UPDATES

വിദേശം

ട്രംപിന്റെ ‘ഭ്രാന്ത്’ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതിന് പ്രേരിപ്പിക്കുന്നു: കിം ജോംഗ്-ഉന്‍

പോംങ്യാങുമായി വ്യാപാരത്തില്‍ ഏര്‍പ്പെടുന്ന കമ്പനികളെയും ധനകാര്യസ്ഥാപനങ്ങളെയും ഒഴിവാക്കാന്‍ യുഎസ് ട്രഷറിക്ക് അനുമതി നല്‍കിക്കൊണ്ടുള്ള പുതിയ ഉപരോധത്തിന് ട്രംപ് ഉത്തരവിട്ടു. അതിന്റെ ആണവായുധ, മിസൈല്‍ പരിപാടികള്‍ക്കായി അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്നത് ഇനിയും അനുവദിക്കാനാവില്ലെന്ന് ട്രംപ് വ്യക്താക്കിയിരുന്നു

ഉത്തര കൊറിയ ആണവ ആയുധങ്ങള്‍ വികസിപ്പിക്കണം എന്ന തന്റെ നിലപാട് ശരിയാണെന്ന് ‘ഭ്രാന്തുപിടിച്ച’ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജല്‍പനങ്ങള്‍ ശരിവെക്കുന്നതായി ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ്-ഉന്‍. അമേരിക്ക സ്വയം പ്രതിരോധിക്കേണ്ട ഒരു സ്ഥിതിവിശേഷം സംജാതമാവുകയാണെങ്കില്‍ ഉത്തര കൊറിയയെ നാമവശേഷമാക്കുമെന്ന ട്രംപിന്റെ ഐക്യരാഷ്ട്രസഭയിലെ പ്രസംഗത്തോട് സര്‍ക്കാര്‍ മാധ്യമത്തിലൂടെ പ്രതികരിക്കുകയായിരുന്നു ഉത്തര കൊറിയന്‍ നേതാവ്. അത്യപൂര്‍വമായാണ് കിം നേരിട്ട് പ്രതികരിക്കുന്നത്.

ആത്മഹത്യ പ്രവണതയുള്ള ‘റോക്കറ്റ് മാനാണ്’ കിമ്മെന്ന് യുഎസ് പ്രസിഡന്റ് തന്റെ പ്രസംഗത്തില്‍ കളിയാക്കിയിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ തുടരുന്ന ചൂടേറിയ വാഗ്വാദങ്ങളുടെ ബാക്കിയാണ് ഇപ്പോഴത്തെ പ്രതികരണങ്ങളും. യുഎസ് പ്രസിഡന്റിന്റെ പ്രസംഗത്തെ കുരയ്ക്കുന്ന പട്ടിയുടെ ശബ്ദത്തോടാണ് ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രി റി യോംഗ്-ഹോ വിശേഷിപ്പിച്ചത്.

അമേരിക്കന്‍ ഭീഷണിക്കെതിരെ ഉത്തര കൊറിയ പസഫിക് മഹാസമുദ്രത്തില്‍ ഏറ്റവും ശക്തിയേറിയ ഹൈട്രജന്‍ ബോംബ് പരീക്ഷിക്കുമെന്നും റി യോംഗ്-ഹോ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ നടപടികളെല്ലാം കിം ജോംഗ്-ഉന്നിന്റെ നിര്‍ദ്ദേശപ്രകാരമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഔദ്ധ്യോഗിക വാര്‍ത്ത ഏജന്‍സിയായ കെസിഎന്‍എ പ്രക്ഷേപണം ചെയ്ത കിമ്മിന്റെ പ്രസതാവനയില്‍ ആണവ ആയുധ പരിപാടികളുമായി മുന്നോട്ട് പോകാനുള്ള തന്റെ തീരുമാനത്തെ കുറിച്ച് കൂടുതല്‍ വ്യക്തത വരുത്താന്‍ ട്രംപിന്റെ വാക്കുകള്‍ തന്നെ സഹായച്ചതായി ഉത്തര കൊറിയന്‍ നേതാവ് പറഞ്ഞു. ട്രംപ് കരുതുന്നതിനേക്കാള്‍ വലിയ വില തന്റെ വാക്കുകള്‍ക്ക് അദ്ദേഹം നല്‍കേണ്ടി വരുമെന്നും കിം ഭീഷണിപ്പെടുത്തി.

ആദ്യമായാണ് അന്താരാഷ്ട്ര സമൂഹത്തെ കിം നേരിട്ട് അഭിസംബോധന ചെയ്യുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. യുഎന്‍ പ്രതിസംഘം ന്യൂയോര്‍ക്കില്‍ തിരിച്ചെത്തിയതതിന് തൊട്ടുപിന്നാലെയായിരുന്നു കിമ്മിന്റെ പ്രസ്താവന പുറത്തുവന്നത്. അതിനാല്‍ തന്നെ കൂടിയാലോചനയ്ക്ക് ശേഷമുള്ള ഗൗരവതരമായ പ്രസ്താവനയാണിതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കിമ്മിന്റെ പ്രസ്താവനയോട് കടുത്ത ഭാഷയിലാണ് ജപ്പാന്‍ പ്രതികരിച്ചത്. പ്രദേശിക, അന്താരാഷ്ട്ര സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്ന വിധത്തില്‍ പ്രകോപനപരമാണ് കിമ്മിന്റെ പ്രസ്താവനയെന്നും അതിനാല്‍ തന്നെ അത് അംഗീകരിക്കാനാവില്ലെന്നും ജപ്പാന്‍ ക്യാബിനറ്റ് സെക്രട്ടറി യോഷിഹൈഡെ സുഗ അഭിപ്രായപ്പെട്ടു. പ്രാദേശിക സംഘര്‍ഷങ്ങള്‍ക്ക് ആക്കം കൂട്ടിക്കൊണ്ട് ഉത്തര കൊറിയ കഴിഞ്ഞ മാസം ജപ്പാന് മുകളില്‍ കൂടി രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചിരുന്നു.

ഉത്തര കൊറിയയെ പൂര്‍ണമായി തകര്‍ത്തു കളയും; യു എന്നില്‍ ഭീഷണി മുഴക്കി ട്രംപ്

ഇതിനിടെ പോംങ്യാങുമായി വ്യപാരത്തില്‍ ഏര്‍പ്പെടുന്ന കമ്പനികളെയും ധനകാര്യസ്ഥാപനങ്ങളെയും ഒഴിവാക്കാന്‍ യുഎസ് ട്രഷറിക്ക് അനുമതി നല്‍കിക്കൊണ്ടുള്ള പുതിയ ഉപരോധത്തിന് ട്രംപ് ഉത്തരവിട്ടു. അതിന്റെ ആണവായുധ, മിസൈല്‍ പരിപാടികള്‍ക്കായി അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്നത് ഇനിയും അനുവദിക്കാനാവില്ലെന്ന് ട്രംപ് ഒരു പ്രസ്താവനയില്‍ പറഞ്ഞു. ഉത്തര കൊറിയയുടെ ഇന്ധന, സാമ്പത്തിക സ്‌ത്രോതസുകള്‍ അടച്ചുകൊണ്ടുള്ള പുതിയ ഉപരോധത്തിന്‍ ഐക്യരാഷ്ട്ര രക്ഷാസമിതിയും ഈ മാസം ആദ്യം അംഗീകാരം നല്‍കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍