UPDATES

വിദേശം

മ്യാന്മർ പട്ടാളത്തെ വിചാരണ ചെയ്യണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ; യുഎസ്സിന്റെ പിന്തുണ

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിന്റെ യാതൊരു പ്രമേയങ്ങളും തങ്ങൾ അംഗീകരിക്കാൻ പോകുന്നില്ലെന്ന് മ്യാന്മർ വ്യക്തമാക്കി.

‘ലോകത്തിലെ ഏറ്റവും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളിലൊന്നിന്’ ഉത്തരവാദികളായ മ്യാൻമർ പട്ടാളത്തെ വിചാരണ ചെയ്യണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ്. വംശീയമായ കൂട്ടക്കൊലയാണ് മ്യാന്മറിൽ നടന്നതെന്ന് വിശദീകരിക്കുന്ന ഒരു റിപ്പോർട്ട് ഐക്യരാഷ്ട്രസഭ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗുട്ടറെസിന്റെ പ്രതികരണം.

മ്യാൻമറിന്റെ കമാൻഡർ ഇൻ ചീഫായ സീനിയർ ജനറൽ മിൻ ഓങ് ഹ്ലേയിങ്ങിനെയും മറ്റ് അഞ്ച് ഉന്നത പട്ടാള ഉദ്യോഗസ്ഥരെയും വിചാരണ ചെയ്യണമെന്ന് ഗുട്ടറെസ് പറഞ്ഞു. കൂട്ടകൊലപാതകങ്ങൾ, നിർബന്ധിതമായി ജനങ്ങളെ ആട്ടിയോടിക്കൽ, ലൈംഗികാതിക്രമങ്ങൾ തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളാണ് ഇവർ ചെയ്തിരിക്കുന്നതെന്ന് യുഎൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

യുഎന്നിലെ യുഎസ് അംബാസ്സഡറും ഗദുട്ടറെസ്സിന് പിന്തുണ കൊടുത്ത് രംഗത്തെത്തി. റോഹിംഗ്യ മുസ്ലിങ്ങളെ വംശോന്മൂലനം ചെയ്യുന്ന മ്യാൻമറിന്റെ നടപടികൾക്കെതിരായ ഐക്യരാഷ്ട്രസഭയുടെ ശബ്ദം കേൾക്കേണ്ടതുണ്ടെന്ന് നിക്കി ഹെയ്‌ലി പറഞ്ഞു.

അന്തർദ്ദേശീയ നിയമങ്ങൾ പ്രകാരം അങ്ങേയറ്റത്തെ ഹീനമായ കുറ്റകൃത്യങ്ങളാണ് മ്യാന്മറിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് ഗുട്ടറെസ് ചൂണ്ടിക്കാട്ടി.

മ്യാന്മർ ഭരണകൂടത്തിന്റെ പിന്തുണയിൽ ബുദ്ധമതവിശ്വാസികളുമായി ചേർന്ന് പട്ടാളം വൻ ആക്രമണങ്ങളാണ് റോഹിംഗ്യ മുസ്ലിങ്ങൾക്കെതിരെ നടത്തി വരുന്നത്. ആയിരക്കണക്കിന് റോഹിംഗ്യകൾ കൊല്ലപ്പെട്ടിട്ടുണ്ട് ഇതിനകം. ഏഴ് ലക്ഷത്തിലധികം പേർ പലായനം ചെയ്തു. ബംഗ്ലാദേശിലെ അഭയാർത്ഥി ക്യാമ്പുകളിലാണ് ഇവർ കഴിയുന്നത്. വേണ്ടത്ര ഭക്ഷണമോ ശരിയായ ആരോഗ്യരക്ഷയോ കുട്ടികൾക്ക് വിദ്യാഭ്യാസമോ ലഭിക്കുന്നില്ല ഇവിടങ്ങളിൽ.

മ്യാന്മറിനെ ഏറെ ആഘോഷിക്കപ്പെട്ട സ്വാതന്ത്ര്യ സമര നേതാവ് ആങ് സാങ് സ്യൂകിയും ബുദ്ധതീവ്രവാദികളും സൈന്യവും ചേർന്ന് നടത്തുന്ന കൂട്ടക്കൊലകൾക്കും ബലാൽസംഗങ്ങൾക്കും നിശ്ശബ്ദ പിന്തുണ നൽകി വരികയാണ്.

അതെസമയം ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിന്റെ യാതൊരു പ്രമേയങ്ങളും തങ്ങൾ അംഗീകരിക്കാൻ പോകുന്നില്ലെന്ന് മ്യാന്മർ വ്യക്തമാക്കി. ഐക്യരാഷ്ട്രസഭ മ്യാന്മറിനെതിരായി തെറ്റായ ആരോപണങ്ങളുന്നയിക്കുകയാണ്. മ്യാന്മറിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നില്ലെന്നും രാജ്യത്തിന്റെ വക്താവ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍