UPDATES

വിദേശം

1800-കളെ ഓര്‍മ്മിപ്പിച്ച് അമേരിക്കന്‍ പോലീസ്; കറുത്തവംശജനെ കയറുകൊണ്ട് ബന്ധിച്ച് തെരുവിലൂടെ നടത്തിച്ചു

1800-കളില്‍ അടിമകളെ കൊണ്ടുപോയിരുന്നതിനെ അനുസ്മരിപ്പിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നതെന്ന് പല ആഫ്രിക്കന്‍ അമേരിക്കക്കാരും പറയുന്നു.

കുറ്റവാളിയെന്ന് ആരോപിക്കുന്ന കറുത്തവംശജനെ കൈകള്‍ രണ്ടും പിന്നിലേക്കാക്കി കയറുകൊണ്ട് ബന്ധിച്ച് തെരുവിലൂടെ വലിച്ചുകൊണ്ടുപോയി ടെക്‌സസ് പോലീസ്. വെളുത്ത വര്‍ഗ്ഗക്കാരായ പോലീസ് അയാളെ വിജനമായ തെരുവിലൂടെ നടത്തിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രണ്ടു കുതിരപ്പുറത്ത് ഇരിക്കുന്ന പോലീസുകാര്‍ ആ മനുഷ്യനെ ഇരുവരുടേയും നടുവിലാക്കി നടത്തിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം.

ക്രിമിനല്‍ അതിക്രമം നടത്തിയെന്ന് ആരോപിച്ചാണ് ഉദ്യോഗസ്ഥര്‍ ബ്രാന്‍ഡന്‍ നീലിയെന്ന ആ കറുത്ത വര്‍ഗ്ഗക്കാരാനെ അറസ്റ്റ്‌ചെയ്ത് കൊണ്ടുപോയത്. ടെക്‌സസിലെ ദ്വീപ് നഗരമായ ഗാല്‍വെസ്റ്റണിലാണ് ശനിയാഴ്ച മനുഷ്യത്വവിരുദ്ധമായ ഈ സംഭവം നടന്നത്. 1800-കളില്‍ അടിമകളെ കൊണ്ടുപോയിരുന്നതിനെ അനുസ്മരിപ്പിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നതെന്ന് പല ആഫ്രിക്കന്‍ അമേരിക്കക്കാരും പറയുന്നു.

പ്രതിഷേധം ശക്തമായതോടെ ഗാല്‍വെസ്റ്റണ്‍ പോലീസ് മേധാവി വെര്‍നോണ്‍ ഹേല്‍ സംഭവത്തില്‍ മാപ്പു പറഞ്ഞു. ‘സാഹചര്യത്തെ ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്ത രീതി വളരെ മോശമായിരുന്നുവെന്നും ഒരു വാഹനം വരുന്നതുവരെ കാത്തുനില്‍ക്കാമായിരുന്നുവെന്നും’ പോലീസ് മേധാവി പറഞ്ഞു.

അടിയന്തിര സാഹചര്യങ്ങളില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരാണവര്‍. ആഫ്രിക്കന്‍ അമേരിക്കക്കാരോട് പോലീസ് പെരുമാറുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായ ഈ ക്രൂരമായ നടപടി ഒരു പുനര്‍വിചിന്തനത്തിന് കാരണമായി എന്നാണ് ഹേല്‍ പറഞ്ഞത്.

‘ഈ പ്രവര്‍ത്തി ഉണ്ടാക്കിയേക്കാവുന്ന തെറ്റായ ധാരണകളെ കുറിച്ച് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഒപ്പം, ഈ രീതിയില്‍ പ്രതികളെ അറസ്റ്റുചെയ്യുന്നത് അവസാനിപ്പിക്കാനുള്ള സമയമായി എന്നും വിശ്വസിക്കുന്നു’ എന്ന് പോലീസ് വകുപ്പ് ഫേസ്ബുക്കില്‍ ഇട്ട വിശദീകരണ കുറിപ്പില്‍ പറയുന്നു. നീലിയെ അറസ്റ്റ്‌ചെയ്ത് ഉടന്‍ തന്നെ വിട്ടയച്ചതായാണ് വിവരം.

Read: “ബിജെപിയുടെ വര്‍ഗീയ ഭരണകൂടത്തിന് കീഴില്‍ ഇന്ത്യയിലെ മുസ്ലിം ജനത ഏത് തരത്തിലാണ് പരിഗണിക്കപ്പെടുന്നതെന്ന് ലോകത്തെ ബോധ്യപ്പെടുത്തും”: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍