UPDATES

വിദേശം

എന്തുകൊണ്ട് ലോകത്തിനൊരു ഏകീകൃത നാണയം വേണം?

ലിയോണിട് ബെര്‍ഷിട്സ്കി
(ബ്ലൂംബര്‍ഗ് ന്യൂസ്)

യൂറോയിലെ അംഗത്വം ഗ്രീക് പ്രതിസന്ധിയെ രൂക്ഷമാക്കി എന്നു വിലപിക്കുന്നത് ഒരു പതിവായിട്ടുണ്ട്. അതിന്റെ ന്യായം ഇങ്ങനെയാണ്; ഗ്രീസിന് സ്വന്തമായ നാണയമില്ലാത്തതുകൊണ്ട് വിനിമയമൂല്യം കുറച്ചുകൊണ്ട് വളര്‍ച്ച വേഗത്തിലാക്കാനും, മത്സരക്ഷമത വര്‍ദ്ധിപ്പിക്കാനും അവര്‍ക്കാവുന്നില്ല. മൂല്യശോഷണം ഒരുപാധിയാണെങ്കിലും യൂറോപ് മാത്രമല്ല ലോകത്തിലെ മിക്ക രാജ്യങ്ങള്‍ക്കും കമ്പനികള്‍ക്കും ഒരു ഏകീകൃത നാണയം ഉണ്ടാകുന്നതാണ് ഗുണം ചെയ്യുക.

ഇപ്പോഴുള്ള ശകലങ്ങളാക്കപ്പെട്ട ലോക സാമ്പത്തിക രംഗം അന്യായമാണ്. ഒരു വശത്ത് കേന്ദ്ര ബാങ്കിന്റെ പ്രധാന നിക്ഷേപനിരക്ക് മൈനസ് 0.75% ആയ ഡെന്‍മാര്‍ക്. നികുതി മന്ത്രാലയം അധികനികുതിക്ക് 1 % പലിശ കൊടുക്കുന്നതിനാല്‍ കൂടുതല്‍ നികുതി നല്കാന്‍ ആലോചിക്കുകയാണ് കമ്പനികള്‍. മറുവശത്തു സാമ്പത്തിക പ്രതിസന്ധി മൂലം പ്രതിദിനം പിന്‍വലിക്കാനാവുന്ന തുക 60 യൂറോയാക്കി പരിമിതപ്പെടുത്തിയ ഗ്രീസ്.

കയ്യില്‍ കാശ് കുന്നു കൂടിയ ആപ്പിള്‍ കമ്പനിയുടെ അവസ്ഥ നോക്കൂ. മാര്‍ച്ച് 2014-ല്‍ കമ്പനിയുടെ കൈവശം ഉണ്ടായിരുന്നത് 160 ബില്ല്യണ്‍ ഡോളര്‍. പലിശ ലഭിച്ചത് 1.795 ബില്ല്യണ്‍ ഡോളര്‍- 1 ശതമാനത്തിലും താഴെ. ആ നിരക്കില്‍ പണം കിട്ടാന്‍ കമ്പനികളും രാജ്യങ്ങളും എന്നും തയ്യാറാണ്. പക്ഷേ കൂടിയ പലിശനിരക്കിലാണ് വായ്പയെടുക്കേണ്ടിവരുന്നത്. തിരിച്ചടക്കില്ല എന്നതുകൊണ്ടല്ല, യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാത്ത അപായ സാധ്യതകള്‍ വലിച്ചിഴക്കുന്നതുകൊണ്ടാണ്.

2008-ലെ സാമ്പത്തിക മാന്ദ്യത്തിന് മുമ്പ് സാമ്പത്തിക ആഗോളീകരണം അഥവാ അന്താരാഷ്ട്ര മൂലധന ഒഴുക്ക് ഉയരുകയായിരുന്നു. നിക്ഷേപകര്‍ കുഴപ്പങ്ങളെ കുറച്ചുകണ്ടതായിരുന്നു ഒരു പ്രധാന കാരണം. പണ തകര്‍ച്ചക്ക് ശേഷം റേറ്റിംഗ് ഏജന്‍സികള്‍ നിക്ഷേപകര്‍ക്ക് വലിയ ഗുണം ചെയ്യുന്നില്ലെന്നും പ്രാദേശികമായ പ്രത്യേക അറിവാണ് ബുദ്ധിപരമായ തീരുമാനങ്ങളെടുക്കാന്‍ നല്ലതെന്നും വ്യക്തമായി. യൂറോപ്യന്‍ വായ്പാ പ്രതിസന്ധി ഇതൊന്നുകൂടി തെളിയിച്ചു. അതിര്‍ത്തികടന്നുള്ള നിക്ഷേപങ്ങള്‍ വന്‍തോതില്‍ കുറഞ്ഞു.

ആഗോളീകരണത്തെ കുറിച്ചുള്ള വലിയ വാചകമടികളൊക്കെ ഉണ്ടെങ്കിലും  പണം അവസരങ്ങളും തേടി ലോകം മുഴുവന്‍ പാഞ്ഞുനടക്കുകയല്ല. പ്രധാനമായും അത് ഉറവിടത്തില്‍ ത്തന്നെയാണ്. പല അന്താരാഷ്ട്ര പണമൊഴുക്കുകളും വാസ്തവത്തില്‍ നികുതിവെട്ടിപ്പിനായി വിദേശത്തുള്ള സുരക്ഷിത കേന്ദ്രങ്ങളില്‍ നിന്നും വരുന്ന ആഭ്യന്തര നിക്ഷേപമാണ്.

വിദേശ നിക്ഷേപകന്‍ സൂക്ഷ്മമായ വിലയിരുത്തലുകള്‍ നടത്തിയാലും അപായസാധ്യതകളുടെ കാര്യത്തില്‍ ചിലപ്പോള്‍ പിഴച്ചുപോകാം. കടപ്പത്ര ഗുരു മൈക്കല്‍ ഹസന്സ്ടാബിന് ഫ്രാങ്ക്ലിന്‍ ടെംപ്ലേറ്റന് വേണ്ടി നടത്തിയ ഉക്രേനിയന്‍ കടപ്പത്രങ്ങളില്‍ പിഴച്ചത് ഉദാഹരണമാണ്.

ലോകത്തെല്ലായിടത്തും സാമ്പത്തിക വിഭവങ്ങള്‍ തുല്യമായി വിതരണം ചെയ്യുന്നു എന്നുറപ്പിക്കാന്‍ രാഷ്ട്ര കേന്ദ്രീകൃതമായ അപായ സാധ്യതകള്‍ ഒഴിവാക്കുകയാണ് നല്ലത്. ധനനയം രാഷ്ട്രങ്ങളുടെ നിയന്ത്രണത്തിലല്ലാതാക്കുന്നതിന് ഏറെ ദൂരം പോകേണ്ടതുണ്ട്. അതിനു ലോകത്തെല്ലായിടത്തും ഒരു നാണയമാക്കണം. ഏകീകൃത പലിശ നിരക്കും നിലവില്‍ വരണം.

കടമെടുക്കുന്നവരുടെ തിരിച്ചടവ് ശേഷിയാണ് വായ്പാദാതാക്കളുടെ എക്കാലത്തെയും വലിയ ആശങ്ക. അഴിമതി, വിപ്ലവം, അട്ടിമറി, കെടുകാര്യസ്ഥത അങ്ങനെയെന്തും ഒളിഞ്ഞിരിക്കാം.

ഇന്ന്, ലോകത്തിലെ 140-ഓളം നാണയങ്ങള്‍ അതിര്‍ത്തി കടന്നുള്ള പണമൊഴുക്ക് അപകടകരമാക്കുന്നു. മൂല്യശോഷണം ബജറ്റിനെ സന്തുലിതമാക്കാന്‍ സഹായിക്കും. പക്ഷേ അത് സാധാരണക്കാര്‍ക്ക് പണപ്പെരുപ്പമായാണ് അനുഭവപ്പെടുക. കേന്ദ്ര ബാങ്കുകളുടെ സാധാരണ മാര്‍ഗങ്ങള്‍ പല രാജ്യങ്ങളിലും ഫലിക്കാതെ വരുന്നു. ഡോളറും യൂറോയും പോലുള്ള വാഹക നാണയങ്ങള്‍ വഴിയുള്ള സാമ്പത്തിക ഇടപാടുകള്‍ വര്‍ധിക്കുമ്പോള്‍ ആഭ്യന്തര നാണയം അടിച്ചിറക്കാനുള്ള ശേഷി പണലഭ്യത പ്രശ്നത്തെ അത്രയെളുപ്പം പരിഹരിക്കാന്‍ പോകുന്നില്ല. പണലഭ്യതക്കായുള്ള അന്താരാഷ്ട്ര ധാരണകള്‍ ഭാവിയില്‍ ഏറെ പ്രധാനമാണ്.

ചുരുക്കത്തില്‍ സ്വന്തം നാണയം അടിക്കാനുള്ള അവകാശം ഉപേക്ഷിക്കുന്നതിലൂടെ സര്‍ക്കാരുകള്‍ക്ക് വലുതായൊന്നും നഷ്ടപ്പെടാനില്ല. പുറത്തുനിന്നുള്ള ഒരു സാമ്പത്തിക നയ കേന്ദ്രത്തിന്റെ അച്ചടക്കം പോലും അവര്‍ക്കാവശ്യമായി വരും. ലോകം ഒറ്റ നാണയമാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ യൂറോ മൂലമുള്ള അവിചാരിത പ്രശ്നനങ്ങള്‍ ആവര്‍ത്തിക്കപ്പെടില്ലായിരുന്നു. ഒരൊറ്റ ലോകം, ഒരൊറ്റ നാണയം എന്നത് നിക്ഷേപ, സാമ്പത്തിക ഘര്‍ഷണം ഒഴിവാക്കും.

ആരാണ് ആഗോള കേന്ദ്ര ബാങ്കിനെ നിയന്ത്രിക്കുക എന്നത് ഒരു ചോദ്യമാണ്. യു എസിന് ഡോളറിനെ ഒരു ആഗോള നാണയമാക്കി നിലനിര്‍ത്താനാണ് ആഗ്രഹം. എന്നാല്‍ മറ്റുള്ളവര്‍ സമ്മതിക്കില്ല. ഇവിടെയാണ് ബിറ്റ്കോയിന്‍ പോലുള്ള ഒന്നു സഹായകമാകുന്നത്. കുറഞ്ഞ മനുഷ്യ ഇടപെടലുകളോടെ പ്രവര്‍ത്തിക്കുന്ന ഒരു വികേന്ദ്രീകൃത സംവിധാനം. സ്വയം നിയന്ത്രണ സംവിധാനം എന്നു പറയാം.

ഇത് ഒരു കാല്പനിക വ്യാമോഹമായേക്കാം. ഇത്തരമൊരു പദ്ധതി നേരിടുന്ന തടസങ്ങളും സാങ്കേതിക സങ്കീര്‍ണതകളും ചിന്തിക്കാനാവുന്നതിലും അപ്പുറമാണ്. പക്ഷേ യൂറോ പദ്ധതി എത്ര കഠിനവും സങ്കീര്‍ണവുമാണ് എന്നതുകൂടി ഈ പകല്‍ക്കിനാവ് ഓര്‍മിപ്പിക്കുന്നു. അതിനെ പരാജയമായി എഴുതിതള്ളുന്നവര്‍ അതിനോടു വേണ്ടത്ര ബഹുമാനം കാണിക്കുന്നില്ല. തീര്‍ച്ചയായും തിരിച്ചടികളുണ്ട്,ചില രാജ്യങ്ങള്‍ക്ക് പങ്കാളികളാകാന്‍ കഴിഞ്ഞിരിക്കില്ല, പക്ഷേ അതിലെ പങ്കാളികള്‍ കണക്കെടുത്ത് കഴിയുമ്പോള്‍ ലോകത്തെയാകെ കൂടുതല്‍ അടുപ്പിക്കാന്‍ എങ്ങനെ കഴിയും എന്നതിനായി നമ്മെ സഹായിക്കാന്‍ അതിനു കഴിഞ്ഞേക്കും.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍