ആക്രമണത്തെത്തുടര്‍ന്ന് എണ്ണവില കുതിച്ചുയര്‍ന്ന് തിങ്കളാഴ്ച ആറ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി.
അരാംകോ എണ്ണ സംസ്‌കരണ ശാലകളിലെ ഭീകരാക്രമണത്തെകുറിച്ച് സൗദി അറേബ്യയുടെ വിലയിരുത്തലുകളെ ആശ്രയിച്ചായിരിക്കും യുഎസിന്റെ പ്രതികരണം എന്ന് ഡൊണാള്‍ഡ് ട്രംപ്. അസംസ്‌കൃത എണ്ണയ്ക്ക് മിഡില്‍ ഈസ്റ്റിനെ ആശ്രയിക്കുന്നത് കുറച്ചു കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനാണ് അക്രമത്തിനു പിന്നിലെന്ന് യുഎസ് സ്റ്റേറ്റിന്റെ ഊര്‍ജ്ജ സെക്രട്ടറിമാര്‍ കുറ്റപ്പെടുത്തി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂദികള്‍ ഏറ്റെടുത്തുവെങ്കിലും അതിന് ഉപയോഗിച്ച ഡസന്‍ കണക്കിന് ചെറു മിസൈലുകള്‍ ഇറാന്‍ നിര്‍മ്മിതമാണെന്നാണ് അമേരിക്ക ആരോപിക്കുന്നത്.
എന്നാല്‍ ഇറാനാണ് ആക്രമണത്തിനു പിന്നിലെന്നതിന് കൃത്യമായ തെളിവുകള്‍ തങ്ങളുടെ പക്കല്‍ ഇല്ലെന്ന് ട്രംപ് വ്യക്തമാക്കി. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയെ റിയാദിലേക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം നടന്നയുടന്‍ തന്നെ അതിനു പിന്നില്‍ ഇറാനാണെന്ന് പോംപിയോ ആരോപിച്ചിരുന്നു. ആരോപണം തള്ളിയ ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സരീഫ് പോംപിയോ വഞ്ചകനാണെന്നാണ് പറഞ്ഞത്.
‘യെമന്‍ ജനത അവരുടെ ന്യായമായ പ്രതിരോധ അവകാശം വിനിയോഗിക്കുകയാണ് ചെയ്തത്. വര്‍ഷങ്ങളായി യെമനെതിരേ തുടരുന്ന ആക്രമണത്തോടുള്ള പ്രതികരണമായിരുന്നു അരാംകോ ആക്രമണം’ എന്ന് ഹസ്സന്‍ റൂഹാനി പറഞ്ഞിരുന്നു. ആക്രമണത്തില്‍ ഡ്രോണുകളോ മിസൈലുകളോ ആണ് ഉപയോഗിച്ചതെന്ന് മേഖലയിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആക്രമണത്തെത്തുടര്‍ന്ന് എണ്ണവില കുതിച്ചുയര്‍ന്ന് തിങ്കളാഴ്ച ആറ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. അതിനിടെ, ആവശ്യമെങ്കില്‍ യുഎസ് സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വില്‍ നിന്ന് എണ്ണ വിട്ടുനല്‍കാന്‍ അനുമതി നല്‍കിയതായും, ആഗോള എണ്ണ വിതരണം സുഗമമാക്കുന്നതിനായി എണ്ണ പൈപ്പ്‌ലൈന്‍ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നത് വേഗത്തിലാക്കാന്‍ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു.