UPDATES

വായിച്ചോ‌

പോരാട്ടവീര്യം നഷ്ടപ്പെട്ട നൈജീരിയന്‍ സൈനികരെ നേരിടാന്‍ നൂതന ആയുധങ്ങളുമായി ബൊക്കോ ഹറാം ഭീകരര്‍ തിരിച്ചുവരുന്നു

ഗ്രാമങ്ങളില്‍നിന്നുമുള്ള സൈന്യത്തിന്റെ പിന്മാറ്റമാണ് ബൊക്കോ ഹറാമിന് കൂടുതല്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്നത്.

ഇസ്ലാമിക ഭീകരവാദ ഗ്രൂപ്പായ ബൊക്കോ ഹറാമിനെതിരായ നൈജീരിയയുടെ യുദ്ധം അടുത്തകാലത്തൊന്നും അവസാനിക്കാന്‍ സാധ്യതയില്ല. യുദ്ധം ഒരു പതിറ്റാണ്ടോളം പിന്നിട്ടിട്ടും തീവ്രവാദികള്‍ ശിക്ഷയൊന്നും ലഭിക്കാതെ നാട്ടിന്‍പുറങ്ങളിലൂടെ അനുസ്യൂതമായി വിഹരിക്കുകയാണ്. നൈജീരിയന്‍ പട്ടാളത്തിന്റെ കൈവശമുള്ളതിനേക്കാള്‍ ആധുനികമായ ഡ്രോണുകളും ആയുധങ്ങളുമാണ് അവരുടെ കൈവശമുള്ളത്.
വടക്കന്‍ ബൊര്‍നോ സ്റ്റേറ്റിലെ ചാഡ് തടാകത്തിന് സമീപമുള്ള 10 സോണുകളില്‍ നാലെണ്ണവും തീവ്രവാദികളുടെ നിയന്ത്രണത്തിലാണ്. അക്രമങ്ങള്‍ പതിവാണ്. ബൊര്‍നോ സ്റ്റേറ്റ് ഗവര്‍ണറുടെ സുരക്ഷാഭടന്മാര്‍ ആക്രമിക്കപ്പെട്ടത് കഴിഞ്ഞയാഴ്ചയാണ്. കോണ്ടുഗ പോലുള്ള ഗ്രാമങ്ങളിലെ ആളുകള്‍ ബോക്കോ ഹറാമിന്റെ തോല്‍വി വിദൂരമാണെന്ന് കരുതുന്നു. അവിടെ ജൂണ്‍ 17 ന് നടന്ന ആക്രമണത്തില്‍ 30 പേരാണ് കൊല്ലപ്പെട്ടത്. അതില്‍ 8 പേര്‍ കുട്ടികളായിരുന്നു.

പോരാട്ടവീര്യം നഷ്ടപ്പെട്ട നൈജീരിയന്‍ സൈന്യം പ്രതിരോധത്തില്‍ മാത്രമാണ് ഇപ്പോള്‍ ശ്രദ്ധയൂന്നുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മൂന്നു വര്‍ഷത്തോളമായി ഒരു ദിവസംപോലും ലീവില്ലാതെ ജോലി ചെയ്യുകയാണ് സൈനികര്‍. കാലഹരണപ്പെട്ട ആയുധങ്ങളും വാഹനങ്ങളുമാണ് കൈവശമുള്ളത്. സൈനികര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിച്ചു നല്‍കണമെന്ന് ഒരു കമാന്‍ഡര്‍ പരസ്യമായി കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. ഗ്രാമപ്രദേശങ്ങളിലെ വിദൂര ഔട്ട്പോസ്റ്റുകളില്‍ നിന്നും സൈന്യത്തെ പിന്‍വലിച്ചു. അവരെ ‘സൂപ്പര്‍ ക്യാമ്പുകളിലേക്ക്’ മാറ്റി. സമീപ വര്‍ഷങ്ങളില്‍ നൈജീരിയന്‍ സൈന്യം പതിനായിരക്കണക്കിന് സാധാരണക്കാരെ പാര്‍പ്പിച്ച ഗാരിസണ്‍ പട്ടണങ്ങള്‍ക്കുള്ളിലാണ് ഈ സൂപ്പര്‍ ക്യാമ്പുകള്‍. അവിടെയുള്ളവര്‍ ഒന്നുകില്‍ ബോക്കോ ഹറാം തീവ്രവാദികളാലോ, അല്ലെങ്കില്‍, സൈന്യത്താലോ വേട്ടയാടപ്പെട്ടവരാണ്.

ഗ്രാമങ്ങളില്‍നിന്നുമുള്ള സൈന്യത്തിന്റെ പിന്മാറ്റമാണ് ബൊക്കോ ഹറാമിന് കൂടുതല്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്നത്. ബൊക്കോ ഹറാമുമായുള്ള യുദ്ധം ഭൂമിയിലെ ഏറ്റവും ദരിദ്ര പ്രദേശങ്ങളിലൊന്നായ വടക്കുകിഴക്കന്‍ നൈജീരിയയെ അപ്പാടെ തകര്‍ത്തു തരിപ്പണമാക്കിയതാണ്. 20 ദശലക്ഷത്തിലധികം ആളുകള്‍ വീടുകള്‍ വിട്ട് പലായനം ചെയ്തു, പതിനായിരങ്ങള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതിലേറെപേരെ തട്ടിക്കൊണ്ടുപോയി. അവരെ ഭീകരവാദ പ്രവര്‍ത്തികള്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചു. 22,000 പേര്‍ ഇപ്പോഴും എവിടെയാണെന്ന് ആര്‍ക്കുമറിയില്ല എന്ന് അന്താരാഷ്ട്ര റെഡ്‌ക്രോസ് കമ്മിറ്റി പറയുന്നു.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥിതിഗതികള്‍ കൂടുതല്‍ പ്രതീക്ഷാവഹമായിരുന്നു. 2015-ല്‍, പ്രസിഡന്റ് ബുഹാരി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം, നൈജീരിയന്‍ സൈന്യം ബൊക്കോ ഹറാമിനെ തോല്‍പ്പിച്ച് വലിയ മുന്നേറ്റം നടത്തിയതാണ്. തലസ്ഥാനമായ മൈദുഗുരിയില്‍ നിന്നും ബൊക്കോ ഹറാമിനെ പൂര്‍ണ്ണമായും ആട്ടിപ്പായിച്ചു. എന്നാലിപ്പോള്‍, നൈജീരിയയുടെ ശ്രദ്ധ മറ്റു പ്രദേശങ്ങളിലെ സുരക്ഷാ പ്രശ്‌നങ്ങളില്‍ മാത്രമായി ഒതുങ്ങി. വടക്കുപടിഞ്ഞാറന്‍ മേഖലയായ സാംഫറയിലെ സംഘര്‍ഷങ്ങള്‍, രാജ്യത്തിന്റെ മധ്യഭാഗത്ത് നടക്കുന്ന ഭൂ സമരങ്ങള്‍, പോലീസിന്റെ ഭാഗത്തു നിന്നുള്ള അതിക്രമങ്ങളും കൊലപാതകങ്ങളും, രാജ്യത്തുടനീളം നടന്നുകൊണ്ടിരിക്കുന്ന മനുഷ്യക്കടത്ത് തുടങ്ങി തീര്‍ത്താല്‍ തീരാത്തത്ര പ്രധിസന്ധികളിലൂടെയാണ് നൈജീരിയ കടന്നുപോകുന്നത്.

ഒട്ടും ഫലപ്രദമല്ലാത്ത പഴഞ്ചന്‍ തന്ത്രങ്ങള്‍കൊണ്ടാണ് ഇപ്പോഴും എതിരാളികളെ നേരിടുന്നതെന്ന വിമര്‍ശമാണ് സൈന്യത്തിനു നേരെ ഉയരുന്നത്. അതിനെ കൃത്യമായി മുതലാക്കാന്‍ ബോക്കോ ഹറാമിനു സാധിക്കുന്നുമുണ്ട്. ഓരോ വര്‍ഷവും 80 മില്യണ്‍ ഡോളറിന് മുകളില്‍ യുദ്ധത്തിനായി മാത്രം നൈജീരിയ ചിലവഴിക്കുന്നു. അപ്പോഴും, പട്ടാളക്കാര്‍ക്ക് ആവശ്യത്തിന് വൈദ്യസഹായം പോലും ലഭിക്കുന്നില്ല. ആധുനിക ആയുധങ്ങളുമില്ല. പിന്നെ ഈ പണമെല്ലാം എങ്ങോട്ടാണ് പോകുന്നത് എന്ന് ആര്‍ക്കും അറിയുകയുമില്ല. പിടിച്ചു നില്‍ക്കാന്‍ കഴിയാതെ സൈന്യം പേടിച്ചോടുന്ന അവസ്ഥകള്‍ ഉണ്ടാകാറുണ്ടെന്നു ഗ്രാമീണര്‍ സാക്ഷ്യപ്പെടുത്തുന്നു.

വിശദമായ വായനയ്ക്ക് – Boko Haram Is Back. With Better Drones.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍