UPDATES

വിദേശം

മാധ്യമ പ്രവര്‍ത്തകയോട് ലൈംഗിക ആവശ്യം ഉന്നയിച്ച ജപ്പാന്‍ മന്ത്രി രാജിവച്ചു

‘ഞാന്‍ നിന്നെ ചുംബിക്കാന്‍ ആഗ്രഹിക്കുന്നു എന്ന്’ മന്ത്രി ഒരു വനിതാ റിപ്പോര്‍ട്ടറോട് പറയുന്നതിന്റെ ഓഡിയോ ക്ലിപ്പും പുത്തുവിട്ടിട്ടുണ്ട്

‘മീ ടൂ’ പ്രചരണം ശക്തമായി, ജപ്പാന്‍ ധനമന്ത്രാലയത്തിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ രാജിവച്ചു. വനിതാ റിപ്പോര്‍ട്ടറെ ലൈംഗികമായി പീഡിപ്പിച്ചതായി ഒരു പ്രതിവാര മാസിക റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ധനകാര്യ സഹമന്ത്രിയായ ജൂനിച്ചി ഫുക്കുഡ രാജിവച്ചത്. ധനകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സമയത്തു തന്നെ മന്ത്രിക്ക് രാജി വക്കേണ്ടി വന്നത് പ്രധാനമന്ത്രിയായ ഷിന്‍സോ ആബെക്ക് വലിയ തിരിച്ചടിയാണ്.

ഫുക്കുഡ ഒരു ബാറില്‍ വച്ച് മാധ്യമ പ്രവര്‍ത്തകയോട് മോശമായി പെരുമാറി എന്നാണ് വാരിക റിപ്പോര്‍ട്ട് ചെയ്തത്. ‘ഞാന്‍ നിന്നെ ചുംബിക്കാന്‍ ആഗ്രഹിക്കുന്നു എന്ന്’ അദ്ദേഹം വനിതാ റിപ്പോര്‍ട്ടറോട് പറയുന്നതിന്റെ ഓഡിയോ ക്ലിപ്പും അവര്‍ പുത്തുവിട്ടിട്ടുണ്ട്. ‘ഞാനൊന്ന് കേട്ടിപ്പിടിച്ചോട്ടെ, മാറിടത്തില്‍ തൊട്ടോട്ടെ’ എന്നെല്ലാം അദ്ദേഹം പറയുന്നതായി ഓഡിയോ ക്ലിപ്പിലുണ്ട്. ധനമന്ത്രാലയത്തില്‍ നിന്നുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വരുന്ന വനിതാ മാധ്യമ പ്രവര്‍ത്തകരോടെല്ലാം അദ്ദേഹം ഇതേ രീതിയില്‍ പെരുമാറാറുണ്ടെന്നും വാരിക റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ എല്ലാ ആരോപണങ്ങളെയും ജൂനിച്ചി ഫുക്കുഡ നിഷേധിച്ചു.

ഫുക്കുഡക്ക് ശക്തമായ പിന്തുണയുമായി വന്ന ധനകാര്യമന്ത്രി ടാരൊ അസോ, വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാധ്യമത്തിനെതിരെ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്യുമെന്നും പറഞ്ഞു. ആരോപണം തന്റെ ജോലിയെ ബാധിക്കുമെന്നത് കൊണ്ടാണ് ഞാന്‍ രാജിവക്കുന്നതെന്നാണ് ഫുക്കുഡ പറഞ്ഞത്. ഓഡിയോയിലൂടെ കേള്‍ക്കുന്ന ശബ്ദം തന്റേതാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയില്ലെങ്കിലും ഞാന്‍ ഇത്തരത്തില്‍ മോശമായി സംസാരിച്ചതായി ഓര്‍ക്കുന്നില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം, ആരോപണം സംബന്ധിച്ച അന്വേഷണത്തിന് ധനകാര്യമന്ത്രാലയം ഉത്തരവിട്ടു. ഫുക്കുഡക്കെതിരായ ആരോപണം തെളിയിക്കണമെങ്കില്‍ ആരോപണമുന്നയിച്ച ആള്‍ തന്നെ നേരിട്ട് വരേണ്ടി വരുമെന്നും മന്ത്രാലയം വ്യക്തമാക്കി. പേര് വെളിപ്പെടുത്താത്ത, ആരോപണം ഉന്നയിച്ച, മാധ്യമ പ്രവര്‍ത്തക മുന്നോട്ട് വരാതെ ഓഡിയോ ക്ലിപ്പിന്റെ മാത്രം അടിസ്ഥാനത്തില്‍ ഫുക്കുഡ കുറ്റക്കാരനാണെന്ന് പറയാന്‍ കഴിയില്ലെന്നും ടാരൊ അസോ പറഞ്ഞു. സമാനമായ രീതിയിലുള്ള മറ്റൊരു ലൈംഗീകാരോപണത്തിന്റെ അടിസ്ഥാനത്തില്‍ നിയാഗറ്റയിലെ ഗവര്‍ണര്‍ റ്യൂയിച്ചി യോനിയമയും രാജിക്കൊരുങ്ങി നില്‍ക്കുകയാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍