UPDATES

വിദേശം

ഗാസ മുനമ്പില്‍ പ്രതിഷേധം തുടരുന്നു: ഇസ്രായേലി സൈന്യം രണ്ട് പേരെ കൂടി വധിച്ചു

കൊല്ലപ്പെട്ട യുവാക്കള്‍ 24ഉം 25ഉം വയസ്സുള്ളവരാണെന്ന് ഗാസയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു

ഗാസ മുനമ്പില്‍ തുടര്‍ച്ചയായി നാലാമത്തെ ആഴ്ചയിലും പ്രതിഷേധം തുടരുന്നു. ഇസ്രായേലി സൈന്യം നടത്തിയ വെടിവയ്പ്പില്‍ രണ്ട് പാലസ്തീന്‍ യുവാക്കള്‍ കൊല്ലപ്പെടുകയും നാല്‍പ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ആയിരക്കണക്കിന് പ്രദേശവാസികള്‍ ലോഹ വേലികളുടെ മറവില്‍ അഭയം തേടിയിരിക്കുകയാണ്. സൈന്യം പ്രവേശിക്കാതിരിക്കാന്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിക്കുകയും ചിലര്‍ കല്ലുകള്‍ എറിയുകയും ചെയ്യുന്നുണ്ടെന്നാണ് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം യുവാക്കളില്‍ ചിലര്‍ പട്ടങ്ങളുടെ വാലില്‍ പെട്രോള്‍ കന്നാസുകള്‍ കെട്ടിവച്ച് തീകൊളുത്തി ഇസ്രായേല്‍ അതിര്‍ത്തിയിലേക്ക് പറപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. മണല്‍ത്തിട്ടകള്‍ക്ക് സമീപം നിലയുറപ്പിച്ചിരിക്കുന്ന ഇസ്രായേലി സൈന്യം വെടിവയ്പ്പ് നടത്തുന്നുണ്ട്. കൂടാതെ വേലിയുടെ സമീപത്തേക്ക് വരരുതെന്ന് അറബിയില്‍ മുന്നറിയിപ്പും നല്‍കുന്നുണ്ട്.

പ്രതിഷേധത്തിന് പിന്തുണ നല്‍കുന്നത് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കലാണെന്ന് കാണിച്ച് കഴിഞ്ഞ ദിവസം ഈ മേഖലകളില്‍ ഇസ്രായേല്‍ സൈന്യം വിമാനത്തിലൂടെ നോട്ടീസും വിതരണം ചെയ്തു. മെയ് പകുതി വരെ നീണ്ടു നില്‍ക്കുന്ന ആറ് ആഴ്ചത്തെ പ്രതിഷേധമാണ് ഗാസയില്‍ ലക്ഷ്യമിടുന്നത്. 1948ല്‍ ഇസ്രായേല്‍ രൂപീകൃതമായതിന്റെ ആഘോഷങ്ങള്‍ ഈ കാലഘട്ടത്തിലാണ് നടക്കുന്നത്. പാലസ്തീനിയന്‍ അഭയാര്‍ത്ഥികള്‍ക്ക് തിരിച്ചു വരാനുള്ള അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധങ്ങള്‍ നടക്കുന്നത്.

ഇന്നലെ നടന്ന പ്രതിഷേധത്തില്‍ മൂവായിരത്തിലേറെ പാലസ്തീന്‍കാര്‍ പങ്കെടുത്തുവെന്നാണ് ഇസ്രായേല്‍ പ്രതിരോധ വകുപ്പ് പറയുന്നത്. ഇത് മുന്‍കാലങ്ങളില്‍ നടന്ന പ്രതിഷേധങ്ങളിലെ പങ്കാളിത്തത്തിന്റെ ചെറിയ ഒരു ഭാഗം മാത്രമാണ്. പ്രതിഷേധക്കാര്‍ പറത്തിവിട്ട തീകൊളുത്തിയ പട്ടങ്ങളില്‍ ചിലത് ഇസ്രായേല്‍ അതിര്‍ത്തിയിലെത്തിയിത്തിയെന്നും ഇതില്‍ രണ്ട് പട്ടങ്ങളുടെ ചിത്രം തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു.

അതേസമയം കൊല്ലപ്പെട്ട യുവാക്കള്‍ 24ഉം 25ഉം വയസ്സുള്ളവരാണെന്ന് ഗാസയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുവാക്കളുടെ കൊലപാതകത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ ഇസ്രായേലിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഐക്യരാഷ്ട്ര സംഘടനയും യൂറോപ്യന്‍ യൂണിയനും പ്രതിഷേധമുയര്‍ത്തി രംഗത്തെത്തി. ഇതിനിടെ ഇസ്രായേലില്‍ നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ നിന്നും അമേരിക്കന്‍ പൗരത്വമുള്ള ഇസ്രയേല്‍ നടി നതാലി പോര്‍ട്ട്മാന്‍ പിന്‍വാങ്ങി. ഗാസയുടെ പേര് എടുത്തു പറഞ്ഞിട്ടില്ലെങ്കിലും സമീപകാലത്ത് നടക്കുന്ന അക്രമങ്ങളാണ് ഇതിന് കാരണമെന്ന് അവരുടെ വക്താവ് അറിയിച്ചിട്ടുണ്ട്. ഗാസ മുനമ്പില്‍ ഇസ്രായേല്‍ സൈന്യം നടത്തുന്ന രക്തച്ചൊരിച്ചിലാണ് ഇതിന് കാരണമെന്നാണ് അറിയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍