UPDATES

വിദേശം

അസ്ബറിനെ ഏറെക്കാലമായി മൊസ്സാദ് നോട്ടമിട്ടിരുന്നു; ഇല്ലാതാക്കിയത് സിറിയയുടെ മിസൈല്‍ തലച്ചോര്‍

ഇക്കഴിഞ്ഞ ശനിയാഴ്ച അസ്ബർ ഒരു കാർബോംബ് ആക്രമണത്തിൽ‌ കൊല്ലപ്പെട്ടു

കൊല്ലപ്പെട്ട അസിസ് അസ്ബർ‌ സിറിയയുടെ ഏറ്റവും പ്രമുഖനായ റോക്കറ്റ് സയന്റിസ്റ്റുകളിലൊരാളാണ്. നൂറുകണക്കിന് മൈലുകൾക്കപ്പുറം, ഇസ്രായേലിനു നേരെ നിശിതമായ കൃത്യതയോടെ തൊടുക്കാനാകുന്ന ഗൈഡഡ് മിസ്സൈലുകൾ കൂട്ടിവെക്കുകയായിരുന്നു അസ്ബർ‌.

സിറിയയുടെയും ഇറാന്റെയും ഉന്നതങ്ങളിൽ ആരുടെയും അനുവാദമില്ലാതെ പ്രവേശനമുണ്ടായിരുന്നു അസീസ് അസ്ബറിന്. സെക്ടർ 4 എന്ന പേരില്‍ ഒരു ആയുധ ഗവേഷണവികസന കേന്ദ്രം ഇദ്ദേഹത്തിനു കീഴിൽ അതീവരഹസ്യമായി പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇസ്രായേൽ ആക്രമണത്തിൽ തകർക്കപ്പെട്ട ഭൂഗർഭ ആയുധനിർമാണശാലയ്ക്ക് പകരമായൊന്ന് നിർമിക്കുന്നതിന്റെ തിരക്കുകളിലായിരുന്നു അസ്ബർ.

ഇക്കഴിഞ്ഞ ശനിയാഴ്ച അസ്ബർ ഒരു കാർബോംബ് ആക്രമണത്തിൽ‌ കൊല്ലപ്പെട്ടു. ഈ ആക്രമണം ഇസ്രായേലി ചാരസംഘടനയായ മൊസ്സാദ് സംഘടിപ്പിച്ചതാണെന്നാണ് അറിയുന്നത്.

കഴിഞ്ഞ മൂന്നുവർഷത്തിനിടയിൽ ഇത് നാലാമത്തെ തവണയാണ് ഒരു ആയുധ എൻജിനീയറെ വിദേശമണ്ണിൽ വെച്ച് ഇസ്രായേൽ കൊലപ്പെടുത്തുന്നതെന്ന് ഒരു മിഡിൽ ഈസ്റ്റേൺ ഇന്റലിജൻസ് ഏജൻസി ഉദ്യോഗസ്ഥൻ സ്ഥിരീകരിക്കുന്നു. ഇനി പറയാൻ പോകുന്ന കാര്യങ്ങൾ ഈ ഉദ്യോഗസ്ഥൻ നൽകിയ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇദ്ദേഹത്തിന്റെ ഏജൻസിയാണ് ഓപ്പറേഷനെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. അങ്ങേയറ്റം രഹസ്യമായി നടത്തിയ ഓപ്പറേഷനെക്കുറിച്ചുള്ള വിവരങ്ങളായതിനാൽ തന്നെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തരുതെന്ന ഉറപ്പ് വാങ്ങിയാണ് ഉദ്യോഗസ്ഥൻ സംസാരിച്ചത്.

ശനിയാഴ്ച രാത്രിയാണ് സിറിയയിലെ മാസ്യാഫ് എന്ന പ്രദേശത്ത് ഓപ്പറേഷൻ നടന്നത്. സിറിയയുടെ ഏറ്റവും പ്രധാനപ്പെട്ട ആയുധവികസന കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്. സംഭവം നടന്നയുടനെ അതിന്റെ ഉത്തരവാദിത്തം ഇസ്രായേലിനാണെന്ന് സിറിയയും ഹിസ്ബുള്ളയും പ്രതികരിച്ചു. സിറിയൻ ആഭ്യന്തരയുദ്ധത്തിൽ പ്രസിഡണ്ട് ബാഷർ അൽ അസാദിനൊപ്പം നിന്ന ലബനൻ തീവ്രവാദ ഗ്രൂപ്പാണ് ഹിസ്ബുള്ള.

അസ്ബറിനെ ഏറെക്കാലമായി മൊസ്സാദ് നോട്ടമിട്ടിട്ടെന്ന് മിഡിൽ ഈസ്റ്റേൺ ഇന്റലിജൻസ് ഓഫീസർ പറയുന്നു. ഇക്കാര്യം എല്ലാവർക്കുമറിയാമെന്നതിനാൽ അസ്ബറിന്റെ മരണത്തിനു പിന്നിൽ മൊസ്സാദ് തന്നെയാണെന്ന് മനസ്സിലാക്കാൻ ആർക്കും പ്രയാസമുണ്ടായില്ല.

സിറിയൻ സയന്റിഫിക് സ്റ്റഡീസ് ആൻഡ് റിസർച്ച് സെന്ററിൽ സെക്ടർ 4 എന്ന രഹസ്യ ആയുധനിർമാണ യൂണിറ്റ് പ്രവർത്തിപ്പിക്കുന്നത് അസ്ബറാണെന്ന് ഇസ്രായേൽ വിശ്വസിച്ചു. ഡമാസ്കസ്സിലെ പ്രസിഡണ്ടിന്റെ കൊട്ടാരത്തിലേക്ക് തടസ്സങ്ങളില്ലാതെ പ്രവേശിക്കാൻ അസ്ബറിന് കഴിയുമായിരുന്നു. ഇറാനിലെ ഖുദ്സ് സേനയുടെ കമാൻഡറായ മേജർ ജനറൽ ഖ്വാസിം സുലൈമാനിയുമായി അടുത്ത ബന്ധം ഇദ്ദേഹം പുലർത്തി. ഭാരമേറിയ സിറിയൻ എസ്എം600 തിഷ്റീൻ റോക്കറ്റുകൾ ഘടിപ്പിക്കാൻ ശേഷിയുള്ള ലക്ഷ്യവേധികളായ ഗൈഡഡ് മിസ്സൈലുകൾ തയ്യാറാക്കാന്‍ ഈ ബന്ധങ്ങളെല്ലാം അസ്ബർ ഉപയോഗപ്പെടുത്തി.

മിസ്സൈലുകൾക്കും റോക്കറ്റുകൾക്കും ആവശ്യമായ ഖര ഇന്ധന പ്ലാന്റ് സ്ഥാപിക്കുന്ന ജോലികളിലും ഇദ്ദേഹം ഏർപ്പെട്ടുവരികയായിരുന്നു. ആയുധങ്ങളിൽ ദ്രാവക ഇന്ധനത്തെക്കാള്‍ സുരക്ഷിതമായ ബദലാണ് ഖര ഇന്ധനം.

അസ്ബറിനെ കൊല്ലാൻ വളരെ മുമ്പു തന്നെ ഇസ്രായേൽ തീരുമാനമെടുത്തിരുന്നെന്നാണ് ഐഡന്റിറ്റി വെളിപ്പെടുത്താൻ ആഗ്രഹമില്ലാത്ത ഒരു സിറിയൻ ഉദ്യോഗസ്ഥൻ അറിയിച്ചത്. നിലവിലെ പ്രശ്നങ്ങൾ ഉരുത്തിരിഞ്ഞ 2011നു മുമ്പു തന്നെ സിറിയയുടെ മിസൈൽ പ്രോഗ്രാമിൽ സുപ്രധാന പങ്കാണ് അസ്ബറിനുണ്ടായിരുന്നത്.

ഇസ്രായേൽ നിയമനുസരിച്ച്, പ്രധാനമന്ത്രിയാണ് ഏതൊരു കൊലപാതക പദ്ധതിക്കും അന്തിമാനുമതി നൽകേണ്ടത്. അസ്ബറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവും പ്രതിരോധമന്ത്രി അവിഗ്ദോർ ലീബർമാനും ഇതുവരെ പ്രതികരിച്ചിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍