UPDATES

വിദേശം

റോഹിങ്ക്യകള്‍ താമസിച്ചിരുന്ന വീടുകള്‍ക്കടുത്തും മോസ്‌കിന് സമീപവും സൈനിക ആസ്ഥാനം നിര്‍മ്മിച്ച് മ്യാന്മര്‍

2017ല്‍ മ്യാന്മര്‍ സൈന്യം നടത്തിയ ക്രൂരമായ ഒഴിപ്പിക്കലിനെ തുടര്‍ന്ന് ഏഴ് ലക്ഷത്തോളം മുസ്ലിം വിഭാഗക്കാരാണ് ഇവിടെ നിന്നും ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ തിങ്ങിപ്പാര്‍ക്കുകയും മോസ്‌കുകള്‍ സ്ഥിതിചെയ്യുകയും ചെയ്തിരുന്ന പ്രദേശത്ത് മ്യാന്മര്‍ സൈന്യം സൈനിക ആസ്ഥാനം സ്ഥാപിച്ചു. സാറ്റലൈറ്റ് ചിത്രങ്ങളുടെ സഹായത്തോടെ ആംനസ്റ്റി ഇന്‍ര്‍നാഷണലാണ് ഈ വിവരം പുറത്തുവിട്ടത്.

2017ല്‍ മ്യാന്മര്‍ സൈന്യം നടത്തിയ ക്രൂരമായ ഒഴിപ്പിക്കലിനെ തുടര്‍ന്ന് ഏഴ് ലക്ഷത്തോളം മുസ്ലിം വിഭാഗക്കാരാണ് ഇവിടെ നിന്നും ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. അമേരിക്കയും ഐക്യരാഷ്ട്ര സംഘടനയും ഈ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു. മ്യന്മര്‍ സൈന്യം നടത്തിയ വര്‍ഗ്ഗീയ ഒഴിപ്പിക്കലാണെന്നാണ് അന്ന് ആരോപണം ഉയര്‍ന്നത്. എന്നാല്‍ അവര്‍ നിഷേധിച്ചു. അരാക്കന്‍ റോഹിങ്ക്യ സാല്‍വേഷന്‍ ആര്‍മിയുടെ ആക്രമണത്തെ ചെറുക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നാണ് മ്യാന്മാര്‍ അവകാശപ്പെട്ടത്.

ഈ ആക്രമണത്തില്‍ മ്യാന്മറിലെ റഖിനേ സംസ്ഥാനത്തെ 350ലേറെ റോഹിങ്ക്യന്‍ ഗ്രാമങ്ങളാണ് തീവച്ച് നശിപ്പിച്ചത്. ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നേരത്തെ തകര്‍ക്കപ്പെടാതിരുന്ന ഏതാനും ചില കെട്ടിടങ്ങളും ഇപ്പോള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. സര്‍വ സജ്ജീകരണങ്ങളുമുള്ള മൂന്ന് സൈനിക ക്യാമ്പുകളെങ്കിലും ഈ മേഖലയില്‍ നിര്‍മ്മിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാനത്ത് വ്യാപകമായി സൈന്യം മണ്ണെടുപ്പ് നടത്തുന്നുണ്ടെന്നും ഒരിക്കല്‍ റോഹിങ്ക്യകളോട് ക്രൂരമായി പെരുമാറിയ അതേസൈന്യം തന്നെയാണ് ഇപ്പോള്‍ ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നത് ഗൗരവകരമായ വിഷയമാണെന്ന് ആംനെസ്റ്റിയുടെ ക്രൈസിസ് റെസ്‌പോണ്ട് ഡയറക്ടര്‍ തിരന ഹസ്സന്‍ പറഞ്ഞു. കഴിഞ്ഞ ഡിസംബറിന് ശേഷം നാല് മോസ്‌കുകളെങ്കിലും തകര്‍ക്കപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം സൈനിക ആക്രമണത്തില്‍ തകര്‍ക്കപ്പെടാതിരുന്നവയാണ്.

അടുത്തകാലത്ത് തകര്‍ത്ത ഒരു മോസ്‌കിന്റെ സമീപത്ത് പോലീസ് പോസ്റ്റ് സ്ഥാപിച്ചിരിക്കുന്നത് സാറ്റലൈറ്റ് ചിത്രങ്ങളില്‍ വ്യക്തമാണ്. അതേസമയം ഇതേക്കുറിച്ച് ഇതുവരെയും ഓങ് സാന്‍ സൂചി സര്‍ക്കാരോ സൈനിക വക്താക്കളോ പ്രതികരിച്ചിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍