UPDATES

വിദേശം

ബ്രസീൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ശ്രമം ലുല ഉപേക്ഷിച്ചു; പകരം ഫെർണാണ്ടോ ഹദ്ദാദ് രംഗത്തിറങ്ങും

പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാൻ ലുല തന്നെ നിർദ്ദേശിച്ച ഫെർണാണ്ടോ ഹദ്ദാദ് രംഗത്തിറങ്ങുന്നു

ബ്രസീലിയൻ തെരഞ്ഞെടുപ്പിൽ പ്രസിഡണ്ട് സ്ഥാനത്തേക്ക് ഫെർണാണ്ടോ ഹദ്ദാദിനെ വർക്കേഴ്സ് പാർട്ടിയുടെ സ്ഥാനാർത്ഥിയായി മുൻ പ്രസിഡണ്ട് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ നിർദ്ദേശിച്ചു. കള്ളപ്പണം വെളുപ്പിച്ചതടക്കമുള്ള അഴിമതികളിൽ ശിക്ഷിക്കപ്പെട്ട് ജയിലിലുള്ള ലുലയ്ക്ക് മത്സരിക്കാനാകില്ലെന്ന് രാജ്യത്തെ തെരഞ്ഞെടുപ്പു കോടതി വിധി പ്രസ്താവിച്ചിരുന്നു. ഇതോടെ ബ്രസീലിൽ ശക്തമായ ജനപിന്തുണയുള്ള ലുലയ്ക്ക് മത്സരിക്കാൻ സാധിക്കില്ലെന്നുറപ്പായി.

പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാൻ ലുല തന്നെ നിർദ്ദേശിച്ച ഫെർണാണ്ടോ ഹദ്ദാദ് രംഗത്തിറങ്ങുകയാണ്. വർക്കേഴ്സ് പാർട്ടിയുടെ പ്രമുഖ നേതാക്കളിലൊരാളാണ് ഒരു അക്കാദമീഷ്യൻ കൂടിയായ ഇദ്ദേഹം. ലുലയുടെ ഭരണകാലത്ത് വിദ്യാഭ്യാസമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാമ്പത്തിക ആസൂത്രണരംഗത്ത് ഏറെക്കാലം വിവിധ സ്ഥാപനങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുമുണ്ട്. സാവോ പോളോ നഗരത്തിന്റെ മേയറായിരുന്നു.

2018 ഒക്ടോബർ മാസത്തിലാണ് ബ്രസീലിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ തെരഞ്ഞെടുപ്പിൽ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, നാഷണൽ കോൺഗ്രസ്സ് അംഗങ്ങൾ, സ്റ്റേറ്റ്, ഫെഡറൽ ഡിസ്ട്രിക്റ്റ് ഗവർണർമാർ, സ്റ്റേറ്റ് ലജിസ്ലേറ്റീവ് അസംബ്ലിം അംഗങ്ങൾ, ഫെഡറൽ ഡിസ്ട്രിക്ട് ലജിസ്ലേറ്റീവ് ചേമ്പർ അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുക്കും.

തീവ്രവലത് കക്ഷിയായ സോഷ്യൽ ലിബർട്ടി പാർട്ടിയുടെ ജയിർ ബോൽസോനോരോയാണ് ഫെർനാണ്ടോ ഹദ്ദാദിന്റെ പ്രധാന എതിരാളി. ജയിറിന് രണ്ടുദിവസം മുമ്പ് ഒരു തെരഞ്ഞെടുപ്പ് റാലിയിൽ വെച്ച് കുത്തേറ്റിരുന്നു. വയറിന് കുത്തേറ്റ ഇദ്ദേഹത്തിന്റെ നില ഗുരുതരമായിരുന്നെങ്കിലും സുഖം പ്രാപിക്കുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്. കുത്തേറ്റപ്പോൾ 40 ശതമാനത്തോളം രക്തം നഷ്ടപ്പെട്ടിരുന്നു.

സർവ്വേ റിപ്പോർട്ടുകൾ പ്രകാരം ഇദ്ദേഹം തെരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കുമെന്നാണ് വിവരം.

ഫെർണാണ്ടോയുടെ മറ്റൊരെതിരാളി നാഷണൽ ലേബർ പാർട്ടിയുടെ അൽവാരോ ഡയസ് ആണ്. ഇദ്ദേഹത്തിന്റേത് ഒരു സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍