UPDATES

വിദേശം

ജപ്പാന്‍ തിമിംഗില വേട്ട അവധി ലംഘിക്കും; വാണിജ്യാവശ്യങ്ങൾക്കായുള്ള കൊലപാതകങ്ങൾ തുടരും

ശാസ്ത്രീയ പരീക്ഷണങ്ങൾക്കു വേണ്ടിയെന്ന വ്യാജേന ജപ്പാൻ ഇക്കാലമത്രയും തിമിംഗില വേട്ട തുടർന്നു വരുന്നുണ്ടായിരുന്നു.

തിമിംഗിലങ്ങളെ വാണിജ്യാവശ്യങ്ങൾക്കായി വേട്ടയാടുന്നതിനെതിരെ ഇന്റർനാഷണൽ വേലിങ് കമ്മീഷൻ (ഐഡബ്ല്യുസി) 34 വർഷമായി പ്രഖ്യാപിച്ചിട്ടുള്ള അവധി ലംഘിക്കാൻ ജപ്പാൻ തീരുമാനിച്ചു. കമ്മീഷനിൽ നിന്നും ജപ്പാൻ പിന്മാറുകയാണെന്നാണ് പ്രഖ്യാപനം. 1982ലാണ് ഐഡബ്ല്യുസി വേട്ടയ്ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചത്. പല തിമിംഗില ഇനങ്ങൾക്കും വംശനാശഭീഷണി ഉയർന്നു തുടങ്ങിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ അവധി പ്രഖ്യാപനം. അന്തർദ്ദേശീയ തലത്തിൽ വലിയ എതിർപ്പുകളുയരുന്നതിനെ അവഗണിച്ചാണ് തങ്ങളുടെ കടലുകളിൽ തിമിംഗില വേട്ടകൾക്ക് അനുമതി നല്‍കാനുള്ള ജപ്പാന്റെ ഇപ്പോഴത്തെ നീക്കം.

ശാസ്ത്രീയ പരീക്ഷണങ്ങൾക്കു വേണ്ടിയെന്ന വ്യാജേന ജപ്പാൻ ഇക്കാലമത്രയും തിമിംഗില വേട്ട തുടർന്നു വരുന്നുണ്ടായിരുന്നു. ജപ്പാനൊപ്പം റഷ്യ, ഐസ്‌ലാൻഡ്, നോർവെ തുടങ്ങിയ രാജ്യങ്ങളും തിമിംഗില വേട്ടയെ അനുകൂലിക്കുന്നവരാണ്. ഇവരും ജപ്പാന്റേതിനു സമാനമായ രീതിയിൽ തിമിംഗില വേട്ട നടത്തിവരുന്നുണ്ട്.

2019 ജൂലൈ മാസം മുതൽ വാണിജ്യാവശ്യങ്ങള്‍ക്കു വേണ്ടിയുള്ള തിമിംഗില വേട്ട പുനസ്ഥാപിക്കാനാണ് ജപ്പാൻ തീരുമാനിച്ചിരിക്കുന്നതെന്ന് സർക്കാർ വക്താവ് യോഷിഹിദെ സുഗ വ്യക്തമാക്കി. ജപ്പാനും ഓസ്ട്രേലിയയും തമ്മിൽ തർക്കം നിലനിൽക്കുന്ന വിഷയം കൂടിയാണിത്. അറ്റ്‌ലാന്റിക് സമുദ്രത്തിലും ജപ്പാൻ തിമിംഗില വേട്ടയ്ക്ക് ഇറങ്ങാറുള്ളതാണ് പ്രശ്നകാരണം. ഈ പ്രശ്നം അവസാനിപ്പിക്കുക കൂടി തങ്ങളുടെ ലക്ഷ്യമാണെന്നാണ് ജപ്പാൻ പറയുന്നത്.

‘സാമൂഹിക അനുമതി’ ഇല്ലാത്ത ബിസിനസ്സാണിതെന്ന് സെപ്തംബർ മാസത്തിൽ ഓസ്ട്രേലിയ ഐഡബ്ല്യുസി യോഗത്തിൽ പറയുകയുണ്ടായി. 30 വർഷത്തിലധികമായി തുടരുന്ന തിമിംഗില വേട്ട പുനസ്ഥാപിക്കാനുള്ള ജപ്പാന്റെ നീക്കം എതിർത്തു കൊണ്ട് ഓസ്ട്രേലിയയുടെ ഐഡബ്ല്യുസി കമ്മീഷണർ ഡോ. നിക്ക് ഗേൽസ് വികാരനിർഭരമായ പ്രതികരണമാണ് അന്ന് നടത്തിയത്. കമ്മീഷനിൽ നിന്നും പിൻവാങ്ങാനുള്ള ജപ്പാന്റെ തീരുമാനം അങ്ങേയറ്റം നിരാശാജനകമാണെന്ന് ഓസ്ട്രേലിയ പ്രസ്താവിക്കുകയുണ്ടായി. തിമിംഗില പരിപാലനത്തിൽ കമ്മീഷൻ നിർണായകമായ ഇടപെടലുകളാണ് കമ്മീഷൻ നടത്തി വരുന്നതെന്നും ഓസ്ട്രേലിയ പറയുകയുണ്ടായി. 89 അംഗങ്ങളാണ് ഇന്റർനാഷണൽ വേലിങ് കമ്മീഷനിലുള്ളത്.

ഈ വർഷം അവസാനത്തോടെ തിമിംഗില വേട്ടയ്ക്കുള്ള അവധി അവസാനിപ്പിക്കാൻ ജപ്പാൻ തീരുമാനിച്ച വിവരം ഐഡബ്ല്യുസിയെ ഔദ്യോഗികമായി അറിയിക്കുമെന്ന് സര്‍ക്കാർ വക്താവ് വ്യക്തമാക്കി. വേട്ട തുടങ്ങുന്നത് അടുത്ത വർഷത്തിന്റെ പകുതിയോടെയായിരിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍