UPDATES

വിപണി/സാമ്പത്തികം

ആഗോള ഭീമൻ‍ ജോണ്‍സൺ ആന്റ് ജോണ്‍സണെതിരെ യുഎസ് കോടതി, മയക്കുമരുന്നിന്റെ അംശമുള്ള മരുന്നുകള്‍ പ്രചരിപ്പിച്ചതിന് 572 കോടി ഡോളറിന്റെ പിഴ

അമേരിക്കയിൽ ഡോക്ടർമാർ എഴുതി നൽകുന്ന പ്രിസ്ക്രിപ്ക്ഷൻ വഴി ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന വേദനാസംഹാരികളാണ് ജോൺസൺ ആന്റ് ജോൺസണിന്റേത്.

മയക്കുമരുന്നിന്റെ അംശമുള്ള വേദനസംഹാരികൾ വ്യാപകമായി വിപണിയിലെത്തിച്ചെന്ന ആരോപണത്തിൽ ഫാർമസ്യൂട്ടിക്കൽ ഉൽപന്ന രംഗത്തെ ആഗോള ഭീമനായ ജോൺസൺ ആന്‍ഡ് ജോൺസണ് വൻ തുക പിഴ.
572 മില്ല്യൺ ഡോളറാണ് ( ഏകദേശം  4,119 കോടി രൂപ) അമേരിക്കൻ കോടതി പിഴ ചുമത്തിയത്. ‘തെറ്റായതും അപകടകരവുമായ’തുമായ കാമ്പെയ്ൻ നടത്തി അമേരിക്കൻ ജനതയെ മരുന്നിന്റെ അടിമകളാക്കി മാറ്റിയെന്നും, മരുന്ന് ഉപയോഗം ആളകളിൽ മരണത്തിനു കാരണമാവുകയും ചെയ്തുവെന്നും ഒക്ലഹോമ കോടതി  ആദ്യ വിധിന്യായത്തിൽ ചൂണ്ടിക്കാട്ടിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മരുന്നുൽപ്പാദനരംഗത്തെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിധിയിലൂടെയാണ് ഒകൽഹോമ കോടതി ജോൺസൺ ആന്‍ഡ് ജോൺസണ് ചരിത്രത്തിലെ വലിയ പിഴകളിൽ ഒന്ന് ചുമത്തിയത്. മയക്കുമരുന്നിന്റെ അംശമുള്ള വേദനസംഹാരികളുടെ സുരക്ഷയെക്കുറിച്ചും ഫലപ്രാപ്തിയെക്കുറിച്ചും തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുക മാത്രമല്ല, അമിതമായ പരസ്യങ്ങളിലൂടെ ഡോക്ടർമാരെ വരെ സ്വാധീനിച്ചുവെന്നും അതുവഴി പൊതു വിപത്തായി മാറുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

ജോണ്‍സണു പുറമേ നിരവധി കമ്പനികളും വിതരണക്കാരും, ഫാർമസി ശൃംഖലകളും രാജ്യത്തെ വിവിധ കോടതികളില്‍ സമാനമായ കേസുകള്‍ നേരിടുന്നുണ്ട്. അവര്‍ക്കും കൂടെയുള്ള കനത്ത തിരിച്ചടിയാണ് ഈ വിധി. ഈ സാഹചര്യത്തിൽ വിധിക്കെതിരെ അപ്പീൽ നൽകാനാണ് ജോൺസൺ ആന്‍ഡ് ജോൺസന്റെ നീക്കം.അമേരിക്കയിൽ ഡോക്ടർമാർ എഴുതി നൽകുന്ന പ്രിസ്ക്രിപ്ക്ഷൻ വഴി ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന വേദനാസംഹാരികളാണ് ജോൺസൺ ആന്റ് ജോൺസണിന്റേത്.

ജോൺസൺ ആന്‍ഡ് ജോൺസണ്‍ നമ്മുടെ സംസ്ഥാനത്ത് വിറ്റഴിച്ച മയക്കുമരുന്നിന്റെ അംശമുള്ള വേദനസംഹാരികളുടെ ഫലമായി പകര്‍ച്ചവ്യാധികള്‍ രൂക്ഷമായതായും, അത് 2000 മുതൽ ഒക്ലഹോമയിൽ മാത്രം 6,000 പേരുടെ മരണത്തിനു കാരണമായതായും ഒക്ലഹോമയുടെ അറ്റോർണി ജനറൽ മൈക്ക് ഹണ്ടർ പറഞ്ഞു. മരുന്നുകളിലെ മയക്കുമരുന്നിന്റെ അംശം ആളുകളെ അടിമകളാക്കി മാറ്റുകയാണെന്നും ഇവയുടെ അമിതോപയോഗം മൂലം 99നും 2017നും ഇടയിൽ നാലുലക്ഷത്തോളം മരണങ്ങൾ സംഭവിച്ചുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവെൻഷന്റെ കണക്കുകൾ ഉദ്ധരിച്ചായിരുന്നു വാദങ്ങൾ.

അതേസമയം, വിധിന്യായത്തിൽ പിഴവുകളുണ്ടെന്ന് ജോൺസൺ ആന്‍ഡ് ജോൺസന്‍റെ അഭിഭാഷകരിലൊരാളായ സഫ്രീന സ്ട്രോംഗ് പറഞ്ഞു.ഫെഡറൽ റെഗുലേറ്റർമാർ അംഗീകരിച്ച മരുന്നുകള്‍ മാത്രമാണ് കമ്പനി വില്‍പ്പന നടത്തിയിട്ടുള്ളതെന്നും അതിനെ ഒക്ലഹോമയിലെ മരണങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കാൻ കഴിയില്ലെന്നും അവര്‍ വാദിച്ചു. ‘മയക്കുമരുന്നിന്റെ ദുരന്തഫലം അനുഭവിക്കുന്ന എല്ലാവരോടും ഞങ്ങള്‍ക്ക് സഹതാപമുണ്ട്. എന്നാൽ ഒക്ലഹോമയിലടക്കം ഈ രാജ്യത്തെവിടെയും ജോൺസൺ ആന്‍ഡ് ജോൺസൺ ഒരു ഒപിയോയിഡ് പ്രതിസന്ധിയും ഉണ്ടാക്കിയിട്ടില്ല’- സ്ട്രോംഗ് കൂട്ടിച്ചേര്‍ത്തു.

Read More- 65 പോലീസുകാരുടെ ആത്മഹത്യ എത്രയോ നിസാരം, നിങ്ങള്‍ ഹൃദയസ്തംഭന മരണങ്ങളുടെ കണക്കെടുക്കൂ, വിവാഹ മോചനങ്ങളുടെയും; കേരള പോലീസിനുള്ളിലെ ‘ഇന്‍സ്റ്റിറ്റ്യൂഷന്‍ കൊലകള്‍’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍