UPDATES

യുഎസ് ധനികന്‍ ജെഫ്രി എപ്സ്റ്റീന്റെ കഴുത്തിലെ അസ്ഥികൾ ഒടിഞ്ഞിരുന്നു, മരണം അത്മഹത്യയെന്ന് മെഡിക്കൽ എക്സാമിനറുടെ റിപ്പോര്‍ട്ട്

ശതകോടീശ്വരന്‍ ജെഫ്രി എപ്സ്റ്റീന്‍റെ മരണം ആത്മഹത്യയാണെന്ന് മെഡിക്കൽ എക്സാമിനറുടെ റിപ്പോര്‍ട്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ വിചാരണ നേരിടുന്നതിനിടെയാണ് അദ്ദേഹത്തെ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജെഫ്രി തൂങ്ങിമരിച്ചതാണെന്ന നിഗമനത്തിലാണ് അദ്ദേഹത്തെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ എത്തിയതെന്ന് ന്യൂയോർക്ക് സിറ്റി ചീഫ് മെഡിക്കൽ എക്‌സാമിനറുടെ വക്താവ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഔദ്യോഗികമായി ഇതുവരെ സമര്‍പ്പിച്ചിട്ടില്ല.

ജെഫ്രിയുടെ മരണത്തെക്കുറിച്ച് വ്യാപകമായ ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. അദ്ദേഹത്തെ തടവിലാക്കിയിരുന്ന മാൻഹട്ടൻ ജയിലിലെ അവസ്ഥയെക്കുറിച്ചും ഗുരുതരമായ ചോദ്യങ്ങൾ ഉയർന്നിരുന്നു. സംഭവത്തെക്കുറിച്ച് എഫ്ബിഐയും നീതിന്യായ വകുപ്പും അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായി അറ്റോർണി ജനറൽ വില്യം ബാർ പറഞ്ഞു. ജയിലുകളില്‍ ഗുരുതരമായ ക്രമക്കേടുകൾ നടക്കുന്നതായി ഉദ്യോഗസ്ഥർ ഇതിനകം കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിന് പിന്നാലെ ജെഫ്രിയെ നിരീക്ഷിക്കാനായി നിയോഗിച്ചിരുന്ന രണ്ട് കാവൽക്കാരെ അവധിയിൽ പ്രവേശിപ്പിക്കുകയും വാർഡനെ താൽക്കാലികമായി ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്തു. ജയിലിലെ കാവല്‍ക്കാര്‍ എല്ലാ 30 മിനിറ്റിലുംഎല്ലാ തടവുകാരെയും പ്രത്യേകം പരിശോധിക്കണം എന്നതാണ് ചട്ടം. ജെഫ്രിയെ മരിച്ച നിലയിൽ കണ്ടെത്തുന്നതിന്‍റെ തലേദിവസം രാത്രിയും ആ നടപടിക്രമം പാലിക്കപ്പെട്ടിട്ടില്ല. അത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും പരിശോധിക്കപ്പെടും.

പോസ്റ്റ്‌മോർട്ടത്തിൽ എപ്‌സ്റ്റീന്റെ കഴുത്തിലെ നിരവധി അസ്ഥികൾ ഒടിഞ്ഞതായി കണ്ടെത്തിയെന്ന് വ്യാഴാഴ്ച വാഷിംഗ്ടൺ പോസ്റ്റും ന്യൂയോർക്ക് ടൈംസും റിപ്പോർട്ട് ചെയ്തിരുന്നു. അതോടെ അദ്ദേഹത്തിന്‍റെ മരണത്തെ കുറിച്ചുള്ള ഊഹാപോഹങ്ങളും ശക്തമായി. എന്നാല്‍ ‘മരണകാരണവും രീതിയും നിർണ്ണയിക്കാൻ സാധ്യമായ എല്ലാ വിവരങ്ങളും സമന്വയിപ്പിച്ച് വിശകലനം ചെയ്യണമെന്നും, ശൂന്യതയിൽ നിന്നുകൊണ്ട് ഒരു കണ്ടെത്തലുകളെയും വിലയിരുത്താന്‍ കഴിയില്ലെന്നും’ ആ റിപ്പോർട്ടുകൾക്ക് മറുപടിയായി ചീഫ് മെഡിക്കൽ എക്‌സാമിനർ ബാർബറ സാംപ്‌സൺ പറഞ്ഞു.

2005ലാണ്. 14 വയസുകാരിയെ ലൈംഗികചൂഷണത്തിനിരയാക്കിയെന്ന പരാതി എപ്സ്റ്റീനെതിരെ വരുന്നത്.  തുടര്‍ന്ന് 11 മാസം എഫ്ബിഐ അന്വേഷണം നേരിട്ടു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ ലോ സെക്രട്ടറി അലക്‌സ് അകോസ്റ്റ എപ്സ്റ്റീന്റെ സെക്‌സ് ട്രാഫിക് കേസുകളില്‍ ഇടപെടല്‍ നടത്തിയെന്ന ആരോപണത്തിന് പിന്നാലെ ജൂലായില്‍ രാജി വച്ചിരുന്നു. പ്രോസിക്യൂട്ടര്‍മാര്‍ ഇരകളെ കേസില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായി കോടതി കണ്ടെത്തിയിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍