UPDATES

വിദേശം

ശക്തമായ ഇന്റർനെറ്റ് നിയമനിർമാണങ്ങൾ വരണം; തെരഞ്ഞെടുപ്പുകളുടെ സുതാര്യത നിയമങ്ങളിലൂടെ സംരക്ഷിക്കപ്പെടണം: സുക്കർബർഗ്

വിദ്വേഷം പ്രചരിപ്പിക്കാൻ ഫേസ്ബുക്ക് കൂട്ടു നിൽക്കുന്നെന്ന് ആരോപണമുയർന്നിരുന്നു.

സമൂഹമാധ്യമങ്ങളും ഇന്റർനെറ്റും നിയമവൽക്കരിക്കപ്പെടേണ്ടതുണ്ടെന്ന് വാദിച്ചും, അതിലേക്ക് തന്റെ നിർദ്ദേശങ്ങൾ മുമ്പോട്ടു വെച്ചും ഫേസ്ബുക്ക് മേധാവി മാർക്ക് സുക്കർബർഗ് രംഗത്ത്. ന്യൂസീലാൻഡ് ഭീകരാക്രമണം നടന്നതിനു ശേഷം ഇതാദ്യമായാണ് സുക്കർബർഗ് പ്രതികരിക്കുന്നത്. സർക്കാരുകള്‍ക്ക് കൂടുതൽ സജീവമായ ജോലികൾ ഇനി നിർവ്വഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നാല് മേഖലകളിലാണ് സർക്കാർ ഇടപെടൽ വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി: ഹിംസാപരമായ ഉള്ളടക്കം, തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ തകർക്കുന്ന ഉള്ളടക്കം, സ്വകാര്യത, ഡാറ്റ പോർട്ടബിലിറ്റി എന്നിവ.

ന്യൂ സീലാൻഡ് വെടിവെപ്പ് നടത്തിയ അക്രമി പ്രസ്തുത സംഭവം ലൈവ് സ്ട്രീം ചെയ്തിരുന്നു. ലോകത്തെമ്പാടുമുള്ളവർ ഈ വെടിവെപ്പ് ലൈവായി കണ്ടു. വിദ്വേഷം പ്രചരിപ്പിക്കാൻ ഫേസ്ബുക്ക് കൂട്ടു നിൽക്കുന്നെന്ന് ആരോപണമുയർന്നു. ഈ വിഷയത്തിൽ രണ്ടാഴ്ചയോളം ഫേസ്ബുക്ക് മിണ്ടാതിരിക്കുകയും ചെയ്തു. ഇതോടെ ലോകമെമ്പാടും ശക്തമായ പ്രതിഷേധമാണുണ്ടായത്. കഴിഞ്ഞദിവസം മാത്രമാണ് ഫേസ്ബുക്കിന്റെ ഔദ്യോഗിക പ്രതികരണമുണ്ടായത്.

“ഓരോ ദിവസവും, ഏതാണ് ഉപദ്രവകരമായ ഉള്ളടക്കമെന്നതു സംബന്ധിച്ചും ഏതാണ് രാഷ്ട്രീയ പ്രചാരണ ഉള്ളടക്കമെന്നതു സംബന്ധിച്ചും വാദപ്രതിവാദങ്ങൾ നടക്കുകയാണെന്ന് സുക്കർബർഗ് ചൂണ്ടിക്കാട്ടി. ഞാൻ കരുതുന്നത് ഇതിൽ സർക്കാരുകൾക്ക് കാര്യമായ പങ്ക് വഹിക്കാനുണ്ടെന്നാണ്. ജനങ്ങളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെ സംരക്ഷിച്ചു കൊണ്ട് ഇക്കാര്യങ്ങളിൽ നിയമങ്ങളുണ്ടാകേണ്ടതുണ്ട്.

ഇലക്ഷനുകൾ സുതാര്യമായിരിക്കാന്‍ നിയമനിർമാണങ്ങൾ വേണ്ടതുണ്ടെന്നും സുക്കർബർഗ് പറഞ്ഞു. അദ്ദേഹം ഏറ്റവും പ്രാധാന്യം കാണുന്നത് ഇതിനാണ്. രാഷ്ട്രീയ പരസ്യങ്ങളുടെ കാര്യത്തിൽ ഫേസ്ബുക്ക് ഇതിനകം നിർണായകമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മെയ് മാസത്തിൽ യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പ് നടക്കാൻ പോകുകയാണ്. ഇതുമായി ബന്ധപ്പെട്ട് പരസ്യം നൽകുന്നവർ കർസനമായ പരിശോധനകൾ കടക്കേണ്ടി വരുമെന്ന് ഫേസ്ബുക്ക് സിഇഒ പറഞ്ഞു. പരസ്യം ചെയ്യുന്ന വ്യക്തികളുടെ ലേക്കേഷനും വ്യക്തിഗത വിവരങ്ങളും ഇനി നൽകേണ്ടി വരും.

യുഎസ്സിൽ 2016 തെരഞ്ഞെടുപ്പിൽ ഫേസ്ബുക്കിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും വിദേശ ഇടപെടലുണ്ടായത് നിലവിൽ അന്വേഷണവിധേയമാണ്. ലോകത്തെമ്പാടും തീവ്രവലത് ശക്തികൾ വളർന്നു വന്നിരിക്കുന്നതിനു പിന്നിൽ നവമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണങ്ങളിലൂടെയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലൂടെയുമാണ്. 2014 തെരഞ്ഞെടുപ്പിൽ ഇന്ത്യയിലും ആദ്യമായി സോഷ്യൽ മീഡിയ വളരെ സജീവമായി ഉപയോഗിക്കപ്പെട്ടിരുന്നു. വ്യാജ വാർത്തകളും ചിത്രങ്ങളുമെല്ലാം അന്ന് വ്യാപകമായി പങ്കുവെക്കപ്പെടുകയും അത് വോട്ടുകളാക്കി മാറ്റാൻ ചില കക്ഷികൾക്ക് സാധിക്കുകയും ചെയ്തിരുന്നെന്ന് ആരോപണമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍