UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജമാൽ ഖഷോഗിയുടെ മൃതദേഹം ആസിഡ് ഒഴിച്ച് നശിപ്പിച്ചിരിക്കാമെന്ന് തുർക്കി

മൃതദേഹം പലതായി വെട്ടിമുറിച്ച ശേഷം ആസിഡ് ഒഴിച്ച് നശിപ്പിച്ചിരിക്കുമെന്നതാണ് തങ്ങളുടെ നിഗമനമെന്ന് യാസിന്‍ അക്തായി പറഞ്ഞു.

തുർക്കിയിലെ സൗദി സ്ഥാനപതി കാര്യാലയത്തിൽ വെച്ച് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ മൃതദേഹം ആസിഡ് ഉപയോഗിച്ച് നശിപ്പിച്ചിരിക്കാമെന്ന് തുർക്കി പ്രസിഡണ്ട് തയ്യിപ് എർദോഗന്റെ ഉപദേഷ്ടാപ് യാസിൻ അക്തായി. അന്വേഷകർക്ക് ഇതുവരെ ഖഷോഗിയുടെ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഒക്ടോബർ രണ്ടിനാണ് കോൺസുലേറ്റിനുള്ളിലേക്ക് കടന്ന ഖഷോഗിയെ കാണാതായത്. ഇദ്ദേഹത്തിന്റെ മരണം കോൺസുലേറ്റിനുള്ളിലുള്ളവരുമായുള്ള മൽപ്പിടിത്തത്തിൽ സംഭവിച്ചിരുന്നെന്ന് സൗദി സമ്മതിച്ചിരുന്നു. സൗദി കിരീടാവകാശി മൊഹമ്മദ് ബിൻ സൽമാന്റെ ഏകാധിപത്യ നിലപാടുകളുടെ വിമർശകനായിരുന്നു ഖഷോഗി.

മൃതദേഹം പലതായി വെട്ടിമുറിച്ച ശേഷം ആസിഡ് ഒഴിച്ച് നശിപ്പിച്ചിരിക്കുമെന്നതാണ് തങ്ങളുടെ നിഗമനമെന്ന് യാസിന്‍ അക്തായി പറഞ്ഞു. ഇതു മാത്രമാണ് യുക്തിപരമായ നിഗമനമെന്നും അദ്ദേഹം വിശദീകരിച്ചു.

ചെറുപ്പകാലത്ത് മുസ്ലിം ബ്രദർഹുഡുമായി ഖഷോഗിക്കുണ്ടായിരുന്ന ബന്ധത്തെ ചൂണ്ടിക്കാട്ടി തനിക്ക് പ്രതിരോധം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് സൽമാൻ രാജകുമാരൻ ഇപ്പോൾ. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകൻ ജാരെദ് കുഷ്‍നർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ എന്നിവരുമായി നടത്തിയ സംഭാഷണത്തിൽ ഖഷോഗി ഭീകരവാദിയാണെന്ന് വരുത്തിത്തീര്‍ക്കുന്ന തരത്തിലാണ് സൽമാൻ സംസാരിച്ചതെന്ന് അമേരിക്കൻ മാധ്യമങ്ങൾ പറയുന്നു. അമേരിക്കയുമായുള്ള നയതന്ത്രബന്ധം ഉലയാതിരിക്കാനുള്ള ശ്രമങ്ങളാണ് ഈ സംഭാഷണങ്ങളിൽ സൽമാൻ നടത്തിയത്.

അതിനിടെ ഖഷോഗിക്ക് ബ്രദർഹുഡുമായി മൊഹമ്മദ് ബിൻ സൽമാൻ ആരോപിക്കുന്ന തരത്തിലുളള ബന്ധം ഇല്ലായിരുന്നെന്ന് ഖഷോഗിയുടെ കുടുംബം വ്യക്തമാക്കി. മുസ്ലിം ബ്രദർ ഹുഡിൽ അദ്ദേഹത്തിന് അംഗത്വമുണ്ടായിരുന്നില്ല. ജീവിച്ചിരുന്നപ്പോൾ തന്നെ ഖഷോഗി ഈ ആരോപണം പലതവണ നിഷേധിച്ചിരുന്നെന്നും കുടുംബം പറഞ്ഞു. സൽമാൻ രാജകുമാരനെ ഭയന്ന് നേരത്തെ തന്നെ അമേരിക്കയിൽ അഭയം തേടിയിരുന്നു ഖഷോഗിയുടെ കുടുംബം. ഈ കുടുംബത്തിന് സഞ്ചാരനിരോധനം ഏർപ്പെടുത്തിയപ്പോൾ സൗദിയിൽ കുടുങ്ങിയ ഖഷോഗിയുടെ മൂത്തമകനും അദ്ദേഹത്തിന്റെ മരണശേഷം നിരോധനം നീക്കിയപ്പോൾ അമേരിക്കയിലേക്ക് പോയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍