UPDATES

വിദേശം

‘സ്വര്‍ഗം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നശിപ്പിക്കും, ഹോങ്കോങിനെ സ്വതന്ത്രമാക്കുക’; പോലീസിനെ കബളിപ്പിച്ച് ഫ്ലാഷ് മോബും ഗ്രാഫിറ്റിയും

സംഘങ്ങളായി ചിതറിയ പ്രതിഷേധക്കാര്‍ നിമിഷ നേരങ്ങള്‍കൊണ്ട് സ്ഥലങ്ങള്‍ മാറുകയും പോലീസ് കൂട്ടമായി എത്തുന്നതിനുമുന്‍പ് അപ്രത്യക്ഷമാവുകയും ചെയ്തു.

ജനാധിപത്യ അവകാശങ്ങള്‍ക്കായി പോരാടുന്ന പ്രതിഷേധക്കാര്‍ തെരുവില്‍നിന്നും പിന്മാറാതായതോടെ ഹോങ്കോങിലെ രാഷ്ട്രീയ അശാന്തി ആളിപ്പടരുകയാണ്. ഞായറാഴ്ച രാത്രി ഫ്‌ലാഷ് മോബ് പ്രകടനങ്ങള്‍ നടത്തിയാണ് പ്രതിഷേധക്കാര്‍ പോലീസിനെ സമര്‍ത്ഥമായി ഒഴിവാക്കുകയും നിരാശരാക്കുകയും ചെയ്തത്. സംഘങ്ങളായി ചിതറിയ പ്രതിഷേധക്കാര്‍ നിമിഷ നേരങ്ങള്‍കൊണ്ട് സ്ഥലങ്ങള്‍ മാറുകയും പോലീസ് കൂട്ടമായി എത്തുന്നതിനുമുന്‍പ് അപ്രത്യക്ഷമാവുകയും ചെയ്തു. നഗര വ്യാപകമായി ഇന്ന് പണിമുടക്കും ഏഴ് ജില്ലകളില്‍ ഒരേസമയം പ്രതിഷേധവും നടക്കുകയാണ്.

ഹോങ്കോങിന്റെ പടിഞ്ഞാറന്‍ ജില്ലയില്‍ മുമ്പ് ആസൂത്രണം ചെയ്ത റാലിയില്‍ നിന്ന് പ്രതിഷേധക്കാര്‍ നാടകീയമായി പിന്മാറി. അവരെ പ്രധിരോധിക്കാന്‍ സര്‍വ്വ സന്നാഹങ്ങളുമായി പോലീസ് അവിടെ നിലയുറപ്പിച്ചിരുന്നു. എന്നാല്‍ അല്‍പ്പം കിഴക്കോട്ട് നീങ്ങി പ്രധാന ഷോപ്പിംഗ് ജില്ലയായ കോസ്വേ ബേയിലേക്കാണ് സമരക്കാര്‍ പോയത്. പ്രധാന റോഡുകളെല്ലാം കീഴടക്കിയ അവര്‍, മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. അവിടത്തെ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് നിരവധി തവണ കണ്ണീര്‍വാതകം പ്രയോഗിച്ചുവെങ്കിലും പലരും ഇതിനകം മറ്റ് സ്ഥലങ്ങളിലേക്ക് നീങ്ങിയിരുന്നു.

Read: “ചൈനീസ് പതാക ഹോങ് കോങ് പുഴയില്‍” – ജനകീയ പ്രക്ഷോഭം അതിശക്തം

വാന്‍ ചായിലെ ഒരു പാര്‍ക്കില്‍ പ്രതിഷ്ടിച്ചിട്ടുള്ള സ്വര്‍ണ്ണ നിറമുള്ള മന്ദാരത്തിന്റെ പ്രതിമ പ്രധിഷേധക്കാര്‍ അടിച്ചുതകര്‍ത്തു. 1997-ല്‍ ഹോങ്കോങ് ചൈനീസ് നിയന്ത്രണത്തിലേക്ക് തിരിച്ചെത്തിയപ്പോള്‍ ചൈന നല്‍കിയ സമ്മാനമായിരുന്നു അത്. പകരം അവിടെ ‘സ്വര്‍ഗ്ഗം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നശിപ്പിക്കും, ഹോങ്കോങിനെ സ്വതന്ത്രമാക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ സ്‌പ്രേ പെയിന്റുകൊണ്ട് (ഗ്രാഫ്റ്റി) എഴുതിവെച്ചു. വിവാദമായ കുറ്റവാളിക്കൈമാറ്റ ബില്ലിനെതിരേ രണ്ടുമാസം മുമ്പ് തുടങ്ങിയ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ജീവനക്കാരും ആരോഗ്യരംഗത്തെയും സാമ്പത്തികമേഖലയിലെയും ജീവനക്കാരും എത്തിയതോടെ ജനരോഷം പുതിയ തലത്തിലെത്തിയിരിക്കയാണ്.

കുറ്റവാളികളെ ചൈനയടക്കമുള്ള രാജ്യങ്ങള്‍ക്ക് വിചാരണയ്ക്ക് കൈമാറാനുള്ള ബില്‍ നിയമമാക്കില്ലെന്ന് ഹോങ്കോങ് ഭരണാധികാരി കാരിം ലാം അറിയിച്ചെങ്കിലും പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് അറസ്റ്റുചെയ്ത മുഴുവന്‍ പേരെയും വിട്ടയക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, ക്രിമിനല്‍ പ്രവര്‍ത്തനമാണ് ഹോങ്കോങ്ങില്‍ നടക്കുന്നതെന്നാണ് ചൈന പറയുന്നത്. തുടരാന്‍ അനുവദിക്കില്ലെന്നും ശക്തമായി നേരിടുമെന്നും മുന്നറിയിപ്പ് നല്‍കിയ ചൈനീസ് അധികൃതര്‍ പ്രക്ഷോഭം നേരിടാന്‍ സൈനികര്‍ തയ്യാറെടുപ്പു നടത്തുന്നതിന്റെ വീഡിയോയും പുറത്തുവിട്ടിരുന്നു.

Read: കാശ്മീരിൽ എന്താണ് ഇന്നലെ അർധരാത്രി മുതൽ സംഭവിക്കുന്നത്?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍