UPDATES

വിദേശം

സിംബാബ്‌വെയുമായുള്ള എന്റെ ബന്ധം അറ്റുപോയിരിക്കുന്നു – മുഗാബെയെക്കുറിച്ച് ഒലോംഗ

പലായനത്തിന് 16 വര്‍ഷമാകുമ്പോള്‍ സ്വന്തം നാടായ സിംബാബ്‌വെയുമായുള്ള ബന്ധം അറ്റുപോയിരിക്കുന്നു എന്നാണ് ഹെന്‍ട്രി ഒലോംഗ പറയുന്നത്.

1998ലെ ഷാര്‍ജ കപ്പില്‍ സച്ചിന്‍ ടെണ്ടുക്കറുടെ ബാറ്റിന്റെ പ്രഹരമേറ്റുവാങ്ങി പല തവണ പറന്ന് ബൗണ്ടറി കടക്കേണ്ടി വന്ന സിംബാബ്‌വെ ഫാസ്റ്റ് ബൗളര്‍ ഹെന്‍ട്രി ഒലോംഗയെ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് മറക്കാനാകില്ല. 2003ലെ ലോകകപ്പിനിടെ അന്നത്തെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയ്ക്കും ഗവണ്‍മെന്റ് നയങ്ങള്‍ക്കുമെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഒലോംഗ നാടുവിടാന്‍ നിര്‍ബന്ധിതനായി. കയ്യില്‍ കറുത്ത ബാന്‍ഡ് ധരിച്ചാണ് അന്ന് ഒലോംഗ കളിക്കിറങ്ങിയത്. പലായനത്തിന് 16 വര്‍ഷമാകുമ്പോള്‍ സ്വന്തം നാടായ സിംബാബ്‌വെയുമായുള്ള ബന്ധം അറ്റുപോയിരിക്കുന്നു എന്നാണ് ഹെന്‍ട്രി ഒലോംഗ പറയുന്നത്.

2003ല്‍ നാട് വിട്ട ഒലോംഗയ്ക്ക് ഒരിക്കലും സിംബാബ്‌വെയിലേയ്ക്ക് മടങ്ങാന്‍ കഴിഞ്ഞിരുന്നില്ല. മുഗാബെയുടെ ശിങ്കിടികള്‍ ഇപ്പോളും തന്റെ പിന്നിലുണ്ടോ എന്ന് അറിയില്ല എന്നാണ്, നിലവില്‍ ഓസ്‌ട്രേലിയയിലെ അഡ്‌ലൈയ്ഡില്‍ കുടുംബസമേതം താമസിക്കുന്ന ഒലോംഗ ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്. 2003ലെ ലോകകപ്പിനിടെ ഒലോംഗയും ആന്‍ഡി ഫ്‌ളവറും മുഗാബെയ്‌ക്കെതിരെ പ്രതിഷേധിച്ചിരുന്നു.

ഏഴ് വര്‍ഷം പ്രധാനമന്ത്രിയായും 30 വര്‍ഷം പ്രസിഡന്റായും തുടര്‍ച്ചയായി സിംബാബ്‌വെ ഭരിച്ച റോബര്‍ട്ട് മുഗാബെയ്ക്ക് 2017ലെ പട്ടാള അട്ടിമറിയിലാണ് അധികാരം നഷ്ടമായത്. ഏകാധിപത്യ നടപടികള്‍ക്കും അഴിമതിക്കും മുഗാബെ ഭരണം കുപ്രസിദ്ധിയാര്‍ജ്ജിച്ചിരുന്നു. അതേസമയം മുഗാബെയുടെ മരണത്തില്‍ താന്‍ സന്തോഷിക്കുന്നില്ല എന്ന് ഒലോംഗ പറഞ്ഞു. കുറച്ചുകൂടി മെച്ചപ്പെട്ട രീതിയില്‍ ചരിത്രത്തില്‍ സ്വയം അടയാളപ്പെടുത്താന്‍ മുഗാബെയ്ക്ക് കഴിയുമായിരുന്നു എന്ന് തോന്നുന്നതായി ഒലോംഗ പറഞ്ഞു.

വായനയ്ക്ക്: My ties with Zimbabwe have been cut: Henry Olonga on how Robert Mugabe changed his life

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍