UPDATES

വിദേശം

മുൻ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മോഡലിനെ കൊന്ന കേസ് പുനരന്വേഷിക്കാൻ മലേഷ്യ പൊലീസ്

ഷാരിബൂവിന്റെ കൊലയിൽ തനിക്ക് ബന്ധമൊന്നുമില്ലെന്ന് നജീബ് നേരത്തെ പ്രസ്താവിച്ചിരുന്നു.

2006 ജൂൺ മാസത്തിലാണ് ഗർഭിണിയായ അൽറ്റാന്റ്യൂയ ഷാരിബൂ കൊല്ലപ്പെട്ടത്. അന്നത്തെ പ്രധാനമന്ത്രി നജിബിന്റെ രണ്ട് ബോഡ് ഗാർഡുകള്‍ ഷാരിബൂവിനെ പിടികൂടി കാട്ടിലെത്തിക്കുകയായിരുന്നു. തലയിലേക്ക് രണ്ടുതവണ നിറയൊഴിച്ച് കൊലപ്പെടുത്തി. ശേഷം മ‍ൃതശരീരം ബോംബ് വെച്ച് ചിതറിച്ചു. ഈ കേസിൽ നജീബിന്റെ സുരക്ഷാ ഉദ്യോഗസ്ഥരായ അസിലാ ഹാദ്രി, സൈറുൽ അസാർ ഉമർ എന്നിവർ അറസ്റ്റിലാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്തു.

പക്ഷെ ഈ കേസിൽ കൊലയാളികളുടെ ഉദ്ദേശ്യം എന്തായിരുന്നു എന്നതു മാത്രം വെളിവാക്കപ്പെട്ടില്ല. ആരാണ് കൊലപ്പെടുത്താൻ ഇവരെ ഏർപ്പാടാക്കിയതെന്നും വ്യക്തമായില്ല. ഈ ദുരൂഹതകൾ അവസാനിപ്പിക്കാൻ ഉത്തരവിട്ടിരിക്കുകയാണ് പുതുതായി അധികാരമേറ്റ സർക്കാർ.

കേസിൽ പുനരന്വേഷണം നടത്തുമെന്ന് പൊലീസ് ഐജി താൻ ശ്രീ മൊഹമ്മദ് ഫൂസി ഹാറൂൺ‌ അറിയിച്ചു. ഷാരിബൂവിന്റെ പിതാവ് നൽകിയ പുതിയ പരാതിയാണ് അന്വേഷണം വീണ്ടും നടത്താനുള്ള കാരണമെന്നും ഹാറൂൺ വ്യക്തമാക്കി.

കൊലപാതകവുമായി നജീബിന്റെ സംശയിക്കപ്പെടുന്ന ബന്ധം

അൽറ്റാന്റ്യൂയ ഷാരിബൂ കൊല്ലപ്പെട്ടത്തിൽ അന്നത്തെ പ്രധാനമന്ത്രി നജീബിന് വ്യക്തമായ ബന്ധമുണ്ടെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. ഇതിനു കാരണം ഷാരിബൂവും നജീബിന്റെ അടുത്ത അനുയായിയായ അബ്ദുൾ റസാഖ് ബാഗിന്ദയും തമ്മിലുണ്ടായിരുന്നെന്ന് പറയപ്പെടുന്ന പ്രണയബന്ധമാണ്.

ഷാരിബൂവിന്റെ കൊലയിൽ തനിക്ക് ബന്ധമൊന്നുമില്ലെന്ന് നജീബ് നേരത്തെ പ്രസ്താവിച്ചിരുന്നു. അള്ളാഹുവിന്റെ നാമത്തിലാണ് നജീബ് ഈ പ്രസ്താവന നടത്തിയത്. എന്നാൽ പുതിയ ചില തെളിവുകൾ തന്റെ പക്കലുണ്ടെന്നു ചൂണ്ടിക്കാട്ടി ഷാരിബുവിന്റെ പിതാവ് സ്റ്റീവ് രംഗത്തു വന്നു. ഇദ്ദേഹം സമർപ്പിച്ച പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം വീണ്ടും തുടങ്ങാൻ സർക്കാർ തീരുമാനമെടുത്തു.

ദശലക്ഷക്കണക്കിന് ഡോളർ തിരിമറി നടന്ന ഒരു മുങ്ങിക്കപ്പൽ വാങ്ങൽ ഇടപാടുമായി ബന്ധപ്പെട്ടാണ് കൊല നടന്നതെന്നാണ് സംശയിക്കപ്പെടുന്നത്. നജീബിന്റെ മറ്റൊരു അനുയായിയായ മൂസ ഷാഫ്രിയെ ഇതുവരെ ചോദ്യം ചെയ്യാത്തതിനെക്കുറിച്ചും ഷാരിബൂവിന്റെ പിതാവ് നൽകിയ പരാതിയിലുണ്ട്. മൂസയ്ക്കു വേണ്ടിയാണ് തന്റെ മകളെ കൊലപ്പെടുത്തിയതെന്ന് ഇദ്ദേഹം ആരോപിക്കുന്നു. ആരാണ് മൂസയെ ഇതിന് നിയോഗിച്ചതെന്നാണ് അറിയാനുള്ളതെന്നും സ്റ്റീവ് പറഞ്ഞു.

ഏഷ്യയിലെ ആറ് പ്രധാന രാത്രി ചന്തകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍