UPDATES

വിദേശം

ബുദ്ധമത ഭരണം ആവശ്യപ്പെടുന്ന ‘അരകാന്‍ ആര്‍മി’യുമായി സൈന്യം ഏറ്റുമുട്ടുന്നു; മ്യാന്മറിലെ റാഖൈനില്‍ ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ മുറിച്ചു

റാഖൈൻ ബുദ്ധമതക്കാർക്ക് രാഷ്ട്രീയ സ്വയംഭരണാവകാശം ആവശ്യപ്പെടുന്ന വിമത വിഭാഗമായ അരകാൻ ആർമിയുമായി (എഎ) സൈന്യം ഒരു വര്‍ഷമായി സംഘര്‍ഷത്തിലാണ്.

മ്യാൻമറിലെ സംഘർഷഭരിതമായ റാഖൈൻ സംസ്ഥാനത്ത് ഇന്റർനെറ്റ് സേവനം നൽകുന്നത് നിർത്താൻ അധികൃതർ ടെലികമ്മ്യൂണിക്കേഷൻ കമ്പനികളോട് ആവശ്യപ്പെട്ടു. ഒരു ദശലക്ഷത്തിലധികം ആളുകളാണ് കഴിഞ്ഞ മൂന്നു ദിവസമായി വിവര കൈമാറ്റ സാഹചര്യങ്ങളൊന്നുമില്ലാതെ ബുദ്ധിമുട്ടിലായത്. പൌരന്മാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണ് ഈ നടപടിയെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.

ജൂൺ 21-ന് യാതൊരു മുന്നറിയിപ്പില്ലാതെയാണ് ഇന്റര്‍നെറ്റ് സേവനം അവസാനിപ്പിച്ചത്. വടക്കൻ മേഖലയിലുള്ള റാഖൈൻ സംസ്ഥാനത്തിലും, തെക്കൻ മേഖലയിലുള്ള ചിൻ സംസ്ഥാനത്തിലുമായി ഒമ്പത് ടൗൺഷിപ്പുകളില്‍ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ മ്യാൻമറിലെ ഗതാഗത, വാർത്താവിനിമയ മന്ത്രാലയം നാല് കമ്പനികളോട് ഉത്തരവിട്ടിരുന്നു. തൊട്ടു പിറകെ പൂര്‍ണ്ണനിയന്ത്രണം കൊണ്ടുവരികയായിരുന്നു.

റാഖൈൻ ബുദ്ധമതക്കാർക്ക് രാഷ്ട്രീയ സ്വയംഭരണാവകാശം ആവശ്യപ്പെടുന്ന വിമത വിഭാഗമായ അരകാൻ ആർമിയുമായി (എഎ) സൈന്യം ഒരു വര്‍ഷമായി സംഘര്‍ഷത്തിലാണ്. സംഘര്‍ഷം രൂക്ഷമായതോടെ കഴിഞ്ഞ ആറ് മാസത്തിനിടെ 30,000 സിവിലിയന്മാരെ മാറ്റിപ്പാർപ്പിച്ചതായി യുഎൻ ഓഫീസ് ഫോർ കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ് അറിയിച്ചു. 2017 മുതൽ 730,000 റോഹിംഗ്യൻ മുസ്‌ലിംകളെ ആസൂത്രിതമായി നിഷ്കാസനം ചെയ്തതും ഈ മേഖലയിലാണ്. വംശഹത്യയെന്ന ഉദ്ദേശ്യത്തോടെയാണ് സൈന്യം റോഹിംഗ്യൻ വംശത്തിനെതിരെ പ്രവർത്തിച്ചതെന്ന് യു.എൻ അന്വേഷകർ പറഞ്ഞിരുന്നു. റോഹിംഗ്യന്‍ വിമത സേനയെക്കാള്‍ വലുതും ശക്തവും അപകടകാരികളുമാണ് അരകാൻ ആർമി.

‘അടിയന്തിര സാഹചര്യങ്ങളില്‍ ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ താൽക്കാലികമായി നിർത്തലാക്കാന്‍ മന്ത്രാലയത്തിനു കഴിയുമെന്ന്’ സെക്രട്ടറി സോ തീൻ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. പ്രദേശത്ത് സമാധാനവും സ്ഥിരതയും പുന:സ്ഥാപിക്കുമ്പോൾ ഇന്റർനെറ്റ് സേവനവും പുനരാരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ നാല് ടെലികമ്മ്യൂണിക്കേഷൻ സേവനദാതാക്കളില്‍ ഒരു കമ്പനി മാത്രമാണ് ഇന്റർനെറ്റ് ബ്ലാക്ക് ഔട്ട് പരസ്യമായി അംഗീകരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍