UPDATES

വിദേശം

കാബൂളിൽ ചാവേർ ആക്രമണം; 43 പേർ കൊല്ലപ്പെട്ടു: യുദ്ധപരാജയം മറയ്ക്കാൻ താലിബാൻ സാധാരണക്കാരെ കൊല്ലുന്നുവെന്ന് അഫ്ഗാനിസ്ഥാൻ

കെട്ടിടത്തിൽ കുടുങ്ങിയ 350ലധികം പേരെ രക്ഷപ്പെടുത്തി. മരിച്ചവരിലധികവും സാധാരണക്കാരാണ്.

കാബൂളിലെ ഒരു സർക്കാർ കെട്ടിടത്തിനു നേരെ നടന്ന ചാവേറാക്രമണത്തിൽ 43 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മണിക്കൂറുകളോളം നീണ്ട വെടിവെപ്പുകളും ചാവേറാക്രമണവുമാണ് മരണസംഖ്യ ഇത്രയും വലിയതാക്കിയത്. ഈ വർഷത്തിൽ കാബൂളിൽ നടന്ന ഏറ്റവും വലിയ ആക്രമണമാണങ്ങളിലൊന്നാണ് ഇതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

പൊതുമരാമത്ത് മന്ത്രാലയവും പട്ടാളത്തിൽ നിന്നും പിരിഞ്ഞവർക്ക് പെൻഷന്‍ ആനുകൂല്യങ്ങളും മറ്റും നൽകുന്നത് കൈകാര്യം ചെയ്യുന്ന ഒരു ഓഫീസും നിലനിൽക്കുന്ന മറ്റൊരു കെട്ടിടത്തിലായിരുന്നു ആക്രമണം. പത്തുപേർക്ക് പരിക്കേറ്റിട്ടുമുണ്ട്. അക്രമികൾ വിവേചനരഹിതമായി വെടിയുതിർക്കുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വൈകുന്നേരത്തോടെയായിരുന്നു സംഭവം. കവാടത്തിൽ വെച്ച് കാർബോംബ് സ്ഫോടനം നടത്തിയ ശേഷമായിരുന്നു വെടിവെപ്പ്.

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പലരും കെട്ടിടത്തിൽ നിന്നും താഴെക്ക് എടുത്തു ചാടിയതായി റിപ്പോർട്ടുകൾ പറയുന്നു. കെട്ടിടത്തിൽ ബാക്കിയുള്ളവർ മണിക്കൂറുകളോളം അകത്ത് കുടുങ്ങിക്കിടന്നു. വൻ സന്നാഹങ്ങളുമായി സൈന്യം എത്തിയതിനു ശേഷമാണ് ഇവർക്ക് പുറത്തിറങ്ങാനായത്.

ചാവേറടക്കം നാല് അക്രമികളെ സൈന്യം വെടിവെച്ചു കൊന്നു. കെട്ടിടത്തിൽ കുടുങ്ങിയ 350ലധികം പേരെ രക്ഷപ്പെടുത്തി. മരിച്ചവരിലധികവും സാധാരണക്കാരാണ്.

കഴിഞ്ഞമാസം ഒരു മതാനുഷ്ഠാനവുമായി ബന്ധപ്പെട്ട് കൂടിയ ആളുകൾക്കു നേരെയുണ്ടായ ആക്രമണത്തിൽ 55 പേർ കൊല്ലപ്പെട്ടിരുന്നു.

യുദ്ധമുഖത്തെ തങ്ങളുടെ പരാജയം മറച്ചുവെക്കാനാണ് ഭീകരവാദികൾ സാധാരണക്കാരെ ലക്ഷ്യം വെക്കുന്നതെന്ന് അഫ്ഗാൻ പ്രസിഡണ്ട് അഷ്റഫ് ഘനി പറഞ്ഞു. താലിബാനാണ് ആക്രമണം നടത്തിയതെന്ന് പ്രധാനമന്ത്രി അബ്ദുള്ള അബ്ദുള്ള പറഞ്ഞു. തങ്ങളുടെ ജനങ്ങൾക്കെതിരെ നടത്തുന്ന ഓരോ ആക്രമണത്തിനും മറുപടി കൂടുതൽ ശക്തമായ താലിബാൻ ഉന്മൂലന നീക്കമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍