UPDATES

വിദേശം

നെതന്യാഹുവിന് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിഞ്ഞില്ല, ഇസ്രായേലില്‍ വീണ്ടും തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു

ഒരു പുതിയ സര്‍ക്കാര്‍ രൂപപ്പെടുന്നതുവരെ നെതന്യാഹു ഇടക്കാല നേതാവായി തുടരും.

പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബെഞ്ചമിന്‍ നെതന്യാഹുവിന് കഴിയാതെ വന്നതോടെ ഇസ്രായേലില്‍ മറ്റൊരു തിരഞ്ഞെടുപ്പിന് കളമൊരുങ്ങി. കഴിഞ്ഞ മാസമാണ് ഇസ്രായേലില്‍ പൊതു തിരഞ്ഞെടുപ്പ് നടന്നത്. നെതന്യാഹുവിന്റെ ഉറ്റ സഖ്യകക്ഷിയും പിന്നീട് പ്രധാന എതിരാളിയുമായി മാറിയ മുന്‍ പ്രതിരോധ മന്ത്രി അവിഗ്‌ഡോര്‍ ലിബര്‍മാന്‍ പ്രധാനമന്ത്രിക്ക് പിന്തുണ നല്‍കാന്‍ വിസമ്മതിച്ചതാണ് എല്ലാ സന്ധി ചര്‍ച്ചകളും അവസാനിപ്പിച്ചത്.

ഇസ്രയേല്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ നെതന്യാഹുവിന് ലിബര്‍മാന്റെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ‘ഇസ്രയേല്‍ ബെയതേനു’വിന്റെ പിന്തുണ അനിവാര്യമായിരുന്നു. ‘ലിബര്‍മാന്റെ രാഷ്ട്രീയ അഹങ്കാരമാണ് രാജ്യത്തെ മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് വലിച്ചിഴച്ചതെന്ന്’ നെതന്യാഹു തുറന്നടിച്ചു. ഇസ്രായേലിനെ നയിക്കാന്‍ ജനങ്ങള്‍ എന്നെയാണ് തെരഞ്ഞെടുത്തത് എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പാരലമെന്റ് പിരിച്ചുവിടുക എന്ന ആശയം അവതരിപ്പിച്ചത് നെതന്യാഹുവിന്റെ ‘ലികുഡ് പാര്‍ട്ടി’യാണ്. പൊതു തെരഞ്ഞെടുപ്പ് കഴിഞ്ഞ് 42 ദിവസം പിന്നിട്ടിട്ടും ഭരണകൂടം രൂപീകരിക്കാന്‍ ഭൂരിപക്ഷം നേടിയ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. അതോടെ മറ്റൊരു കക്ഷിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ വിളിക്കാന്‍ പ്രസിഡന്റ് റുവെന്‍ റിവ്‌ലിന്‍ തയ്യാറെടുക്കുകയായിരുന്നു. അതിനെ മറികടക്കാനാണ് നെതന്യാഹു ശ്രമിച്ചത്.

ഇസ്രായേലിലെ മറ്റൊരു പ്രധാന പാര്‍ട്ടിയായ ‘ബ്ലൂ ആന്‍ഡ്വൈറ്റ്’ പാര്‍ട്ടിക്കും നെതന്യാഹുവിന്റെ ലികുഡിന് ലഭിച്ച അത്രയും തന്നെ സീറ്റുകള്‍ ഉണ്ട്. അതുകൊണ്ടുതന്നെ ബ്ലൂ ആന്‍ഡ്വൈറ്റിന്റെ നേതാവ് ബെന്നി ഗാന്‍സിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രസിഡന്റ് ക്ഷണിക്കുമായിരുന്നു. ഇസ്രായേലില്‍ ഇതുവരെ ഒരു വര്‍ഷത്തില്‍ തന്നെ രണ്ടു തിരഞ്ഞെടുപ്പുകള്‍ ഉണ്ടായിട്ടില്ല.

ഒരു പുതിയ സര്‍ക്കാര്‍ രൂപപ്പെടുന്നതുവരെ നെതന്യാഹു ഇടക്കാല നേതാവായി തുടരും. ജൂലൈവരെ അദ്ദേഹം അധികാരത്തില്‍ തുടരുകയാണെങ്കില്‍ ഇസ്രായേലിനെ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച പ്രധാനമന്ത്രി എന്ന റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍