UPDATES

വിദേശം

പാകിസ്താനില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ കലാപം നടത്തിയ 43 പേര്‍ അറസ്റ്റില്‍; മതനിന്ദ കുറ്റം തെളിഞ്ഞാല്‍ പ്രിന്‍സിപ്പാളിന് വധശിക്ഷ ലഭിക്കും

പ്രതിഷേധക്കാര്‍ സ്‌കൂള്‍ അടിച്ചു തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പാകിസ്താനിലെ മനുഷ്യാവകാശ കമ്മീഷനാണ് പുറത്തുവിട്ടത്.

സ്‌കൂള്‍ പ്രിന്‍സിപ്പാലിനെതിരായ മതനിന്ദ ആരോപണത്തെ തുടര്‍ന്ന് പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ കലാപം ഉണ്ടാക്കിയതിന് നിരവധിപേരെ അറസ്റ്റുചെയ്തു. സിന്ധ് പബ്ലിക് സ്‌കൂളിന്റെ ഉടമകൂടിയായ പ്രിന്‍സിപ്പാള്‍ മുഹമ്മദ് നബിയെക്കുറിച്ച് പറഞ്ഞ അഭിപ്രായമാണ് വിവാദത്തിന് കാരണമായത്. അതോടെ ഘോട്കി പട്ടണത്തിലെ ഹിന്ദു ക്ഷേത്രത്തിനും കടകള്‍ക്കും സ്‌കൂളിനും നേരെ ശനിയാഴ്ച ഒരു വലിയ ജനക്കൂട്ടം ആക്രമണം നടത്തി.

മതനിന്ദ ആരോപണം നേരിടുന്ന പ്രിന്‍സിപ്പാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. കുറ്റം തെളിഞ്ഞാല്‍ പാകിസ്താനിലെ നിയപ്രകാരം വധശിക്ഷയാണ് ലഭിക്കുക. കലാപകാരികള്‍ക്കെതിരേയും മതനിന്ദാ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.  കലാപം നടത്തിയ 43 പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്ന് പാക് മാധ്യമം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ കലാപത്തിനിടെ നടത്തിയ കൊള്ളയ്ക്കും അക്രമണത്തിനും നിരവധിപേര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ക്ഷേത്രം ആക്രമിച്ചുവെങ്കിലും കടുത്ത ശിക്ഷ ലഭിച്ചേക്കില്ല എന്നാണ് വിലയിരുത്തല്‍.

Read: മതനിന്ദ ആരോപിച്ച് ഹിന്ദു അധ്യാപകനെതിരെ കേസ്; പാകിസ്താനിലെ സിന്ധ് പബ്ലിക് സ്‌കൂള്‍ അടിച്ചു തകര്‍ത്തു

’12 മണിക്കൂറിനുള്ളില്‍ ഗോട്കിയിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലായതായി’ അഡീഷണല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഡോ. ജമില്‍ അഹമ്മദ് ട്വീറ്റ് ചെയ്തിരുന്നു. കലാപത്തിനെതിരെ സമൂഹ മാധ്യമങ്ങളിലും വ്യാപകമായ പ്രധിഷേധം ഉയര്‍ന്നു. അത് പാകിസ്താനിലെ ക്രൂരമായ മതനിന്ദാ നിയമങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വ്യാപകമായി നടക്കുന്ന നിലയിലെത്തി. പ്രതിഷേധക്കാര്‍ സ്‌കൂള്‍ അടിച്ചു തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പാകിസ്താനിലെ മനുഷ്യാവകാശ കമ്മീഷനാണ് പുറത്തുവിട്ടത്. സംഭവത്തില്‍ കമ്മീഷന്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ന്യൂനപക്ഷ ഹിന്ദു സമുദായത്തെ സംരക്ഷിക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സിന്ധ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. പ്രദേശത്തെ ക്രമസമാധാന നില നിലവില്‍ പോലീസിന്റെ നിയന്ത്രണത്തിലാണെന്ന് ഘോട്കി സീനിയര്‍ പോലീസ് സൂപ്രണ്ട് ഫാറൂഖ് ലഞ്ചര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Read: ഹിന്ദുത്വയുടെ വംശശുദ്ധി പാഠങ്ങളും നമ്മുടെ പൊതുവിദ്യാഭ്യാസവും; ഭയപ്പെടുത്തുന്ന നിശബ്ദതയുടെ കാലം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍