UPDATES

വിദേശം

ഇസ്രായേല്‍ തെരഞ്ഞെടുപ്പ്: കടുത്ത വംശീയ പ്രചാരണങ്ങളുമായി ലികുഡ് പാര്‍ട്ടിയും ബ്ലൂ ആന്‍ഡ് വൈറ്റും, നെതന്യാഹൂ നേരിടുന്നത് കടുത്ത വെല്ലുവിളിയെന്ന് റിപ്പോര്‍ട്ട്

ഇനിയൊരവസരംകൂടെ ലഭിച്ചേക്കില്ലെന്ന ഭയംമൂലമാണ് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവനകളുമായി നെതന്യാഹു മുന്നോട്ടുപോകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു

ഇസ്രായേലില്‍ അടുത്ത് നടക്കാന്‍ പോകുന്ന പൊതു തെരഞ്ഞെടുപ്പ് ബെഞ്ചമിന്‍ നെതന്യാഹുവിന് ജീവന്മരണ പോരാട്ടമാണ്. തീവ്ര വലതുപക്ഷ വോട്ടുബാങ്ക് മുന്നില്‍ കണ്ട് കടുത്ത വംശീയ മുസ്ലിം വിരുദ്ധ പ്രസ്താവനകളുമായി പ്രചാരണം കൊഴുപ്പിക്കുന്നുണ്ടെങ്കിലും ഇനിയൊരിക്കല്‍കൂടെ അദ്ദേഹത്തിന് പ്രധാനമന്ത്രിക്കസേരയില്‍ ഇരിക്കാന്‍ കഴിഞ്ഞേക്കില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. വെസ്റ്റ് ബാങ്കിന്റെ ഭാഗങ്ങള്‍ ഇസ്രയേലിനോട് ചേര്‍ക്കുമെന്ന നെതന്യാഹുവിന്റെ പ്രസ്താവനക്കെതിരെ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് അടക്കം രംഗത്തു വന്നിരുന്നു.

നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്കോ, അദ്ദേഹത്തിന്റെ മുന്‍ സൈനിക മേധാവി ബെന്നി ഗാന്റ്‌സ് നയിക്കുന്ന ബ്ലൂ ആന്‍ഡ് വൈറ്റ് പ്രതിപക്ഷ സഖ്യത്തിനോ കൃത്യമായ ഭൂരിപക്ഷം ലഭിച്ചേക്കില്ല എന്നാണ് അവസാനവട്ട അഭിപ്രായ സര്‍വ്വേകളും വ്യക്തമാക്കുന്നത്. അങ്ങിനെ വന്നാല്‍ പ്രാദേശിക ചെറു പാര്‍ട്ടികള്‍ ആരെ പിന്തുണക്കുന്നു എന്നത് നിര്‍ണ്ണായകമാകും.

ഏറ്റവും കൂടുതല്‍കാലം ഇസ്രായേല്‍ പ്രധാനമന്ത്രിയായ (13 വര്‍ഷത്തിലധികം) നേതാവാണ് നെതന്യാഹു. ഇനിയൊരവസരംകൂടെ ലഭിച്ചേക്കില്ലെന്ന ഭയംമൂലമാണ് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവനകളുമായി അദ്ദേഹം മുന്നോട്ടുപോകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ ജൂത കുടിയേറ്റ കേന്ദ്രങ്ങളില്‍ ഇസ്രയേലിന്റെ പരമാധികാരം സ്ഥാപിക്കുമെന്നും, അധിനിവേശ വെസ്റ്റ് ബാങ്കിന്റെ മൂന്നിലൊന്നും, ജോര്‍ദാന്‍ താഴ്‌വരയും, വടക്കന്‍ ചാവുകടലും ഇസ്രയേലിനോട് ചേര്‍ക്കുമെന്നും അദ്ദേഹം പ്രതിജ്ഞയെടുത്തിരുന്നു. പദ്ധതി നടപ്പിലാക്കുകയാണെങ്കില്‍ ഇസ്രായേലിനാല്‍ ചുറ്റപ്പെട്ട സ്ഥലങ്ങളില്‍ താമസിക്കുന്ന 25 ദശലക്ഷത്തിലധികം പലസ്തീനികളെ അതുബാധിക്കും.

നെതന്യാഹുവിന്റെ ഇത്തരം പദ്ധതികള്‍ അന്താരാഷ്ട്ര നിയമം ലംഘിക്കുന്നതാണ് എന്നാണ് യു.എന്‍ മേധാവി അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കിയത്. ചര്‍ച്ചകളും പ്രാദേശത്ത് സമാധാനവും പുനരുജ്ജീവിപ്പിക്കാനുള്ള സാധ്യതകളെ ഇസ്രയേല്‍ ഇല്ലാതാക്കുന്നെന്നും, ഫലസ്തീനും ഇസ്രയേലും തമ്മിലെ പ്രശന് പരിഹാരത്തിന് ഇത് തടസമാകുമെന്നും യു.എന്‍ വക്താവ് സ്റ്റീഫന്‍ ഡുജാറികും പറഞ്ഞു. മേഖലയിലെ സമാധാനം പുനസ്ഥാപിക്കുന്നതിന് തടസം നില്‍ക്കുന്ന ഇസ്രയേല്‍ തിരുമാനത്തെ എതിര്‍ത്ത് അറബ് രാജ്യങ്ങള്‍ ശക്തമായി രംഗത്ത് വന്നിരുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ ഇസ്ലാമിക രാഷ്ട്ര കൂട്ടായ്മയിലെ വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടി സൗദി വിളിച്ചിട്ടുണ്ട്.

തന്റെ രാഷ്ട്രീയ നിലനില്‍പ്പിനായാണ് നെതന്യാഹു പോരാടുന്നത്. ഈ പ്രഖ്യാപനങ്ങളെല്ലാം അദ്ദേഹത്തിന്റെ കടുത്ത വലതുപക്ഷ അടിത്തറ ഊട്ടിയുറപ്പിക്കുന്നതിനുള്ള അവസാന ശ്രമമാണെന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്. എന്നാല്‍ ജോര്‍ദാന്‍ താഴ്‌വരയടക്കം ഇസ്രയേലിനോട് ചേര്‍ക്കുകയെന്ന പദ്ധതി തങ്ങളുടെതാണെന്ന അവകാശവാദവുമായി ബെന്നി ഗാന്റ്‌സ് രംഗത്തെത്തി. ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടി മുന്നോട്ടുവെച്ച പദ്ധതി അംഗീകരിക്കാന്‍ നെതന്യാഹു തയ്യാറായതില്‍ വലിയ സന്തോഷമുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. ചുരുക്കത്തില്‍ വലതുപക്ഷ വോട്ട്ബാങ്ക് ലക്ഷ്യംവെച്ചുകൊണ്ടുള്ള കടുത്ത വംശീയ പ്രചാരണമാണ് ഇസ്രായേലില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇങ്ങനെയൊരു വെല്ലുവിളി നെതന്യാഹു ഇതുവരെ നേരിട്ടിട്ടില്ല.

Read:  മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്ക് ആദയനികുതി വകുപ്പിന്റെ നോട്ടീസ്; കണക്കില്‍പ്പെടാത്ത വിദേശ സ്വത്തുക്കള്‍ ഉണ്ടെന്ന് കണ്ടെത്തല്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍