ഈ ആരോപണത്തിന് കൂടുതല്‍ ശക്തി പകരുന്നതാണ് പുതിയ ആക്രമണം. കഴിഞ്ഞ ഒരു മാസത്തിനിടെ സിറിയയിൽ നടന്ന വലിയ ആറ് ആക്രമണങ്ങളിലൊന്നാണ് ഇക്കഴിഞ്ഞ ദിവസത്തേത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍