UPDATES

വിദേശം

അസാന്‍ജ് ദശാബ്ദങ്ങളോളം ജയിലില്‍ കഴിയേണ്ടി വരും; ഗുരുതരമായ വകുപ്പുകള്‍ ചാര്‍ത്തി യുഎസ്

പത്ര മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദമുയര്‍ത്തുന്ന നിരവധിപേരാണ് അദ്ദേഹത്തിനെതിരായ നടപടികളെ അപലപിച്ച് മുന്നോട്ടു വരുന്നത്.

വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജെ ദശാബ്ദങ്ങളോളം ജയിലില്‍ കഴിയേണ്ടി വരും. വിക്കിലീക്സ് വഴി അമേരിക്കയുടെ തന്ത്രപ്രധാനമായ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചുവെന്ന് ആരോപണത്തിന്മേലാണ് അദ്ദേഹം വിചാരണ നേരിടുന്നത്. അഫ്ഗാനിസ്ഥാന്‍, ഇറാഖ് യുദ്ധങ്ങളെ സംബന്ധിച്ചുള്ള ആയിരക്കണക്കിന് രഹസ്യ നയതന്ത്ര രേഖകളാണ് അസാൻജെ പ്രസിദ്ധീകരിച്ഛതെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. 17 അധിക ചാർജുകള്‍ അദ്ദേഹത്തിനുമേല്‍ ചാര്‍ത്തപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ മാസം ലണ്ടനിലെ ഇക്വഡോർ എംബസിയിൽനിന്ന് അസാൻജെ അറസ്റ്റു ചെയ്യപ്പെട്ടതിന് ശേഷവും പെന്‍റഗന്‍റെ രഹസ്യ രേഖകള്‍ വിക്കിലീക്സ് പുറത്തുവിട്ടിരുന്നു. അതിന്‍റെ പേരിലും അസാൻജെക്കെതിരെ പുതിയ കേസ് എടുത്തിട്ടുണ്ട്. ‘അസാൻജെയുടെ പ്രവർത്തനങ്ങൾ യു.എസിന്‍റെ ദേശീയ സുരക്ഷക്ക് ഗുരുതരമായ ആഘാതമേല്‍പ്പിച്ചെന്നും, അത് ദേശ വിരുദ്ധര്‍ക്ക് മരുന്നായി മാറിയെന്നും’ അമേരിക്കന്‍ നീതിന്യായ വകുപ്പ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

അതോടെ, വിക്കിലീക്സ് സ്ഥാപകൻ അമേരിക്കയില്‍ 175 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും. ‘ജൂലിയൻ അസാൻജെ നേരിടുന്ന അഭൂതപൂർവമായ ക്രിമിനൽ പ്രോസിക്യൂഷന്‍ നടപടികള്‍ അമേരിക്കൻ ഗവൺമെന്റ് സ്വീകരിച്ചുവരുന്ന നടപടികളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കാൻ ശ്രമിക്കുന്ന എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും വേണ്ടിയാണെന്ന്’ അമേരിക്കയിലെ അസാൻജെയുടെ അഭിഭാഷകനായ ബാരി പൊള്ളാക്ക് പറഞ്ഞു.

പത്ര മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദമുയര്‍ത്തുന്ന നിരവധിപേരാണ് അദ്ദേഹത്തിനെതിരായ നടപടികളെ അപലപിച്ച് മുന്നോട്ടു വരുന്നത്. പൊതു താൽപ്പര്യം മാനിച്ച് രഹസ്യ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്ന ജേർണലിസ്റ്റുകൾക്ക് ഇത് ‘ഭീകരമായ ഭീഷണി’യാണ് ഉയർത്തുന്നതെന്ന് പത്രസ്വാതന്ത്ര്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന റിപ്പോർട്ടേര്‍സ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
സ്വീഡനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് ലൈംഗീകാതിക്രമ കേസുകളില്‍ ഇന്‍റര്‍പോള്‍ നേരത്തെ അസാന്‍ജിനെതിരെ റെഡ് കോര്‍ണര്‍ പുറപ്പെടുവിച്ചിരുന്നു. ഇതു വച്ചാണ് ലണ്ടന്‍ പൊലീസ് അദ്ദേഹത്തെനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തത്. എന്നാല്‍ വിക്കിലീക്ക്സ് രഹസ്യ രേഖകള്‍ പുറത്തു വിട്ടതിനുള്ള പ്രതികാരം എന്ന നിലയില്‍ അമേരിക്ക നടപ്പാക്കിയ രഹസ്യപദ്ധതിയുടെ ഭാഗമാണ് ഈ കേസുകളെന്നാണ് വിക്കിലീക്ക്സും അസാന്‍ജിനെ അനുകൂലിക്കുന്നവരും പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍