UPDATES

വിദേശം

മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്യാൻ മ്യാന്മർ പട്ടാളം പ്രചാരണം നടത്തി; പട്ടാളത്തലവന്മാരെ വിചാരണ ചെയ്യണമെന്ന് ആവശ്യം

റോഹിംഗ്യകളെ ആട്ടിപ്പായിച്ച് മ്യാന്മറിനെ ‘വെടിപ്പാക്കാൻ’ വിവിധ മാധ്യമങ്ങളിലൂടെ പട്ടാളം പ്രചാരണങ്ങൾ സംഘടിപ്പിച്ചതായി ആംനസ്റ്റി ആരോപിക്കുന്നു.

മാനവികതയ്ക്കു നേരെ വ്യവസ്ഥാപിതമായ ആക്രമണങ്ങളും കുറ്റകൃത്യങ്ങളം സംഘടിപ്പിച്ചതിന് മ്യാന്മർ പട്ടാളത്തലവന്മാരെ വിചാരണ ചെയ്യണമെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ‌.

റോഹിംഗ്യ മുസ്ലിങ്ങൾക്കെതിരെ ആക്രമണം നടത്താൻ മ്യാൻമർ പട്ടാളം ഗുഢാലോചന നടത്തിയെന്ന് ആംനസ്റ്റി ആരോപിച്ചു. കഴിഞ്ഞവർഷം മുതൽ നടന്നുവരുന്ന, ഏഴ് ലക്ഷത്തിലധികം വരുന്ന മുസ്ലിങ്ങളുടെ പലായനത്തിന് കാരണമായ ആക്രമണങ്ങളുടെ പിന്നിൽ പട്ടാളം നടത്തിയ ഗൂഢാലോചനയാണെന്നും ആംനസ്റ്റി പറഞ്ഞു.

അതെസമയം, ഈ ആരോപണങ്ങളിൽ മ്യാൻമർ സൈന്യത്തിന്റെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.

ആരാണ് റോഹിംഗ്യകൾ?

മ്യാന്മറിലെ വംശീയ ന്യൂനപക്ഷമാണ് റോഹിംഗ്യ മുസ്ലിങ്ങൾ. ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരായാണ് മ്യാൻമർ സർക്കാർ ഇവരെ കാണുന്നത്. ഇക്കാരണത്താൽ തന്നെ മ്യാൻമറിൽ ഇവർക്ക് പൗരത്വമില്ല. ഭരണകൂടം ഫണ്ട് ചെയ്യുന്ന ബുദ്ധമതാനുയായികളുടെ തീവ്രവാദം ഇവർക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ലോകത്തെ ഞെട്ടിച്ച നിരവധി ക്രൂരതകളാണ് റോഹിംഗ്യകൾക്കെതിരെ നടക്കുന്നത്. സമാധാനത്തിന് നോബൽ സമ്മാനം നേടിയ ആങ് സാങ് സ്യൂകിയും ബുദ്ധതീവ്രവാദത്തെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചു വരുന്നത്.

വംശീയ പ്രചാരണം

റോഹിംഗ്യകളെ ആട്ടിപ്പായിച്ച് മ്യാന്മറിനെ ‘വെടിപ്പാക്കാൻ’ വിവിധ മാധ്യമങ്ങളിലൂടെ പട്ടാളം പ്രചാരണങ്ങൾ സംഘടിപ്പിച്ചതായി ആംനസ്റ്റി ആരോപിക്കുന്നു. ചെറിയ കുട്ടികളും സ്ത്രീകളുമടക്കം ആയിരക്കണക്കിനാളുകളെയാണ് പട്ടാളം കൊന്നൊടുക്കിയത്. അന്തർദ്ദേശീയ നിയമങ്ങൾ പ്രകാരം മാനവികതയ്ക്കെതിരായ കുറ്റകൃത്യമായാണ് ഇവ പരിഗണിക്കപ്പെടുകയെന്ന് ആംനസ്റ്റ് ചൂണ്ടിക്കാട്ടുന്നു. 13 ഉന്നത സൈനികോദ്യോഗസ്ഥരെയാണ് ആംനസ്റ്റി പേരെടുത്ത് വിമർശിക്കുന്നത്. ഇവരെ അന്താരാഷ്ട്രകോടതി വിചാരണ ചെയ്യണമെന്നും ആവശ്യപ്പെടുന്നുണ്ട്.

മ്യാന്മർ കമാൻഡ് ഇൻ ചീഫായ മിൻ ഓങ് ഹ്ലെയിങ് അടക്കമുള്ളവരുടെ പേരുകളാണ് ആംനസ്റ്റി പുറത്തിറക്കിയ പട്ടികയിലുള്ളത്.

അതെസമയം, മ്യാന്മറിനെ അന്താരാഷ്ട്ര കോടതിയിൽ വിചാരണ ചെയ്യണമെന്ന ആവശ്യം നടപ്പിലാക്കുക പ്രയാസമായിരിക്കും. മ്യാന്മർ അന്താരാഷ്ട്ര കോടതിയുടെ അധികാരപരിധിയിൽ വരുന്ന രാജ്യമല്ല. കൂടാതെ ഈ കേസ് അന്താരാഷ്ട്ര കോടതിക്ക് പിരഗണിക്കണമെങ്കിൽ ഐക്യരാഷ്ട്രസഭ സുരക്ഷാ യോഗത്തിന്റെ പിന്തുണ വേണം. അഞ്ച് സ്ഥിരാംഗങ്ങൾ അനുമതി നൽകണം. സ്ഥിരാംഗങ്ങളിലൊരാളായ ചൈന നിലവിൽ മ്യാന്മറിന് പിന്തുണ നൽകുന്ന സാഹചര്യമാണുള്ളത്.

പട്ടാളസാന്നിധ്യം പാർലമെന്റിലും

മ്യാന്മർ പാർലസമെന്റിൽ പട്ടാളത്തിനുള്ള സാന്നിധ്യമാണ് മറ്റൊരു പ്രശ്നം. പാർലമെന്റിലെ നാലിലൊരു ഭാഗം സീറ്റുകളിൽ പട്ടാള ഉദ്യോഗസ്ഥരാണ് ഇരിക്കുന്നത്. സർ‌ക്കാർ തീരുമാനങ്ങൾ പലപ്പോഴും പട്ടാളം അനുസരിക്കാറില്ല. ഈ സാഹചര്യത്തിൽ ജനാധിപത്യ മാർഗങ്ങളിലൂടെ പട്ടാള ‘നേതാക്കളെ’ വിചാരണ ചെയ്യുക അസാധ്യമാണ്. തങ്ങൾക്കെതിരായ ഏത് ആരോപണത്തിലും തങ്ങൾ തന്നെ അന്വേഷണം നടത്തുമെന്ന നിലപാടാണ് പട്ടാളത്തിനുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍