UPDATES

വിപണി/സാമ്പത്തികം

സാമ്പത്തിക പ്രതിസന്ധി: ലോകത്തെ ഏറ്റവും വലിയ ട്രാവൽ ഏജൻസി തോമസ് കുക്ക് അടച്ചുപൂട്ടി

20,000 ജീവനക്കാർ തൊഴിൽ രഹിതരാകുമെന്നാണ് കണക്കുകൾ.

ലോകത്തിലെ ഏറ്റവും പഴക്കംചെന്ന ട്രാവല്‍ ഏജന്‍സിയായ തോമസ് കുക്കിനെ രക്ഷപ്പെടുത്താനുള്ള അവസാനവട്ട ചര്‍ച്ചകളും പരാജയപ്പെട്ടു. അതോടെ ‘തോമസ് കുക്ക് അടച്ചുപൂട്ടിയതായി’ യുകെ സിവിൽ ഏവിയേഷൻ അതോറിറ്റി (സി‌എ‌എ) അറിയിച്ചു.  കമ്പനി പൂട്ടുന്നതോടെ 20,000 ജീവനക്കാർ തൊഴിൽ രഹിതരാകുമെന്നാണ് കണക്കുകൾ.

178 വർഷത്തെ പ്രവർത്തന പാരമ്പര്യവും ഇന്ത്യയടക്കം നിരവധി രാജ്യങ്ങളില്‍ സാന്നിധ്യവും ഉള്ള കമ്പനിയാണത്. തോമസ് കുക്ക് ഇന്ത്യ വേറെ കമ്പനി ആയതിനാൽ അവരെ പ്രതിസന്ധി ബാധിക്കില്ലെന്നാണ് കരുതുന്നത്. ‘കമ്പനിയുടെ തകർച്ചയില്‍ അഗാധമായി ഖേദം രേഖപ്പെടുത്തുന്നതായി’ കുക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് പീറ്റർ ഫാൻ‌ ഹൌസർ പറഞ്ഞു.

കമ്പനി പാപ്പരായി പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതമായ സാഹചര്യത്തില്‍ ‘ദശലക്ഷക്കണക്കിന് ഉപഭോക്താക്കളോടും ആയിരക്കണക്കിന് ജീവനക്കാരോടും’ ക്ഷമ ചോദിക്കുന്നുവെന്നും ഹൌസർ പറഞ്ഞു. പ്രതിസന്ധി മറികടക്കാന്‍ വേണ്ടിയിരുന്ന രണ്ടായിരം കോടി രൂപ നല്‍കാന്‍ ബാങ്കുകളോ നിക്ഷേപകരോ തയാറാകാതെ വന്നതോടെയാണ് പാപ്പരായി പ്രഖ്യാപിക്കേണ്ട അവസ്ഥയിലേക്ക് കുക്ക് കൂപ്പുകുത്തിയത്. സി‌എ‌എയുടെ പ്രഖ്യപനം വന്ന ഉടന്‍തന്നെ കമ്പനിയുടെ നൂറിലേറെ വിമാനങ്ങള്‍ അടിയന്തിരമായി ബ്രിട്ടനില്‍ തിരിച്ചറിക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കമ്പനിയുടെ ഒന്നരലക്ഷത്തോളം വിനോദസഞ്ചാരികളെ ബ്രിട്ടീഷ് സര്‍ക്കാര്‍ തിരികെ അതത് സ്ഥലങ്ങളില്‍ എത്തിക്കും.

ലോകത്തെ പ്രമുഖ വിമാനത്താവളങ്ങളിലും പ്രധാനപ്പെട്ട നഗരങ്ങളിലും തോമസ് കുക്കിന് സ്വന്തമായി ഓഫിസും പ്രവർത്തന സംവിധാനങ്ങളുമുണ്ട്. ഏകദേശം 20000 കോടി രൂപയുടെ കടക്കെണിയിലാണ് കമ്പനി അകപ്പെട്ടത്. റോയൽ ബാങ്ക് ഓഫ് സ്കോട്ട്ലൻഡുമായും ലോയിഡ്സ് ബാങ്കുമായും ബന്ധപ്പെട്ട് അടിയന്തിര വായ്പ്പയ്ക്കായി കമ്പനി ശ്രമിച്ചു വരികയായിരുന്നു. എന്നാല്‍ ഇത്രയേറെ ഭീമമായ ബാധ്യത ഏറ്റെടുക്കാൻ ബാങ്കുകൾ തയ്യാറായില്ല. കമ്പനിയുടെ ഏറ്റവും വലിയ ഷെയർ ഹോൾഡമാരായ ചൈനീസ് കമ്പനി ഫോസനുമായി ചേർന്നും രക്ഷാദൗത്യത്തിന് കമ്പനി ശ്രമിച്ചിരുന്നു. അതും വിജയം കണ്ടില്ല. അതോടെയാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയത്.

കമ്പനിയുമായി സഹകരിച്ച് വിദേശരാജ്യങ്ങളില്‍ വിനോദത്തിലേര്‍പ്പെട്ട ബ്രിട്ടിഷ്  പൗരന്മാരെ ഉടന്‍ യു.കെയിലേക്ക് തിരിച്ചുകൊണ്ടുപോകാന്‍ ‘ഓപ്പറേഷൻ മാറ്റർഹോൺ’ എന്ന പേരില്‍ അടിയന്തര ഇടപെടല്‍ നടത്തിയിരുന്നു. അതിനു മാത്രമായി ഞായറാഴ്ച വിമാനങ്ങള്‍ വിദേശ രാജ്യങ്ങളിലേക്ക് പറന്നു. ലോകത്തെ അറിയപ്പെടുന്ന ഹോളിഡേ ബ്രാൻഡുകളിലൊന്നായ ഈ കമ്പനി 1841-ൽ കാബിനറ്റ് നിർമാതാവായ തോമസ് കുക്കാണ് സ്ഥാപിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍