UPDATES

വിദേശം

ഉടമ്പടി രഹിത ബ്രെക്സിറ്റ് നടപ്പാക്കാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ; പ്രതിഷേധവുമായി എംപിമാർ ഒന്നിക്കണമെന്ന് പ്രതിപക്ഷ നേതാവ്

നോ ഡീല്‍ ബ്രെക്സിറ്റിനെ ടോറി എം.പിമാര്‍ പോലും പൂര്‍ണ്ണമായി പിന്തുണക്കുന്നില്ല എന്നതാണ് വാസ്തവം. എന്നാല്‍ അവര്‍ ജെറമി കോർബിനെ പിന്തുണക്കാനും തയ്യാറല്ല.

യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രിട്ടന്‍റെ തീരുമാനം മൂന്നു വര്‍ഷമായിട്ടും നടപ്പാക്കാനാവാതെ നീളുകയാണ്. ഒക്ടോബര്‍ 31-നു മുന്‍പ് നോ ഡീല്‍ ബ്രെക്സിറ്റ് നടപ്പാക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് പുതിയ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. എന്നാല്‍ ‘ഒരുപാട് വൈകുന്നതിനു മുന്‍പ്’ നോ ഡീല്‍ ബ്രെക്സിറ്റ് എന്ന തീരുമാനത്തിനെതിരെ ഒന്നിക്കണമെന്ന് എം‌പിമാരോട് അടിയന്തിരമായി അഭ്യര്‍ത്ഥിക്കുകയാണ് പ്രതിപക്ഷ നേതാവായ ജെരെമി കോർബിൻ. പ്രതിസന്ധികള്‍ ചര്‍ച്ചചെയ്യാന്‍ പാർലമെന്റ് ഉടൻ വിളിക്കണമെന്ന് ഇതിനകംതന്നെ വിവിധ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ബ്രെക്‌സിറ്റ് സമയപരിധി അവസാനിക്കുന്നതുവരെ പാര്‍ലമെന്‍റ് വിളിച്ചു ചേര്‍ക്കാതെയിരിക്കുന്നത് ഒരിക്കലും അനുവദിക്കാന്‍ കഴിയുന്ന കാര്യമല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഡി.യു.പി ഒഴികെയുള്ള എല്ലാ വെസ്റ്റ്മിൻസ്റ്റർ പാർട്ടികളെയും പ്രതിനിധീകരിച്ച് നൂറിലധികം എംപിമാരുടെ ഒരു സംഘം സംയുക്തമായി കത്തെഴുതിയിട്ടുണ്ട്.

നോ ഡീല്‍ ബ്രെക്സിറ്റിനെ ടോറി എം.പിമാര്‍ പോലും പൂര്‍ണ്ണമായി പിന്തുണക്കുന്നില്ല എന്നതാണ് വാസ്തവം. എന്നാല്‍ അവര്‍ ജെറമി കോർബിനെ പിന്തുണക്കാനും തയ്യാറല്ല. അത് ബ്രെക്സിറ്റ് വൈകിപ്പിക്കുകയും രാജ്യത്തെ മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് തള്ളിവിടുകയും ചെയ്യുമെന്നതാണ് കാരണം. ‘എംപിമാർക്കുള്ള എന്റെ ലളിതവും പ്രധാനപ്പെട്ടതുമായ സന്ദേശം ഇതാണ്: നമ്മള്‍ ഒരുമിച്ചു നിന്നാല്‍ മാത്രമേ നോ ഡീല്‍ ബ്രെക്സിറ്റ് തടയാന്‍ കഴിയൂ’ എന്ന് കോർബിൻ പറയുന്നു.

‘യൂറോപ്യൻ യൂണിയൻ (ഇ.യു) വിടാനുള്ള റഫറണ്ടം പാസ്സാക്കിയിട്ട് മൂന്നുവര്‍ഷം കഴിഞ്ഞു. ബ്രിട്ടണ്‍ ഇപ്പോഴും വലിയ പ്രതിസന്ധി നേരിടുകയാണ്. വലിയ ജനപിന്തുണയൊന്നുമില്ലാതെ ബോറിസ് ജോൺസൺ പ്രധാനമന്ത്രിയായി. കരാർ ഇല്ലാത്ത പരിഹാരവുമായി ഡൊണാൾഡ് ട്രംപിന്റെ കൈകളിലേക്കാണ് അദ്ദേഹം നമ്മുടെ രാജ്യത്തെ ആനയിക്കുന്നത്. അത് ബ്രിട്ടനെ പാതാളത്തിലേക്ക് തള്ളിവിടുന്നതിനു സമാനമാണ്. ഇ.യുവുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കുന്നതിനുള്ള ഏറ്റവും ലളിതവും ജനാധിപത്യപരവുമായ മാർഗമാണ് കഴിഞ്ഞ ആഴ്ച ഞാൻ തയ്യാറാക്കി അവതരിപ്പിച്ച പദ്ധതി. ഇനിയും ഒരുപാട് വൈകാതെ നാം ഈ അവസരം പ്രയോജനപ്പെടുത്തണം. തിരഞ്ഞെടുക്കപ്പെടാത്ത പ്രധാനമന്ത്രിയല്ല, ജനങ്ങളാണ് നമ്മുടെ രാജ്യത്തിന്റെ ഭാവി തീരുമാനിക്കേണ്ടത്’- ജെറമി കോർബിന്‍ പറഞ്ഞു. എന്നാല്‍ ഒട്ടുമിക്ക നേതാക്കളും അദ്ദേഹത്തെ അംഗീകരിക്കുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍