UPDATES

വിദേശം

ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കാൻ ശ്രമിച്ചു; പട്ടാള അട്ടിമറിയിൽ വീണു: മുഹമ്മദ് മുർസിയുടെ മുല്ലപ്പൂ വിപ്ലവാനന്തര ജീവിതം

അധികാരത്തിലേറിയ ഉടനെ അദ്ദേഹം ധാർഷ്ട്യത്തോടെ നടപ്പിലാക്കാന്‍ ശ്രമിച്ച ഇസ്ലാമിക നയങ്ങളാണ് പ്രതിഷേധക്കാരെ വലിയ തോതിൽ തെരുവിലിറക്കിയത്.

ഈജിപ്തിന്റെ ജനാധിപത്യ മുഖമാകുമെന്ന് തോന്നിപ്പിച്ച നേതാവായിരുന്നു മുഹമ്മദ് മുര്‍സി.  60 വർഷം നീണ്ട ഏകാധിപത്യത്തിനൊടുവിൽ സ്വതന്ത്ര തെരഞ്ഞെടുപ്പിലൂടെ 2012 ജൂലൈ 25-നാണ് മുർസി ഈജിപ്തിന്റെ പ്രസിഡൻറായി അധികാരമേൽക്കുന്നത്. 2011-ലെ മുല്ലപ്പൂ വിപ്ലവാനന്തരം പശ്ചിമേഷ്യയിൽ അധികാരത്തിലെത്തിയ ജനാധിപത്യ സർക്കാരുകളിലൊന്നിന്റെ ആദ്യത്തെ അമരക്കാരൻ. എന്നാൽ ജനാധിപത്യത്തിന്റെ കാവലാളായി അധികകാലം തുടരാൻ മുർസിക്ക് കഴിഞ്ഞില്ല. 2013 ജൂലൈയിൽ ഈജിപ്തില്‍ ജനകീയ പ്രക്ഷോഭം അരങ്ങേറി. കെയ്‍റോയിലെ തെരുവുകള്‍ മുർസി വിരുദ്ധരെക്കൊണ്ട് നിറഞ്ഞു. തുടർന്നുണ്ടായ പട്ടാള അട്ടിമറിയിൽ അദ്ദേഹത്തെ അധികാരഭ്രഷ്ടനാക്കി. ദിവസങ്ങൾ കഴിഞ്ഞ് ജയിലിലടയ്ക്കപ്പെടുകയും ചെയ്തു.

പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം കാണിച്ചുവെന്നതായിരുന്നു മുർസിക്കെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങളില്‍ ഒന്ന്. ഹമാസുമായി ചേർന്ന് ഈജിപ്തിലെ പ്രക്ഷോഭകാരികൾക്കെതിരെ ഗൂഢാലോചന നടത്തിയ കേസിലാണ് തിങ്കളാഴ്ച മുർസിയെ കോടതിയിൽ ഹാജരാക്കിയത്. 2012ൽ പ്രസിഡണ്ടിന്റെ കൊട്ടാരത്തിനു പുറത്തു നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പീഡിപ്പിച്ചുവെന്ന കേസിൽ അദ്ദേഹത്തെ 20 വർഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. ഖത്തറിന് ഔദ്യോഗിക രഹസ്യങ്ങള്‍ കൈമാറിയെന്ന കേസിൽ 2016-ൽ 25 വർഷത്തേക്കും പിന്നീട് ജുഡീഷ്യറിയെ അപമാനിച്ചെന്ന കേസിൽ മൂന്നു വർഷത്തേക്കും ശിക്ഷിച്ചിരുന്നു. ദക്ഷിണ കെയ്റോ കുപ്രസിദ്ധമായ തോറ ജയിലിലാണ് അദ്ദേഹത്തെ ഏകാന്തതടവിലാക്കിയത്.

ഹുസ്നി മുബാറക്കിന്റെ 30 വർഷത്തെ ഏകാധിപത്യ ഭരണത്തിനായിരുന്നു മുര്‍സി അവസാനം കുറിച്ചത്. മുസ്ലിം ബ്രദർഹുഡിന്റെ രാഷ്ട്രീയ കക്ഷിയായ ഫ്രീഡം ആൻഡ് ജസ്റ്റിസ് പാർട്ടിയുടെ നേതാവായിരുന്നു അദ്ദേഹം. യഥാര്‍ത്ഥത്തില്‍ മുര്‍സിയായിരുന്നില്ല അന്ന് പ്രസിഡണ്ടാവേണ്ടിയിരുന്നത്, ഖൈറത്ത് അൽ-ഷാതിയെന്ന ബ്രദർഹുഡിന്റെ സമുന്നതനായ നേതാവായിരുന്നു. ഷാതിയെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കിയതോടെയാണ് മുര്‍സിക്ക് നറുക്ക് വീണത്. മുൻ പ്രധാനമന്ത്രി അഹമ്മദ് ഷാഫിക്കിനെ 51.7% വോട്ടിന് പരാജയപ്പെടുത്തി അദ്ദേഹം മുസ്ലിം ബ്രദർഹുഡിനെ അധികാരത്തിലെത്തിച്ചു.

അധികാരത്തിലേറിയ ഉടനെ അദ്ദേഹം നടപ്പിലാക്കാന്‍ ശ്രമിച്ച ഇസ്ലാമിക നയങ്ങളാണ് പ്രതിഷേധക്കാരെ വലിയ തോതിൽ തെരുവിലിറക്കിയത്. അധികാരം പിടിച്ചെടുത്ത സൈന്യം അദ്ദേഹം ഉള്‍പ്പടെയുള്ള പ്രധാനപ്പെട്ട ബ്രദർഹുഡ് നേതാക്കളെയെല്ലാം ജയിലിലടച്ചു. അന്ന് മുര്‍സിയുടെ ഓഫീസില്‍ പ്രധാനപ്പെട്ട എന്തോ ചര്‍ച്ച നടക്കുകയായിരുന്നു. മൂന്ന് മുതിർന്ന ഉദ്യോഗസ്ഥർ അവിടേക്ക് കയറിച്ചെന്നു. ‘ഇപ്പോള്‍ മുതല്‍ നിങ്ങള്‍ പ്രസിഡന്റ് അല്ല’, അവര്‍ പറഞ്ഞു. മുര്‍സിക്ക് ചിരിയടക്കാനായില്ല. അദ്ദേഹം ആര്‍ത്തുചിരിക്കാന്‍ തുടങ്ങി. ‘എന്താണ് നടക്കുന്നത് എന്നത് അറിയില്ല, ഇതൊരു അട്ടിമറിയാണ്’, അവര്‍ പറഞ്ഞു. അദ്ദേഹം പൊട്ടിത്തെറിച്ചു. അദ്ദേഹത്തെ കിഴക്കൻ കെയ്‌റോയിലുള്ള റിപ്പബ്ലിക്കൻ ഗാർഡിന്റെ ആസ്ഥാനത്തേക്ക് കൊണ്ടുപോയി. അവിടെ വച്ചാണ് അദ്ദേഹത്തിന്റെ അനുയായികളെ പിന്നീട് സൈന്യം വെടിവച്ചു കൊന്നത്.

പ്രസിഡണ്ട് എന്ന നിലയിൽ ഈജിപ്തിന്റെ തകര്‍ന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥയെ കരകയറ്റുന്നതിനായി അദ്ദേഹത്തിന്റെ കയ്യില്‍ പ്രത്യേകിച്ച് പദ്ധതികളൊന്നും ഉണ്ടായിരുന്നില്ല. ഖത്തര്‍ അടക്കമുള്ള സഖ്യകക്ഷികളിൽ നിന്നും പണം സ്വരൂപിക്കാന്‍ മാത്രമാണ് അദ്ദേഹത്തിനു സാധിച്ചത്. പ്രതികരിക്കുന്നവരെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്ന കുപ്രസിദ്ധമായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതാക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. ഭക്ഷണ–ഇന്ധന സബ്സിഡികളെല്ലാം നിർത്തലാക്കി. അദ്ദേഹത്തിന്റെ അനുയായികൾ ഈജിപ്തിലെ കോപ്റ്റിക് – ഷിയാ ന്യൂനപക്ഷങ്ങളെ ആക്രമിച്ചു. പ്രഭാത പ്രാർത്ഥനയിൽ ആളുകള്‍ പങ്കെടുക്കണമെന്നു പറഞ്ഞുകൊണ്ട് രാത്രി 10 മണിയോടെ കടകൾ അടയ്ക്കണമെന്ന് ഭീഷണിപ്പെടുത്തി.

ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചു എന്നതാണ് പ്രധാന നേട്ടം.

കരസേനാ മേധാവി ഹുസൈൻ തന്താവിയെ 2012 ഓഗസ്റ്റിൽ മുര്‍സി പുറത്താക്കി. ഇസ്ലാമിസ്റ്റ് കരട് ഭരണഘടനയ്ക്ക് അദ്ദേഹം അംഗീകാരം നൽകി. സംസാര – സമ്മേളന സ്വാതന്ത്ര്യങ്ങള്‍ക്ക് കടുത്ത നിയന്ത്രണം കൊണ്ടുവന്നു. ക്രമസമാധാന തകർച്ചയെ നേരിടാനോ, നിലവിലുള്ള മതേതരത്വം തകര്‍ത്ത് ഇസ്ലാമിക ഭരണഘടന നടപ്പാക്കാനാണ് ബ്രദര്‍ഹുഡിലെ ചിലര്‍ ശ്രമിക്കുന്നതെന്ന വിമര്‍ശകരുടെ വാക്കു കേള്‍ക്കാനോ അദ്ദേഹം തയ്യാറായില്ല. മുര്‍സിയുടെ തീരുമാനങ്ങൾ ജുഡീഷ്യൽ അവലോകനത്തിനപ്പുറം സാധുതയുള്ളതാക്കി. അത് ജനങ്ങളെ പ്രകോപിപ്പിച്ചു.

ബ്രദർഹുഡിൽ നിന്ന് ഏഴ് പ്രാദേശിക ഗവർണർമാരെ അദ്ദേഹം നിയമിച്ചതായിരുന്നു ഏറ്റവും വിവാദപരമായ തീരുമാനം. അതില്‍ 1997-ൽ ലക്സറില്‍വെച്ച് വിനോദസഞ്ചാരികളെ കൂട്ടക്കൊല ചെയ്യാന്‍ നേതൃത്വം നല്‍കിയയാളും ഉണ്ടായിരുന്നു. 2013 ജൂൺ ആയപ്പോഴേക്കും മുസ്ലീങ്ങളും, ക്രിസ്ത്യൻ പുരോഹിതന്മാരും, ജുഡീഷ്യറിയും, പോലീസും, രഹസ്യാന്വേഷണ വിഭാഗങ്ങളും, സൈന്യവുമെല്ലാം മുര്‍സിയുടെ നടപടികളില്‍ അസംതൃപ്തരായി.

മുര്‍സിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാർ തെരുവിലിറങ്ങിയപ്പോൾ രാഷ്ട്രീയ പ്രതിസന്ധി 48 മണിക്കൂറിനുള്ളിൽ പരിഹരിക്കണമെന്ന് മോർസിക്ക് സൈന്യം കര്‍ശന നിര്‍ദേശം നല്‍കി. അദ്ദേഹം പരാജയപ്പെട്ടു. ജൂലൈ 3-നു അദ്‌ലി മൻസൂറിനെ ഇടക്കാല പ്രസിഡന്റാക്കി. മുസ്ലീം ബ്രദർഹുഡിന്റെ നിരവധി അംഗങ്ങളെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തു.

1951 ആഗസ്ററ് 20-ന് ഈജിപ്തിലെ ശറഖിയ്യയിലാണ് മുഹമ്മദ് മുർസി ഈസാ അൽ ഇയ്യാഥിന്റെ ജനനം. കൈറോ സർവകലാശാലയിൽനിന്ന് എൻജിനീയറിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ അദ്ദേഹം 1982-ൽ കാലിഫോർണിയ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റും നേടി. അവിടെ മൂന്നുവർഷം പ്രഫസറായി സേവനമനുഷ്ഠിച്ചു. 1985-ൽ ജന്മനാട്ടിലേക്ക് മടങ്ങിയശേഷമാണ് മുർസി ബ്രദർഹുഡ് നേതൃത്വവുമായി അടുക്കുന്നതും പ്രസ്ഥാനത്തിൽ സജീവമാകുന്നതും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍