UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആമസോൺ നയത്തെ വിമർശിച്ച മാക്രോണിന്റെ ഭാര്യയെക്കുറിച്ച് അശ്ലീല പരാമർശം നടത്തി ബോൾസൊനാരോ; ബ്രസീലിയൻ ജനതയ്ക്ക് നാണക്കേടെന്ന് ഫ്രഞ്ച് പ്രസിഡണ്ട്

“എനിക്ക് ബ്രസീലിയൻ ജനതയോട് സൗഹൃദവും ആദരവും തന്നെയാണ് തോന്നുന്നത്. അവര്‍ക്ക് നന്നായി പെരുമാറാന്‍ അറിയുന്ന ഒരു പ്രസിഡണ്ടിനെ ഉടന്‍തന്നെ ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.”

തന്റെ ഭാര്യക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ ബ്രസീലിയൻ പ്രസിഡന്‍റ് ബോൾസോനാരോക്കെതിരെ വിമര്‍ശനവുമായി ഇമ്മാനുവല്‍ മാക്രോണ്‍. ‘അദ്ദേഹം എന്റെ ഭാര്യയെക്കുറിച്ച് അസാധാരണമായ ചില മോശം പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. അത്, ആദ്യം അദ്ദേഹത്തിനും രണ്ടാമതായി ബ്രസീലിനും നാണക്കേടാണ്’-മാക്രോണ്‍ പറഞ്ഞു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധവും പ്രതിസന്ധിയിലായി. ബ്രിജിറ്റ് മാക്രോൺ തന്റെ ഭാര്യ മിഷേൽ ബോൾസോനാരോയെപ്പോലെ സുന്ദരിയല്ലെന്നായിരുന്നു ബോൾസോനാരോ ഫേസ്ബുക്കില്‍ കുറിച്ചത്.

സമൂഹമാധ്യമങ്ങളിലെ ബോൾസോനാരോയുടെ അനുയായികള്‍ അതേറ്റെടുത്തു. ‘മാക്രോൺ ബോൾസനാരോയെ ഉപദ്രവിക്കുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായോ?’ എന്നാണ് ഒരാള്‍ ചോദിച്ചത്. ഫ്രഞ്ച് പ്രസിഡന്റുമാരില്‍ ഭാര്യയെക്കാള്‍ പ്രായം കുറഞ്ഞ ഏക വ്യക്തിയാണ് മക്രോണ്‍. മക്രോണും ഭാര്യ ബ്രിജിറ്റ് ട്രോഗനെസും തമ്മില്‍ 24 വയസ് വ്യത്യാസമുണ്ട്. തന്റെ അധ്യാപികയായിരുന്ന ബ്രിജിറ്റിനെ 2007ലാണ് മക്രോണ്‍ വിവാഹം കഴിക്കുന്നത്.

‘ബ്രസീലിയൻ സ്ത്രീകൾ അവരുടെ പ്രസിഡണ്ടിന്റെ പോസ്റ്റ്‌ വായിച്ച് ലജ്ജിക്കുന്നുണ്ടാകും. ഉന്നതമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ബ്രസീലിലെ സാധാരണക്കാര്‍ അദ്ദേഹത്തിന്റെ ഈ പെരുമാറ്റം കണ്ട് തലതാഴ്ത്തുമെന്ന് ഞാന്‍ കരുതുന്നു. എനിക്ക് ബ്രസീലിയൻ ജനതയോട് സൗഹൃദവും ആദരവും തന്നെയാണ് തോന്നുന്നത്. അവര്‍ക്ക് നന്നായി പെരുമാറാന്‍ അറിയുന്ന ഒരു പ്രസിഡണ്ടിനെ ഉടന്‍തന്നെ ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’- എന്നാണ് മാക്രോണ്‍ പറഞ്ഞത്.

ആമസോണ്‍ വനാന്തരങ്ങളില്‍ കാട്ടുതീ പടര്‍ന്നുപിടിച്ചതും, അതിനെ നിയന്ത്രിക്കുന്നതില്‍ ബോൾസനാരോ കാണിച്ച ഉദാസീനതയും അന്താരാഷ്ട്ര തലത്തില്‍ രൂക്ഷമായി വിമര്‍ശിക്കപ്പെട്ടിരുന്നു. മാക്രോണ്‍ ഒരു പടികൂടെ കടന്ന് ബ്രസീലിയന്‍ സര്‍ക്കാരിനെ വിമര്‍ശിക്കുകയും ജി-7 ഉച്ചകോടിയില്‍ വിഷയം അടിയന്തിരമായി ചര്‍ച്ചചെയ്യുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇത് 40 വർഷത്തിനിടെ ആദ്യമായി ഫ്രാൻസും ബ്രസീലും തമ്മിലുള്ള ഏറ്റവും വലിയ നയതന്ത്ര പ്രതിസന്ധിക്ക് കാരണമാവുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍