UPDATES

വിദേശം

വെനസ്വേലയിലെ രാഷ്ട്രീയ പ്രതിസന്ധി: പ്രതിപക്ഷത്തിന്റെ അട്ടിമറി നീക്കത്തിനിടെ മധ്യസ്ഥ ശ്രമങ്ങളുമായി നോര്‍വെ

പ്രശ്‌ന പരിഹാരത്തിനായി പല ഭാഗത്തു നിന്നും ശ്രമങ്ങള്‍ ഉണ്ടാകുന്നുണ്ട്. പല യൂറോപ്യന്‍ രാജ്യങ്ങളും വെനസ്വേലയിലേക്ക് ഉന്നതതല സംഘത്തെ അയക്കാന്‍ നില്‍ക്കുകയാണ്.

വെനസ്വേലയിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങള്‍ നോര്‍വെയില്‍ ആരംഭിച്ചു. ഭരണ, പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മിലുള്ള ഭിന്നത മൂത്ത് വലിയൊരു അട്ടിമറിയുടെ വക്കിലായിരുന്നു വെനസ്വേല. ഇരുവിഭാഗങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസമില്ലായ്മയും, വൈരുദ്ധ്യങ്ങളും പരിഹാരമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. പ്രതിപക്ഷം പട്ടാള ആട്ടിമറിക്ക് നീക്കം നടത്തുന്നതിനിടെയാണ് നോര്‍വെ മധ്യസ്ഥ ശ്രമങ്ങളുമായി മുന്നോട്ടു വന്നത്. ഭരണ, പ്രതിപക്ഷ പാര്‍ട്ടികള്‍ അയച്ച പ്രത്യേക ദൂതന്മാരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

പ്രശ്‌ന പരിഹാരത്തിനായി പല ഭാഗത്ത് നിന്നും ശ്രമങ്ങള്‍ ഉണ്ടാകുന്നുണ്ട്. പല യൂറോപ്യന്‍ രാജ്യങ്ങളും വെനസ്വേലയിലേക്ക് ഉന്നതതല സംഘത്തെ അയക്കാന്‍ നില്‍ക്കുകയാണ്. കനേഡിയന്‍ വിദേശകാര്യമന്ത്രി ക്രിസ്റ്റ്യന്‍ ഫ്രീലാന്‍ഡ് ക്യൂബന്‍ വിദേശകാര്യമന്ത്രി ബ്രൂണോ റോഡ്രിഗസുമായി ഹവാനയില്‍ വച്ച് കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

വര്‍ഷങ്ങളായി സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി വരുന്ന രാഷ്ട്രമാണ് നോര്‍വേ. 1993-ലെ ഇസ്രായേല്‍ – പലസ്തീന്‍ സമാധാന ചര്‍ച്ച, 2011-ല്‍ ഫിലിപ്പൈന്‍സ് സര്‍ക്കാരും മാവോയിസ്റ്റ് വിമതരും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍, ശ്രീലങ്കന്‍ ഗവണ്‍മെന്റും തമിഴ് പുലികളും തമ്മില്‍ 2002-ല്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാര്‍ എന്നിവയിലെല്ലാം നോര്‍വേയുടെ ഇടപെടലുണ്ടായിരുന്നു.

എന്നാല്‍ ചര്‍ച്ചകള്‍ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം നോര്‍വേയുടെ ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. പക്ഷെ, തങ്ങള്‍ സമാധാന ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞതായി നോര്‍വേ വ്യക്തമാക്കുകയും ചെയ്തിരുന്നു. വര്‍ഷങ്ങളായി തുടരുന്ന പണപ്പെരുപ്പവും ഭക്ഷ്യക്ഷാമവും പൊറുതിമുട്ടിക്കുന്ന രാജ്യത്തെ രാഷ്ട്രീയമായ അസ്ഥിരതയിലേക്കും നയിക്കുകയാണെങ്കില്‍ ആര്‍ക്കും നിലനില്‍പ്പുണ്ടാവില്ല എന്ന് ഇരു പാര്‍ട്ടികളേയും ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളാണ് നോര്‍വേ നടത്തുന്നത്.

ഇരു പാര്‍ട്ടികള്‍ക്കും വ്യത്യസ്ത ക്ഷണക്കത്ത് നോര്‍വീജിയന്‍ സര്‍ക്കാര്‍ അയച്ചിരുന്നു. ഭരണ പക്ഷത്തിനുവേണ്ടി ഇന്‍ഫര്‍മേഷന്‍ മന്ത്രി ജോര്‍ജ് റോഡ്രിഗസും പ്രതിപക്ഷത്തിനു വേണ്ടി സ്റ്റാലിന്‍ ഗോണ്‍സാലസുമാണ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. വെനസ്വേലയ്ക്ക് പുറത്ത് റോഡ്രിഗസ് ‘വളരെ പ്രധാനപ്പെട്ട’ ഒരു ദൗത്യത്തിലാണെന്ന് നിക്കോളാസ് മഡുറോ നേരത്തെ പറഞ്ഞിരുന്നു.

അതേസമയം, എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍, നാല് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവരടങ്ങിയ ഇന്റര്‍നാഷണല്‍ കോണ്ടാക്ട് ഗ്രൂപ്പ് വെനസ്വേല സന്ദര്‍ശിക്കും. ആറു വര്‍ഷം നീണ്ട നിക്കോളസ് മഡൂറോ ഭരണം ഇനി വേണ്ടെന്ന് പ്രഖ്യാപിച്ച് വാന്‍ ഗ്വീഡോയെന്ന പ്രതിപക്ഷ നേതാവ് സ്വയം പ്രസിഡന്റ് പദവി ഏറ്റെടുത്ത സാഹചര്യത്തിലാണ് ഈ നീക്കം.

രണ്ടാഴ്ച മുമ്പാണ് തിരഞ്ഞെടുപ്പ് വിജയം അവകാശപ്പെട്ട നിക്കോളാസ് മഡൂറോ വീണ്ടും ഭരണത്തിലേറിയത്. എന്നാല്‍ വ്യാപക ക്രമക്കേടുകള്‍ ആരോപിച്ച് പ്രതിപക്ഷം തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം മേല്‍ക്കൈ നേടിയതോടെ മഡൂറോയും പാര്‍ട്ടിയും കനത്ത പ്രതിസന്ധിയിലായി. അമേരിക്കന്‍ പിന്തുണയോടെ മഡൂറോയെ സ്ഥാനഭ്രഷ്ടനാക്കാനാണ് ഗ്വീഡോയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ശ്രമിക്കുന്നത്.

Explainer: ശ്രീലങ്കയിൽ മുസ്ലിങ്ങൾക്കു നേരെ ആക്രമണങ്ങൾ സംഘടിപ്പിക്കുന്ന ബുദ്ധമത തീവ്രവാദം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍