UPDATES

വിദേശം

പരമ്പരാഗത കിപ്പ തൊപ്പികള്‍ ധരിക്കുന്ന ജൂതന്മാര്‍ക്ക് മുന്നറിയിപ്പുമായി ജര്‍മ്മന്‍ സര്‍ക്കാര്‍

‘ജൂത വിരോധം എല്ലാ കാലത്തും ഇവിടെ ഉണ്ടായിട്ടുണ്ട്. എന്നാല്‍, സമീപകാലത്താണ് അതിത്രയും രൂക്ഷമാകുന്നത്’ എന്ന് യഹൂദ വിഷയങ്ങളില്‍ പ്രഗത്ഭയായ ക്ലോഡിയ വാനോണി പറഞ്ഞു

യഹൂദവിരുദ്ധ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പരമ്പരാഗത കിപ്പ തൊപ്പികള്‍ ധരിക്കുന്ന ജൂതന്മാര്‍ക്ക് മുന്നറിയിപ്പുമായി ജര്‍മ്മന്‍ സര്‍ക്കാര്‍. ‘ജര്‍മനിയില്‍ എല്ലായിടത്തും എല്ലാ സമയും കിപ്പ തൊപ്പി ധരിക്കണമെന്ന് ഒരിക്കലും ഞാന്‍ യാഹൂദരോട് പറയില്ലെന്ന്’ ജര്‍മ്മന്‍ കമ്മീഷണര്‍ ഫെലിക്‌സ് ക്ലൈന്‍ പറഞ്ഞു. യഹൂദര്‍ക്കായി ജര്‍മ്മന്‍ സര്‍ക്കാര്‍ പുതിയൊരു ഭരണ വകുപ്പിന് രൂപം നല്‍കിയിരുന്നു. അതിന്റെ തലവനാണ് അദ്ദേഹം.

‘ഇന്റര്‍നെറ്റും സമൂഹ മാധ്യമങ്ങളും സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. എന്തൊക്കെയാണ് അംഗീകൃതമായതും അല്ലാത്തതുമായ കീഴ്‌വഴക്കങ്ങളെന്ന് തിരിച്ചറിയാനുള്ള പ്രാഗത്ഭ്യം പോലീസിനും, അദ്ധ്യാപകര്‍ക്കും, വക്കീലന്മാര്‍ക്കുമെല്ലാം വേണം’ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജര്‍മ്മിനിയിലെ പൊതു ഇടങ്ങളില്‍ അക്രമത്തിന് ഇരകളാകുന്ന യഹൂദന്മാര്‍ അവരുടെ ആചാരങ്ങള്‍ പിന്തുടരുതെന്ന് പ്രഖ്യാപിക്കുന്ന ആദ്യത്തെ ഫെഡറല്‍ സര്‍ക്കാര്‍ പ്രതിനിധിയാണ് ക്ലൈന്‍. എന്നാല്‍ അത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നും, അത് അദ്ദേഹം പിന്‍വലിച്ചു എന്ന വാദവുമായി സര്‍ക്കാര്‍ വക്താക്കളും രംഗത്തെത്തിയിട്ടുണ്ട്.

‘ജൂത വിരോധം എല്ലാ കാലത്തും ഇവിടെ ഉണ്ടായിട്ടുണ്ട്. എന്നാല്‍, സമീപകാലത്താണ് അതിത്രയും രൂക്ഷമാകുന്നത്’ എന്ന് യഹൂദ വിഷയങ്ങളില്‍ പ്രഗത്ഭയായ ക്ലോഡിയ വാനോണി പറഞ്ഞു. ജര്‍മ്മനിയിലെ യഹൂദര്‍ക്കെതിരായ ആക്രമണങ്ങളുടെ എണ്ണം 2017-ല്‍ 1504 ആയിരുന്നത് 2018-ല്‍ 1,646 ആയി വര്‍ദ്ധിച്ചു – 10 ശതമാനം വര്‍ധന, എന്ന് ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇത് രാജ്യത്തിനുതന്നെ അപമാനമാണെന്നും, പോലീസ് സദാ ജാഗരൂകമാണെന്നും നീതിന്യായ വകുപ്പ് മന്ത്രി കത്രീന ബാര്‍ലി പറഞ്ഞു. അതേസമയം, കൂണ്‍പോലെ പൊന്തിവരുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളെ തീവ്ര ചിന്താഗതിക്കാരായ ആളുകള്‍ അവരുടെ താല്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതായും, സ്‌ക്രീനു പിറകില്‍ ഒളിഞ്ഞിരുന്നു കൊണ്ടുള്ള ഇത്തരം പ്രവണതകള്‍ വര്‍ധിച്ചു വരുന്നുണ്ടെന്നും കത്രീന അഭിപ്രായപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍