UPDATES

വിദേശം

വൈറ്റ് ഹൗസിലും പരിസരങ്ങളിലും ഇസ്രായേല്‍ ചാര ഉപകരണങ്ങള്‍ സ്ഥാപിച്ചതായി റിപ്പോര്‍ട്ട്; ആരോപണം തളളി ഇസ്രായേല്‍

ഡൊണാള്‍ഡ് ട്രംപിനെയും കൂട്ടാളികളെയും നിരീക്ഷിക്കുന്നതിനു വേണ്ടിയാണ് ഇങ്ങിനെയൊരു ചാരപ്പണി ചെയ്തതെന്ന് യു.എസ് സര്‍ക്കാര്‍ വിലയിരുത്തുന്നതായി വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു

അമേരിക്കന്‍ തലസ്ഥാനത്തെ വൈറ്റ് ഹൗസ് അടക്കമുള്ള പ്രധാന ഇടങ്ങളിലെല്ലാം ഇസ്രായേല്‍ മൊബൈല്‍ ഫോണ്‍ ചാര ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. മൂന്ന് മുന്‍ യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് ‘പൊളിറ്റിക്കോ’ വെബ്‌സൈറ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫോണ്‍ കോളുകളുടെ ഉള്ളടക്കമടക്കം വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ടെലികമ്മ്യൂണിക്കേഷന്‍ ടവറുകളെ അനുകരിക്കുന്ന തരത്തിലുള്ള മിനിയേച്ചര്‍ നിരീക്ഷണ ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.

ഡൊണാള്‍ഡ് ട്രംപിനെയും കൂട്ടാളികളെയും നിരീക്ഷിക്കുന്നതിനു വേണ്ടിയാണ് ഇങ്ങിനെയൊരു ചാരപ്പണി ചെയ്തതെന്ന് യു.എസ് സര്‍ക്കാര്‍ വിലയിരുത്തുന്നതായി വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വാര്‍ത്ത ‘ശുദ്ധ നുണയാണെന്നാണ്’ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചത്. ‘യുഎസില്‍ ഒരുതരത്തിലുമുള്ള രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടരുതെന്ന’ ദീര്‍ഘകാല പ്രതിബദ്ധതയുള്ള രാഷ്ട്രമാണ് ഇസ്രായേല്‍ എന്ന് അവര്‍ പറയുന്നു.

അമേരിക്കന്‍ ചരിത്രത്തില്‍ ഇസ്രായേലിനെ ഇത്രമാത്രം പിന്തുണച്ചിട്ടുള്ള മറ്റൊരു ഭരണകൂടവും ഉണ്ടായിട്ടില്ല. ചാരപ്രവര്‍ത്തനം ബോധ്യപ്പെട്ടിട്ടും സഖ്യകക്ഷിയെ പിണക്കാന്‍ ട്രംപ് തയ്യാറല്ല എന്നാണ് ബോധ്യമാകുന്നതെന്ന് മൂന്ന് മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും ഉറപ്പിച്ചു പറയുന്നു. അവര്‍ ആരാണെന്ന് ഇതുവരെ ഒരു സൂചനയും ഇല്ല. ‘ട്രംപ് ഭരണകൂടത്തിന്റെ പ്രതികരണം… കഴിഞ്ഞ ഭരണകാലത്ത് (ഒബാമ ഭരണകാലം) ഉണ്ടായിരുന്നതിനേക്കാള്‍ വളരെ വ്യത്യസ്തമായിരുന്നു. മറ്റൊരു രീതിയിലാണ് ഈ ഭരണകൂടം കാര്യങ്ങളെ അഭിസംബോധന ചെയ്യുന്നത്’ എന്ന് ഒരു മുന്‍ മുതിര്‍ന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് പൊളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്തു.

എഫ്ബിഐയും മറ്റ് ഏജന്‍സികളും സ്റ്റിംഗ് റേസ് എന്നറിയപ്പെടുന്ന ഉപകരണങ്ങളുടെ വിശദമായ ഫോറന്‍സിക് വിശകലനം നടത്തിയപ്പോള്‍ ഇസ്രയേലികളാണ് ഉത്തരവാദികളെന്ന് വ്യക്തമായിരുന്നുവെന്നാണ് പറയപ്പെടുന്നത്. വാഷിംഗ്ടണിലെ ഇസ്രയേല്‍ എംബസി വക്താവ് എലാഡ് സ്‌ട്രോഹ്മയര്‍ ആരോപണം നിഷേധിച്ചു. ‘ആരോപണങ്ങള്‍ തികച്ചും അസംബന്ധമാണ്. അമേരിക്കയില്‍ ചാരപ്രവര്‍ത്തനം ഇസ്രായേല്‍ നടത്താറില്ല’ എന്നാണ് അദ്ദേഹം പറഞ്ഞത്. വൈറ്റ് ഹൗസ്, ആഭ്യന്തര സുരക്ഷാ വകുപ്പ്, എഫ്ബിഐ, യുഎസ് സീക്രട്ട് സര്‍വീസ് എന്നീ ഏജന്‍സികളൊന്നും വാര്‍ത്തയോട് പ്രതികരിക്കാന്‍ തയ്യാറായില്ല എന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.

Read: ഹീറോ അല്ല ഷീറോ; അപമാനിക്കപ്പെട്ടവരില്‍നിന്ന് അംഗീകാരം പൊരുതി നേടിയെടുത്ത ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ കൂട്ടായ്മയുടെ വിജയം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍