UPDATES

വിദേശം

ജനങ്ങൾക്ക് തുറന്ന കത്ത്; മഞ്ഞക്കുപ്പായക്കാരെ ചെറുക്കാൻ ‘ദേശീയ മഹാസംവാദ’ത്തിന് തുടക്കമിട്ട് ഫ്രാൻസ് പ്രസിഡണ്ട്

രണ്ടു മാസം നീളുന്ന ‘ദേശീയ മഹാസംവാദ’ത്തിന് തുടക്കമിട്ട് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ. ഇതിന് തുടക്കമെന്ന നിലയിൽ 2,330 വാക്കുകളുള്ള ഒരു തുറന്ന കത്ത് മാക്രോൺ പ്രസിദ്ധീകരിച്ചു. ‘മഞ്ഞക്കുപ്പായ പ്രസ്ഥാനം’ കൂടുതൽ ശക്തി പ്രാപിക്കുന്നത് തടയുക എന്ന ലക്ഷ്യം കൂടി മുന്നിൽക്കണ്ടാണ് ഈ ദേശീയ സംവാദത്തിന് മാക്രോൺ തുടക്കമിടുന്നതെന്നത് വ്യക്തമാണ്.

താനും തന്റെ കക്ഷിയും 2017 തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുമ്പോട്ടു വെച്ച ആശയങ്ങളും നിർദ്ദേശങ്ങളും തന്നെയാണ് ഇപ്പോഴും സർക്കാരിന്റെ പ്രവർത്തനങ്ങളുടെ ലക്ഷ്യവും അടിത്തറയുമെന്നും മാക്രോൺ തന്റെ കത്തിൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പു കാലത്ത് മാക്രോൺ ഉയർത്തിയ സോഷ്യലിസ്റ്റ് വാചോടോപങ്ങളെല്ലാം പാഴായെന്നാണ് മഞ്ഞക്കുപ്പായക്കാർ കരുതുന്നത്. കടുത്ത മുതലാളിത്ത വികസന മാർഗത്തിലേക്കാണ് മാക്രോൺ ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നും ഇതാണ് സാധാരണക്കാർക്ക് എതിരായി മാറിയിരിക്കുന്നതെന്നും മഞ്ഞക്കുപ്പായക്കാർ പറയുന്നു.

‘ഒരു ചോദ്യവും നിരോധിക്കപ്പെട്ടിട്ടില്ല’ എന്ന് തന്റെ കത്തിൽ മാക്രോൺ വിശദീകരിച്ചു. എല്ലാം ശരിയായി പോകുന്നുണ്ടെന്ന് താൻ വാദിക്കില്ലെന്നും അതുതന്നെയാണ് ജനാധിപത്യമെന്നും അദ്ദേഹം വിശദീകരിച്ചു. ഏറ്റവും കുറഞ്ഞത് ജനങ്ങൾക്ക് തുറന്ന് സംവദിക്കാനുള്ള സാഹചര്യം ഇല്ലാതായിട്ടില്ലെന്ന് കാണേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

രണ്ടുമാസത്തോളമായി മാക്രോൺ കടുത്ത ജനകീയ പ്രക്ഷോഭത്തെയാണ് നേരിടുന്നത്. ആഴ്ചാവസാനങ്ങളിൽ ജനങ്ങൾ പുറത്തിറങ്ങി സർക്കാരിനെതിരെ പ്രതിഷേധിക്കുകയാണ്. ഡീസൽ വില കൂടുന്നതിനെതിരായിരുന്നു ജനങ്ങളുടെ ആദ്യ പ്രക്ഷോഭങ്ങൾ. ഡീസൽ വില വർധിപ്പിക്കില്ലെന്ന ഉറപ്പ് കിട്ടിയിട്ടും പ്രതിഷേധങ്ങൾക്ക് കുറവുണ്ടായില്ല. സർക്കാരിന്റെ നയങ്ങളെ മൊത്തത്തിൽ എതിർക്കുകയാണ് ജനകീയ പ്രക്ഷോഭകർ എന്നാണ് വ്യക്തമാകുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍